ഒരു മാസത്തിനുള്ളില്‍ പവന് കുറഞ്ഞത് 1,520 രൂപ
സുനി അല്‍ഹാദി
കൊച്ചി: സ്വര്‍ണവില കുത്തനെ കുറഞ്ഞിട്ടും വാങ്ങാന്‍ ആളില്ല. സാധാരണ സ്വര്‍ണത്തിന് നേരിയ വില കുറഞ്ഞാല്‍പോലും ആവശ്യക്കാര്‍ ഏറുകയാണ് പതിവ്. നവംബര്‍ എട്ടിന് നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷം ഒരിക്കല്‍ മാത്രമാണ് സ്വര്‍ണത്തിനു വില കൂടിയത്. നവംബര്‍ എട്ടിന് ഗ്രാമിന് 2,860 രൂപയായിരുന്ന സ്വര്‍ണത്തിന് പിറ്റേദിവസം ഗ്രാമിന് 75 രൂപ കൂടി 2,935ലെത്തുകയായിരുന്നു.
നോട്ട് പിന്‍വലിക്കലിനെതുടര്‍ന്ന് സ്വര്‍ണവില വരുംദിവസങ്ങളില്‍ കൂടുതല്‍ ഉയരത്തിലേക്ക് പോകുമെന്ന് ആശങ്ക പരന്നിരുന്നെങ്കിലും വില താഴോട്ട് പോകുകയായിരുന്നു. ഒരുമാസംകൊണ്ട് പവന് 1,520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെട്ടതിനെതുടര്‍ന്ന് നിക്ഷേപം ഡോളറിലേക്ക് തിരിഞ്ഞത് സ്വര്‍ണവില ഇടിയാന്‍ കാരണമായപ്പോള്‍ ആഭ്യന്തരതലത്തില്‍ വിവാഹ സീസണ്‍ ആയിട്ടുപോലും സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറഞ്ഞതാണ് വിലയിടിയാന്‍ കാരണം.
ഉത്തരേന്ത്യയില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നത് ദീപാവലിക്ക് ശേഷമാണ്. നവംബര്‍ മുതല്‍ ജനുവരി വരെ വിവാഹ സീസണ്‍ തുടരുകയും ചെയ്യും. വിവാഹത്തിനും മറ്റും ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുന്നവരില്‍ നല്ലൊരു പങ്കും കര്‍ഷകരാണ്. മഴ കുറഞ്ഞതിനാല്‍ കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും നോട്ടുകള്‍ പിന്‍വലിച്ചതും സ്വര്‍ണത്തിന്റെ ആവശ്യകതയെയും ബാധിച്ചു. കൂടുതല്‍ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാകാത്തതിനാല്‍ വിവാഹത്തിനായി അമ്പതും നൂറും പവനൊക്കെ വാങ്ങുന്നവര്‍ 25 പവനിലൊതുക്കുകയാണിപ്പോള്‍.
നവംബര്‍ 9ന് ഗ്രാമിന് 2,935 രൂപയിലെത്തിയ സ്വര്‍ണവില തൊട്ടടുത്ത ദിവസം തന്നെ 2,860ലേക്ക് താഴുകയായിരുന്നു. നവംബര്‍ 18 വരെ ഈ വില തുടര്‍ന്നെങ്കിലും വിപണിയില്‍ കാര്യമായ ചലനമുണ്ടായില്ല. പിന്നീടിങ്ങോട്ട് വില കുറയുന്ന പ്രതിഭാസമാണുണ്ടായത്. നവംബര്‍ 25ന് ഗ്രാമിന് 2,370 രൂപയായി. നവംബര്‍ 30ന് ഗ്രാമിന് 2,740 ആയിരുന്ന വില ഡിസംബര്‍ ഒന്നിന് 40 രൂപ കുറഞ്ഞ് 2,700ലെത്തിയിരുന്നു. ഡിസംബര്‍ 6വരെ ഈ വില തുടര്‍ന്നെങ്കിലും ഇന്നലെ വീണ്ടും വിലയിടിഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 2,670ലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."