രാഷ്ട്രപതിയുടെ നിര്‍ദേശവും അദ്വാനിയുടെ മുന്നറിയിപ്പും വെറുതെയായി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ദൈവത്തെ ഓര്‍ത്തെങ്കിലും ജോലി ചെയ്യണമെന്ന രാഷ്ട്രപതിയുടെ ഉപദേശവും സര്‍ക്കാരിനുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ മുന്നറിയിപ്പും അവഗണിച്ചു പ്രതിപക്ഷവും സര്‍ക്കാരും കടുംപിടുത്തം തുടര്‍ന്നതോടെ ശൈത്യകാലസമ്മേളനത്തിന്റെ 18-ാം ദിവസവും ഇരുസഭകളും സ്തംഭിച്ചു. സഭ നടത്താന്‍ അനുവദിക്കാത്തതില്‍ പ്രതിപക്ഷം മാപ്പുപറയണമെന്ന ഭരണപക്ഷ ആവശ്യമാണു ലോകസഭയില്‍ ബഹളത്തിനു കാരണമായത്.
സഭ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കാന്‍ എഴുന്നേറ്റതോടെയാണ് ബി.ജെ.പി അംഗങ്ങള്‍ രാഷ്ട്രപതിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ മാപ്പ് ആവശ്യപ്പെട്ടത്. ഇതോടെ ഇരുപക്ഷവും വാക്കേറ്റമായി. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. വീണ്ടും ചേര്‍ന്നപ്പോള്‍ നോട്ട് വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാണെന്ന് ഖാര്‍ഗെ വ്യക്തമാക്കി. എന്നാല്‍, ഇതുവരെ പ്രതിപക്ഷം ബഹളമുണ്ടാക്കി സഭ തടസപ്പെടുത്തുകയായിരുന്നെന്നും അതിനു മാപ്പുപറയണമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം ചര്‍ച്ചയ്ക്കു തയാറായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്, തൃണമൂല്‍, ഇടതുപാര്‍ട്ടികള്‍ സഭ നടത്താന്‍ സമ്മതിച്ചില്ല. സംഭവത്തില്‍ രാഷ്ട്രപതിക്കു വരെ പ്രതികരിക്കേണ്ടി വന്നു. പ്രതിപക്ഷം മാപ്പു പറഞ്ഞേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധിക്കാനുള്ള സ്ഥലം ജന്തര്‍ മന്ദറാണെന്നും പാര്‍ലമെന്റല്ലെന്നും ബി.ജെ.പിയുടെ മീനാക്ഷി ലേഖി പറഞ്ഞു. ബഹളം കനത്തതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളമുണ്ടായതോടെ സഭ ഇന്നത്തേക്കു പിരിയുകയായിരുന്നു.
നോട്ട് വിഷയത്തോടൊപ്പം ഗോതമ്പിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതും രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചു. തുടര്‍ച്ചയായ ബഹളത്തില്‍ സഭ പലതവണ പിരിഞ്ഞു. കോണ്‍ഗ്രസ്, ബി.എസ്.പി, ജെ.ഡി.യു അംഗങ്ങള്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. രാജ്യത്ത് ഗോതമ്പിനു ക്ഷാമമില്ലെന്നും എന്നാല്‍, ആഭ്യന്തര വിലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനാണ് പുതിയ നടപടിയെന്നായിരുന്നു ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാന്‍ നല്‍കിയ മറുപടി. സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയാണു സഭയില്‍ ഇന്നലെ വിഷയം ഉന്നയിച്ചത്. ഗോതമ്പ് വിഷയത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ആവശ്യപ്പെട്ടു സി.പി.എം നോട്ടിസ് നല്‍കിയിരുന്നു.
കുത്തകകള്‍ വന്‍ ലാഭം കൊയ്യുമ്പോള്‍ രാജ്യത്തെ കര്‍ഷകരെ തകര്‍ക്കുന്ന നടപടിയാണിതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ചര്‍ച്ച നടന്നിരിക്കെ യെച്ചൂരിയുടെ അടിയന്തര പ്രമേയത്തിനുള്ള നോട്ടിസ് അനുവദിക്കരുതെന്ന് ബി.ജെ.പിയുടെ ഭൂപീന്ദര്‍ യാദവ് ആവശ്യപ്പെട്ടു. ഇതിനോടു യോജിച്ച ഉപാധ്യക്ഷ്യന്‍ പി.ജെ കുര്യന്‍ നോട്ടിസ് തള്ളി.
അതിനിടെ, പണത്തിനായി വരിനില്‍ക്കുന്നതിനിടെ മരിച്ച 111 പേര്‍ക്കു സഭയില്‍ അനുശോചനം അര്‍പ്പിക്കണമെന്ന് തൃണമൂലിന്റെ സുകേന്ദു ശേഖര്‍ റോയ് ആവശ്യപ്പെട്ടു. സഭ ശൂന്യവേളയിലേക്കു കടന്നതോടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. പിന്നീട് ചോദ്യോത്തര വേളക്കായി ചേര്‍ന്നപ്പോഴും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ഭരണപക്ഷവും ബഹളംവച്ചു. ബഹളത്തിനിടെ ഒന്നും നടക്കില്ലെന്നു വ്യക്തമാക്കിയ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി ബഹളം രൂക്ഷമായതോടെ സഭ പിരിച്ചുവിട്ടു. രണ്ടര മണിക്ക് എം.പിമാരുടെ സ്വാകാര്യ ബില്ലുകള്‍ പരിഗണനയ്‌ക്കെടുക്കാനായി ചേര്‍ന്നപ്പോള്‍ ക്വാറം തികയാത്തതു മൂലം ഇന്നത്തേക്കു നിര്‍ത്തിവച്ചു.
ഇനി മൂന്നു പ്രവൃത്തി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നോട്ട് വിഷയത്തിലുടക്കി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഏറെക്കുറേ പൂര്‍ണമായി ബഹളത്തില്‍ മുങ്ങിപ്പിരിഞ്ഞെന്നു പറയാം. നബിദിനം പ്രമാണിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധിയായതിനാല്‍ ഇനി ബുധനാഴ്ചയേ ഇരുസഭകളും സമ്മേളിക്കൂ. 16നു ശീതകാല സമ്മേളനം അവസാനിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."