കിരീട മോഹവുമായി നാലു ടീമുകള്‍
്യഇന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത- മുംബൈ സിറ്റി എഫ്.സി പോരാട്ടം
കൊച്ചി: ലീഗ് പോരാട്ടങ്ങളില്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ടീമുകള്‍ ചാംപ്യന്‍ഷിപ്പ് മോഹവുമായി ഇന്നു മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിന്റെ സെമിയില്‍ അങ്കം തുടങ്ങുകയാണ്. ഒന്നാം സെമിയുടെ ആദ്യ പാദത്തില്‍ കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്നു മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ എടുത്താല്‍ മുംബൈ സിറ്റിക്കാണ് മുന്‍തൂക്കം.
മൂന്നു തവണ മുംബൈ ജയിച്ചു. കൊല്‍ക്കത്ത ഒരു തവണയും ഒരു മത്സരം സമനിലയിലും കലാശിച്ചു. നാളെ കൊച്ചിയില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. രണ്ടാം പാദ സെമി പോരാട്ടങ്ങള്‍ 13നു മുംബൈയിലും 14നു ഡല്‍ഹിയിലുമാണ്. സെമിയിലെത്തിയ നാലു ടീമുകളും വിജയ പ്രതീക്ഷയില്‍ പുതിയ തന്ത്രങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ്.
പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് നാലു വിജയവും എട്ടു സമനിലയും രണ്ടു പരാജയവുമാണ് സമ്പാദ്യം. 23 പോയിന്റുമായി ഒന്നാമതെത്തിയ മുംബൈ ആറു ജയവും അഞ്ചു സമനിലയും മൂന്നു തോല്‍വിയുമാണ് സെമിയില്‍ ഇടം നേടിയത്. അഞ്ചു ജയവും ആറു സമനിലയും മൂന്നു തോല്‍വിയുമായി സെമിയിലെത്തിയ ഡല്‍ഹിയെ ആറു ജയവും നാലു വീതം സമനിലയും തോല്‍വിയും നേടി 12 ഗോളിന്റെ മികവുമായി രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ കൊമ്പന്മാരാണ് നേരിടുന്നത്.
തിളങ്ങിയത് നവാഗത പരിശീലകര്‍
കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ കഴിഞ്ഞ സീസണില്‍ പുറത്തായവര്‍ സെമിയിലെത്തിയതോടെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ തിളങ്ങിയത് നവാഗത പരിശീലകരും അവരുടെ തന്ത്രങ്ങളുമാണ്. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കുറി സെമിയിലെത്തിയതോടെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ചാംപ്യന്മാരാകാമെന്ന പ്രതീക്ഷ പുലര്‍ത്തുന്നു.
ആദ്യ സീസണില്‍ ഫൈനലില്‍ എത്തി കൊല്‍ക്കത്തയോട് അടിയറവു പറഞ്ഞ ബ്ലാസ്റ്റേഴ്‌സിനു മഞ്ഞക്കടല്‍ തീര്‍ക്കുന്ന സ്വന്തം ഫാന്‍സിന്റെ മുന്നില്‍ വിജയ കിരീടം ചൂടാതെ കളിക്കളം വിടാനാവില്ല. അതുകൊണ്ടു തന്നെ ഡല്‍ഹി ഡൈനാമോസിനോടുള്ള അങ്കം മഞ്ഞപ്പടയ്ക്ക് ഏറെ നിര്‍ണായകമാണ്.
ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ വിനീതിലൂടെയാണ് സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങള്‍ വിജയത്തിലെത്തിയതെന്നത് കേരളത്തിനു ഇരട്ടി മധുരം നല്‍കുന്നു. മൂന്നാം സീസണിന്റെ തുടക്കം നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനോടു ഏകപക്ഷീയമായ ഒരു ഗോളിന്റെ പരാജയത്തോടെയായിരുന്നുവെങ്കില്‍ ലീഗിന്റെ അവസാനം അതേ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനു തന്നെ സെമിയില്‍ നിന്നു പുറത്താക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞുവെന്നത് കാവ്യനീതിയായി.
ആരോണ്‍ ഹ്യൂസും മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയുമില്ലാതെ അപൂര്‍ണായ ടീമുമായി ആദ്യ ഘട്ടം കളിച്ചു തീര്‍ത്ത ബ്ലാസ്റ്റേഴ്‌സ് ഇവരുടെ സാന്നിധ്യത്തോടെ അവസാന ഘട്ടത്തില്‍ കളിച്ചു തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ സെമി കാണാതെ പുറത്തുപോയ ബ്ലാസ്റ്റേഴ്‌സും മുംബൈയും പുതിയ പരിശീലകരുടെ നേതൃത്വത്തിലാണ് ലീഗിലെ അവസാന നാലില്‍ ഇടം കണ്ടെത്തിയത്.
രണ്ടു സീസണുകളില്‍ മികച്ച റിസല്‍ട്ടുണ്ടാക്കിയ പരിശീലകരുടെ തന്ത്രങ്ങള്‍ വിഫലമായി പോയപ്പോള്‍ സ്റ്റീവ് കോപ്പലിനെ പോലെ നവാഗതരാണ് സെമിയിലെത്തിയ മറ്റു മൂന്നു ടീമുകളുടെ പരിശീലകരും. സ്പാനിഷ് ക്ലബുകളെ പരിശീലിപ്പിച്ച അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ഹോസെ മൊളിന, റോബര്‍ട്ടോ കാര്‍ലോസിന്റെ പിന്‍ഗാമിയായി സ്ഥാനം ഏറ്റെടുത്ത ഡല്‍ഹി ഡൈനാമോസിന്റെ ജിയാന്‍ ലൂക്ക സാംബ്രോട്ട, 2002 ലോകകപ്പില്‍ കളിച്ച കോസ്റ്റോറിക്കന്‍ ടീമിന്റെ പരിശീലകനായിരുന്ന നിലവില്‍ മുംബൈ സിറ്റി കോച്ചായ അലക്‌സാന്ദ്രോ ഗ്യുമെറസ് എന്നിവരാണ് പുതുമുഖ തന്ത്രജ്ഞര്‍.
