ഇരട്ട നാഴികക്കല്ലുകള്‍ പിന്നിട്ട് അശ്വിന്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ 23ാം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് ഇരട്ട നാഴികക്കല്ലുകള്‍ പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ 23 തവണ അഞ്ചു വിക്കറ്റ് നേട്ടം എന്ന മുന്‍ നായകന് കപില്‍ ദേവിന്റെ റെക്കാര്ഡിനൊപ്പമെത്തിയാണ് അശ്വിന് ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. ഒപ്പം മറ്റൊരു ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിന് തകര്‍ത്തു. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ താരമെന്ന ഏറാപ്പള്ളി പ്രസന്നയുടെ റെക്കോര്‍ഡാണ് അശ്വിന് തിരുത്തിയത്. 1969ല്‍ പ്രസന്ന ഒരു കലണ്ടര്‍ വര്‍ഷം 46 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ വര്‍ഷം അശ്വിന് 48 വിക്കറ്റുകളാണ് കൊയ്തത്.
മുംബെയില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന് ഇരട്ട നേട്ടങ്ങളിലെത്തിയത്. കോച്ച് അനില്‍ കുംബ്ലെയാണ് ഇന്ത്യയ്ക്കു വേണ്ടി ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. കുംബ്ലെ 35 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. അശ്വിന്റെ മുന്നില്‍ ഇനി കുംബ്ലെയും ഹര്‍ഭജനുമാണുള്ളത്. ഹര്ഭജന് 25 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. 67 തവണ അഞ്ചു വിക്കറ്റുകള്‍ കൊയ്ത മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റ് നേട്ടമെന്ന ബൗളര്‍മാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനക്കാരനായി അശ്വിനും ഇടം പിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."