അരുണാചലില്‍ മരിച്ച മലയാളിയുടെ മൃതദേഹം മൂന്നു ദിവസം പിന്നിട്ടിട്ടും നാട്ടിലെത്തിക്കാനായില്ല
അടിമാലി: അരുണാചല്‍പ്രദേശില്‍ മരിച്ച സര്‍ക്കാര്‍ ഡ്രൈവറായ മധ്യവയസ്‌കന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതെ കുടുംബാംഗങ്ങള്‍. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍പെട്ട ഇരുമ്പുപാലം കണ്ടല്ലൂര്‍ ശങ്കരന്‍നായര്‍ (56) ആണ് കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ ജോലി സ്ഥലത്ത് മരിച്ചത്. ഇവിടെ ലോഹിത് ജില്ലയിലെ കലക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം.
30 വര്‍ഷത്തോളമായി അവിടെ ജോലി നോക്കുന്ന ശങ്കരന്റെ രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം അടിമാലിയിലാണ് താമസം.
കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ വന്നിട്ടു തിരികെ പോയ ശങ്കര്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി വിവിധ രോഗങ്ങള്‍ പിടിപെട്ട് അവശതയിലായിരുന്നു. ജോലിയുടെ ഭാഗമായി തെജു എന്ന സ്ഥലത്ത് തനിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന ചെറിയ കടയില്‍ മൂന്നുദിവസമായി എത്താതിരുന്നതോടെ കടയുടമയായ നേപ്പാളി സ്ത്രീയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുറിയില്‍ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്.
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പര്യടനവുമായി ബന്ധപ്പെട്ട് പൊലിസ് സേനാംഗങ്ങള്‍ പോയിരുന്നതിനാല്‍ മുറി തുറന്ന് മൃതദേഹം എടുക്കാന്‍ വൈകിയതായി ഇവിടെയുള്ള മലയാളി ജീവനക്കാര്‍ പറയുന്നു. ഈ മേഖലയിലുള്ള മലയാളികളില്‍ ഭൂരിഭാഗവും അവധിയ്ക്ക് നാട്ടിലേക്ക് പോന്നിരിക്കുകയാണ്. നാല് മലയാളികള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ഇതില്‍ അവിടുത്തെ ഡി.എം.ഒ ഓഫീസലെ ജീവനക്കാരിയായ പ്രസന്നയാണ് മരണ വിവരം നാട്ടില്‍ അറിയിച്ചത്.
തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ എം.എല്‍.എ, ഡി.എം.ഒ. തുടങ്ങിയവരെ കണ്ട് ഇന്നലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൂന്നു ദിവസമായ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള സൗകര്യം പോലും ഇല്ലാത്ത ഗ്രാമപ്രദേശമാണത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെങ്കില്‍ കേരളത്തില്‍ നിന്നുള്ള ബന്ധുക്കള്‍ അവിടെ എത്തണമെന്നതാണ് അടിമാലിയില്‍ ലഭിച്ച വിവരം.
സാമ്പത്തികമായി അവശത അനുഭവിക്കുന്ന ബന്ധുക്കള്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ അടിമാലി പൊലിസ് സ്‌റ്റേഷനിലെത്തി സി.ഐ ജെ. കുര്യാക്കോസ്, എസ്.ഐ ലാല്‍ സി. ബേബി എന്നിവരെ കണ്ട് തങ്ങളുടെ അവസ്ഥ വിവരിച്ചു. ഇതിനിടെയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ഇടുക്കി ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗനെ അറിയിച്ചു.
തുടര്‍ന്ന് കലക്ടര്‍ അരുണാചല്‍ പ്രദേശിലെ ലോഹിത് ജില്ലാ കലക്ടര്‍ ധനേഷ് അഷ്‌റഫുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എംബാം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്ത് വിമാനചെലവും വഹിക്കാമെന്ന് അറിയിച്ചതായി കലക്ടര്‍ പറഞ്ഞു. ഇതിനിടെ മൃതദേഹത്തെ അനുഗമിക്കാന്‍ പോലും ആളില്ലാതെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങള്‍.
ശങ്കരന്‍നായരുടെ മക്കളായ ശരത് ശങ്കര്‍, ശ്യാം എന്നിവര്‍ അടിമാലിയില്‍ ഡ്രൈവര്‍മാരാണ്. ആലപ്പുഴ കണ്ടല്ലൂര്‍ കുടുംബാംഗം രാധാമണിയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."