ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന അപേക്ഷയുമായി സാജിദ
പേരാമ്പ്ര: ജീവിക്കാനുള്ള അവകാശത്തിനായി സാജിദ മുട്ടാത്ത വാതിലുകളില്ല. അന്നത്തിനു വകതേടിയും മക്കളെ പോറ്റാനും പ്രവാസ ജീവിതം നയിക്കാന്‍ വരെ അവള്‍ തയാറായി. ആവള കടവത്ത്മണ്ണില്‍ കുഞ്ഞബ്ദുല്ലയുടെ മകളായ സാജിദ ആദ്യ വിവാഹത്തില്‍ നിന്നു മോചനം നേടിയതോടെയാണ് പ്രയാസത്തിലാകുന്നത്. ഇതില്‍ രണ്ടു മക്കളുണ്ട്. തന്റെയും ഈ മക്കളുടെയും ജീവിതം വഴിമുട്ടിയപ്പോള്‍ ദുബൈയിലേക്ക് ജോലിക്കായി പോകുകയായിരുന്നു. അവിടെ ഒയാസിസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പ്യൂണായി ജോലി ലഭിച്ചു. അതിനിടെ അവിടെ നിന്ന് പരിചയപ്പെട്ട ചാലിക്കര പൊറേരി പറമ്പത്ത് ബഷീര്‍ സാജിദയോട് വിവാഹാഭ്യര്‍ഥന നടത്തി. സാജിദയുടെ പ്രയാസങ്ങള്‍ മനസിലാക്കി അവളെ സംരക്ഷിക്കാമെന്ന് ബഷീര്‍ വാക്കു നല്‍കുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍ വന്ന് സാജിദയുടെ സ്വദേശമായ ആവള ചെറുവോട്ട് കുന്നത്ത് ജുമാമസ്ജിദില്‍ മഹല്ല് ഖാസിയുടെ കാര്‍മികത്വത്തില്‍ നിക്കാഹ് നടത്തുകയും ചെയ്തു.
ബഷീറിന് ഭാര്യയും മൂന്നു മക്കളും നിലവിലുള്ളപ്പോഴാണ് സാജിദയെക്കൂടി വിവാഹം ചെയ്തത്. പരസ്പരം മനസിലാക്കി നടത്തിയ വൈവാഹിക ജീവിതം ഗള്‍ഫിലും നാട്ടിലും സന്തോഷത്തോടെ തുടര്‍ന്നു. പിന്നീട് ബഷീറിന്റെ ബന്ധുക്കള്‍ സാജിദയെ ഒഴിവാക്കുന്നതിനായി ചരടുവലികള്‍ നടത്തുകയായിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് ബഷീറിന്റെ നീക്കങ്ങളും സാജിദക്കെതിരായായി. 2015 സെപ്റ്റംബര്‍ പത്തിനു സാജിദ തന്റെ ആദ്യ ബന്ധത്തിലുള്ള മകളുടെ വിവാഹത്തിനായി നാട്ടില്‍ വന്നതിനു പിന്നാലെ രണ്ടാഴ്ച കഴിഞ്ഞ് ബഷീറും നാട്ടിലെത്തി. തുടര്‍ന്നാണ് സാജിദക്ക് വീണ്ടും ദുരിതകാലം തുടങ്ങുന്നത്. തന്ത്രത്തില്‍ സജിദയുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കി മുങ്ങിയ ബഷീര്‍ അതു തിരികെ നല്‍കാതെ വഞ്ചിച്ചതോടെ വിസയുടെ കാലാവധി തീര്‍ന്നു. പാസ്‌പോര്‍ട്ട് നല്‍കാതെ ബഷീര്‍ സാജിദയെ മൊഴി ചെല്ലുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് നാലുമാസം കഴിഞ്ഞ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന ബഷീര്‍ സാജിദയെ സംരക്ഷിക്കാനോ ചെലവിനു നല്‍കാനോ തയാറായില്ല. ഗള്‍ഫില്‍ ജോലി ചെയ്തു ജീവിക്കാന്‍ തയാറായിരുന്ന തന്നെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത നിലയില്‍ മാനസികമായി പീഡിപ്പിച്ചുവെന്നും സാജിദ പറയുന്നു.
ഭര്‍തൃവീട്ടുകാരും സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും ബഷീറിന്റെ മാതാവും ആദ്യ ഭാര്യയും നിരന്തരമായ പീഡനവും മര്‍ദനവും തുടര്‍ന്നതോടെ സാജിദ പേരാമ്പ്ര കോടതിയില്‍ നല്‍കിയ ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം എം.സി 2316 നമ്പര്‍ വിധിപ്രകാരം ബഷീറിന്റെ വീട്ടില്‍ താമസിക്കുന്നതിന് ഉത്തരവായി. ഉത്തരവ് പ്രകാരം സാജിദയ്ക്ക് പൊലിസ് സംരക്ഷണം നല്‍കേണ്ടതായിരുന്നു. എന്നാല്‍ നിരന്തരമായി ബഷീറിന്റെ ബന്ധുക്കളും മറ്റും ചേര്‍ന്ന് സാജിദയെ പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
ഇവരുടെ അക്രമത്തില്‍ പരുക്കേറ്റ സാജിദയുടെ കൈക്കും മുഖത്തും മുറിവും ക്ഷതവുമേറ്റു. അതേസമയം കോടതി ഉത്തരവില്‍ സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ പൊലിസ് കള്ളക്കേസെടുത്ത് തന്നെ അറസ്റ്റ് ചെയ്യുകയും പതിനാലു ദിവസം ജയിലിലടക്കുകയും ചെയ്തതായും സാജിദ പറയുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ സാജിദ സംസ്ഥാന പൊലിസ് കംപ്ലയിന്റ് അതോറിറ്റി മുന്‍പാകെ പൊലിസുകാര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം പതിനഞ്ചിനാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ അവകാശ സംരക്ഷണത്തിനായി വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, ഉന്നത പൊലിസ് മേധാവികള്‍ മുന്‍പാകെ പരാതികളും പ്രയാസങ്ങളും സാജിദ നിരത്തിയിട്ടുണ്ട്. ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന അപേക്ഷ മാത്രമാണ് സാജിദയ്ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."