എഫ്.സി ഗോവ സീക്കോയേയും ചെന്നൈയിന്‍ എഫ്.സി മാര്‍ക്കോ മെറ്റരാസിയേയും നിലനിര്‍ത്തിയിട്ടും നിരാശയായിരുന്നു ഫലം. കൊല്‍ക്കത്തയെ ആദ്യ സീസണില്‍ കിരീടം അണിയിച്ച സ്പാനിഷ് പരിശീലകന്‍ ആന്റോണിയോ ഹബാസിനെ പരിശീലകനാക്കിയ പൂനെ സിറ്റി എഫ്.സിയും നിരാശപ്പെട്ടു. മൂന്നാം സീസണിലെ ടീമുകളുടെ പ്രകടനത്തിലും നവാഗതരുടെ ഇടപെടല്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചതായി കാണാം.
കഴിഞ്ഞ സീസണുകളില്‍ നിന്നു വിഭിന്നമായി ഇത്തവണ എല്ലാം ടീമുകളും എറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. ഓരോ സീസണ്‍ കഴിയുന്തോറും ഓരോ ടീമുകളും ഒന്നിനൊന്നു മെച്ചപ്പെട്ടുവരുന്നതിന്റെ സൂചന ഈ സീസണിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ആത്മവിശ്വാസത്തോടെ മൊളിനയും ഗ്യുമെറസും
മുംബൈയുടെ പ്രധാന കരുത്തായ സ്‌ട്രൈക്കര്‍മാരെ പൂട്ടിയിടുവാന്‍ തക്ക കരുത്താര്‍ജ്ജിച്ച പ്രതിരോധമാണ് കൊല്‍ക്കത്തയുടേതെന്നും എന്നാല്‍ ആക്രമണത്തിനു തന്നെയാണ് മുന്‍തൂക്കം നല്‍കുന്നതെന്നും കൊല്‍ക്കത്ത പരിശീലകന്‍ ഹോസെ മൊളിന. ഹോം ഗ്രൗണ്ടിലെ മത്സരം മറ്റു ടീമുകള്‍ക്കു അനുഗ്രഹം ആകുമ്പോള്‍ കൊല്‍ക്കത്തയുടെ കാര്യം നേരെ മറിച്ചാണ്. സ്വന്തം ഗ്രൗണ്ടിലെ ഏഴു മത്സരങ്ങളില്‍ ജയിച്ചത് ഒരേ ഒരു മത്സരം മാത്രം. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സമനില പിടിച്ച ടീമും കൊല്‍ക്കത്തയാണ്. എട്ടു മത്സരങ്ങളിലാണ് കൊല്‍ക്കത്ത സമനില വഴങ്ങിക്കൊടുത്തത്. ഇതു കടുത്ത വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കോച്ച് മൊളിനയ്ക്ക് ടീം സെമിയില്‍ ജയിക്കുമെന്നും ഫൈനലിലെത്തുമെന്നും ഉറപ്പ്. എല്ലാ മത്സരവും ജയിക്കാന്‍ വേണ്ടിയാണ് കളിച്ചത്. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തോല്‍വി ഒഴിവാക്കുന്നതിനാണ് സമനിലകള്‍ക്കു വഴങ്ങേണ്ടി വന്നതെന്നു അദ്ദേഹം വിശദീകരിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയും നാലാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ലീഗ് റൗണ്ടിന്റ ആവര്‍ത്തനം ആയിരിക്കുമെന്നു മൊളിനൊ പ്രതീക്ഷിക്കുന്നില്ല. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തിനു ഈ മത്സരത്തില്‍ പ്രസക്തിയില്ലെന്നു മൊളിന തറപ്പിച്ചു പറയുന്നു.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായതിന്റെ മുന്‍തൂക്കം തങ്ങളുടെ ടീമിനുണ്ടെന്നു മുംബൈ കോച്ച് അലക്‌സാന്ദ്രെ ഗ്യുമെറസ് വിശ്വസിക്കുന്നു. ഈ സീസണില്‍ സന്ദര്‍ശക ടീമുകള്‍ക്കു കൊല്‍ക്കത്തയില്‍ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിരുന്നു എന്ന യാഥാര്‍ഥ്യം മാറ്റിവച്ചു ഇതൊരു വ്യത്യസ്ത മത്സരം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ആദ്യമായാണ് സെമി ഫൈനലില്‍ എത്തുന്നത്.
എന്നാല്‍ , കൊല്‍ക്കത്ത കഴിഞ്ഞ രണ്ടു തവണയും സെമി ഫൈനല്‍ കളിച്ചു. മുംബൈ ടീം ആദ്യ സെമിയുടെ ആകാംക്ഷയിലാണ്. ടൂര്‍ണമെന്റിലുടനീളം കാണിച്ച അതേ മികവ് ഒട്ടും നഷ്ടപ്പെടാതെ സെമിയിലും പുറത്തെടുക്കും. മുംബൈയെപ്പോലെ ആക്രമിച്ചു കളിക്കുന്ന ടീമാണ് കൊല്‍ക്കത്തയും. സെമിയുടെ ഫലം തീരുമാനിക്കുന്നതു മുംബൈയിലാണെന്നതും ഗ്യുമെറസ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."