രാജ്യം നേരിടുന്നത് ഹൃദ്രോഗ രംഗത്തെ കടുത്ത വെല്ലുവിളികളെന്ന് വിദഗ്ധര്‍
കൊച്ചി: ഹൃദ്രോഗ രംഗത്തെ കടുത്ത വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കാര്‍ഡിയോളജി വിദഗ്ധര്‍. കൊച്ചിയില്‍ കാര്‍ഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ)യുടെ 68ാമത് വാര്‍ഷിക സമ്മേളനത്തിലെ സെമിനാറില്‍ സംസാരിക്കവെയാണ് ലോകത്തിലെ അഞ്ച് പ്രമുഖ കാര്‍ഡിയോളജിക് സൊസൈറ്റികളുടെ അധ്യക്ഷന്മാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ലോകത്താകമാനം ഹൃദ്‌രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇന്ത്യയിലെ കണക്കുകള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഞെട്ടിക്കുന്നതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ലോകത്താകമാനം പ്രമേഹ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ഗൗരവമായി കാണേണ്ടതാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മാര്‍ക്ക് ഗ്രീഗര്‍ പറഞ്ഞു.
പ്രമേഹ രോഗികളില്‍ രക്ത സമ്മര്‍ദം, കൊളസ്‌ട്രോളിന്റെ അളവ് എന്നിവ കൂടുകയും ഇത് ഹൃദ്‌രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഈ കാരണത്താല്‍ പ്രമേഹ രോഗികള്‍ ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മരണകാരണങ്ങളില്‍ ഹൃദയാഘാതം മുഖ്യ കാരണമാകുന്നതായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ഡോ.സലിം യൂസഫ് ചൂണ്ടിക്കാട്ടി.
ഹൃദ്‌രോഗ ബാധിതരുടെ എണ്ണത്തില്‍ ദേശിയ ശരാശരിയില്‍ കേരളത്തിലെ രോഗികളുടെ എണ്ണം മൂന്നു മടങ്ങായി വര്‍ധിച്ചു. കേരളീയരുടെ ജീവിതരീതിയാണ് ഇതിന് കാരണമെന്നും മലയാളികൂടിയായ സലിം യൂസഫ് പറയുന്നു.
ഹൃദ്‌രോഗങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ചികിത്സാ രംഗത്തുണ്ടാകുന്ന വളര്‍ച്ചയും പ്രതീക്ഷ നല്‍കുന്നതായി യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി നിയുക്ത പ്രസിഡന്റ് ഡോ. ജെയിംസ് ബ്ലാങ്കെന്‍ഷിപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."