വ്യാപാരമേഖല പ്രതിസന്ധിയിലേക്ക്; 30 ശതമാനം കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികള്‍
കാസര്‍കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധനത്തെ തുടര്‍ന്നു ജില്ലയിലെ വ്യാപാരമേഖല പ്രതിസന്ധിയില്‍. സാധാരണയായി നടക്കുന്ന കച്ചവടത്തിന്റെ 30 ശതമാനം പോലും ഇപ്പോള്‍ നടക്കുന്നില്ലെന്നു വ്യാപാരികള്‍ പറഞ്ഞു. വരുമാനത്തില്‍ കുറവു വന്നതോടെ തൊഴിലാളികളുടെ വേതനവും കടയുടെ വാടകയും നല്‍കാനാവുന്നില്ലെന്നും ഈ സ്ഥിതി തുടരുകയാണെങ്കില്‍ ആറു മാസത്തിനകം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നോട്ട് നിരോധനം ഏര്‍പ്പെടുത്തി ഒരുമാസം പിന്നിട്ടിട്ടും സ്ഥിതിഗതികള്‍ അത്യന്തം വഷളാകുന്നതല്ലാതെ സാധാരണക്കാരന് ഒരുഗുണവും ലഭിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഉപകാരമാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം കാരണമാണു സമരത്തിനിറങ്ങാന്‍ വ്യാപാരികള്‍ മടിച്ചുനിന്നത്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ നയത്തില്‍ ഒരു ചെറിയ ഇളവു പോലും പലിശയിനത്തില്‍ കൊണ്ടുവന്നിട്ടില്ല. കോംപൗണ്ട് ഫീസിനത്തില്‍ സംസ്ഥാനത്ത് 2700കോടിയുടെ കുടിശികയാണു നിലവിലുള്ളത്. ചില്ലറ ക്ഷാമം പരിഹരിക്കുക, പഴയ സ്വര്‍ണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം ഒഴിവാക്കുക, വ്യാപാരികള്‍ക്കു മോറിട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട് വിദ്യാനഗര്‍ എസ്.ബി.ഐ ബാങ്കിലേക്കു 14നു വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ടി.എം ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, അശോകന്‍ നായര്‍, ബി.എം അബ്ദുല്‍ കബീര്‍, നാരായണ പൂജാരി, മുഹമ്മദലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."