ഡെങ്കിപ്പനി: ജാഗ്രത പാലിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശം
ഡെങ്കിപ്പനി നിവാരണത്തിന് അടിയന്തിര വകുപ്പുതല നടപടികള്‍
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഡെങ്കിപ്പനി നിവാരണത്തിനും കൊതുകിന്റെ ഉറവിട നശീകരണത്തിനും അടിയന്തരമായി വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന് വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഡെങ്കിപ്പനിബാധയെ സംബന്ധിച്ച കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
തൊടുപുഴ മുനിസിപ്പല്‍ പ്രദേശത്തെ ഡെങ്കിപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സേവനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ആവശ്യപ്പെട്ടു. ഡെങ്കി നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും എല്ലാ സഹായസഹകരണങ്ങളും ഉണ്ടായിരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചും ഓരോ വകുപ്പും ദീര്‍ഘവീക്ഷണത്തോടെ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിന്റെ അനിവാര്യതയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
നാളെ ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴ മുനിസിപ്പല്‍ ഹാളില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ക്കുവേണ്ടി ഡെങ്കിപ്പനി നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി നടത്താന്‍ യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനോട് സഹകരിക്കാതിരിക്കുകയോ വിമുഖത കാട്ടുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഡെങ്കിപ്പനി സംബന്ധിച്ച് നിലവിലുള്ള സാഹചര്യം വിശദീകരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.ആര്‍. രേഖ ആരോഗ്യ സംരക്ഷണത്തിനായി കര്‍ശന നടപടികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് പറഞ്ഞു. ഡെങ്കിപ്പിനി യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ വിധേയമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ജില്ലാ സര്‍വ്വെയലന്‍സ് ഓഫീസര്‍ ഡോ. സിതാര മാത്യു വിശദീകരിച്ചു. തൊടുപുഴ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റിന്‍സി ജോഷി, ഡി.പി.എം, ആരോഗ്യവകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍, മുന്‍സിപ്പല്‍ ഹെല്‍ത്ത് സ്റ്റാഫ്, മെഡിക്കല്‍ ഓഫീസേഴ്‌സ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
രണ്ട് പേരെ മെഡിക്കല്‍
കോളജിലേക്ക് മാറ്റി
അടിമാലി: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടിമാലിയില്‍ നിന്നും രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡെങ്കി ലക്ഷണമുളള ഒമ്പത് പേര്‍ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. പ്രത്യേക വാര്‍ഡിലാണ് ഇവര്‍ക്ക് ചികിത്സ ഒരുക്കിയിരിക്കുന്നത്. 11 പേര്‍ക്ക് അടിമാലി മേഖലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്രദ്ധിക്കാന്‍...
* സ്വയം ചികിത്സ ഒഴിവാക്കുക
* വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക
* ഉപയോഗശൂന്യമായ വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
* വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കുക
* റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കുക
* ടെറസില്‍ വെളളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക
* കക്കൂസിന്റെ വെല്‍പൈപ്പ് കൊതുക് വലയിട്ട് മൂടുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."