സമ്പൂര്‍ണ അടുക്കളത്തോട്ടവുമായി തെങ്ങിലക്കടവ്
മാവൂര്‍: വീടുതോറും അടുക്കളത്തോട്ടമെന്ന ആശയവുമായി മാവൂര്‍ ഗ്രാമപഞ്ചായത്ത് തെങ്ങിലക്കടവ് വാര്‍ഡ്. വിഷം നിറഞ്ഞ പച്ചക്കറി ഉപയോഗം തടയുന്നതിനു വാര്‍ഡിലെ മുഴുവന്‍ വീടുകളിലും തക്കാളി, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികള്‍ വളര്‍ത്തി സ്വയം പര്യാപ്തരാകാനാണ് ലക്ഷ്യമിടുന്നത്.
വാര്‍ഡ് മെമ്പര്‍ കെ. ഉസ്മാന്റെ നേതൃത്വത്തില്‍ പച്ചക്കറിയിലെ ഏറ്റവും അവശ്യ ഇനങ്ങള്‍ വിളയിക്കാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യം. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കല്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് മുഴുവന്‍ വീട്ടിലും അടുക്കളത്തോട്ടം നടപ്പാക്കുന്നത്.
വാര്‍ഡിലെ അയല്‍സഭാ ഭാരവാഹികള്‍ക്ക് അടുക്കളത്തോട്ടം നിര്‍മിക്കുന്നതിലും പരിപാലിക്കുന്നതിലും പരിശീലനം നല്‍കും.
തുടര്‍ന്നുള്ള ഘട്ടത്തില്‍ അയല്‍സഭാ ഭാരവാഹികളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിക്കും. തെങ്ങിലക്കടവ് ഗ്രാമവനത്തില്‍ നടന്ന ചടങ്ങില്‍ തൈകള്‍ വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ. ഉസ്മാന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.എം മാധവന് അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഉണ്ണികൃഷ്ണന്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍ മാവൂര്‍ വിപണി പ്രസിഡന്റ് കെ.പി ശ്രീധരന്, മുന്‍ പഞ്ചായത്ത് അംഗം ഇ. അജിത, പി.കെ നിയാസ്, വി.പി സുഹ്റ, സി.ഡി.എസ് മെമ്പര്‍ ടി. ആയിശ, എം. ശാരദ ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."