വികസന സ്വപ്നവുമായി ജില്ലാ ആശുപത്രി
കണ്ണൂര്‍: ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ വികസന മാസ്റ്റര്‍ പ്ലാനിന്മേലുള്ള കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്)യുടെ വിശദ പദ്ധതി റിപോര്‍ട്ട് ഉടന്‍ തയ്യാറാവും.
ആശുപത്രി വികസനത്തിനായുള്ള തുക കിഫ്ബി വഴിയാണ് കണ്ടെത്തുന്നത്.ഇതുമായി ബന്ധപ്പെട്ട് ഡി.പി.ആര് തയ്യാറാക്കുന്നതിന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് (കെ.എസ്.ഐ.ഡി.സി) പ്രതിനിധി ജില്ലാ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി.
ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ പുതുതായി നിര്‍മിക്കേണ്ട ബ്ലോക്കുകള്‍, നവീകരിക്കേണ്ട കെട്ടിടങ്ങള്‍, അത്യാധുനിക സംവിധാനങ്ങള്‍ തുടങ്ങിയവ സൂക്ഷ്മമായി പരിശോധിച്ച ശേഷം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് തയ്യാറാക്കി സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 30 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ ആശുപത്രി നവീകരണം നടത്തുന്നത്. ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെ മികച്ച സേവനങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രി നവീകരിക്കാനാണ് പദ്ധതി. അത്യാധുനിക ചികില്‍സാ സംവിധാനങ്ങളൊരുക്കുന്നതോടൊപ്പം പരിസ്ഥിത സൗഹൃദവും സൗന്ദര്യപൂര്‍ണവുമായ പരിസരം ആശുപത്രിയില്‍ സൃഷ്ടിക്കും. നിലവില്‍ വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികില്‍സാ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ വിധത്തില്‍ പുനക്രമീകരിക്കും.
കാത് ലാബ്, സി.സി.യു സംവിധാനങ്ങളോടു കൂടിയ കാര്‍ഡിയോളജി വിഭാഗം ഡയാലിസിസ് വിഭാഗം എന്നിവയുള്‍ക്കൊള്ളുന്ന പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് 50,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളായാണ് നിര്‍മിക്കുക. ജില്ലാ ആശുപത്രിയില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.എസ്.ഐ.ഡി.സി പ്രതിനിധി നെവിന് ബിനോയ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സ് എം.ഡി കെ.വി സുരേന്ദ്രനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."