അമിതവേഗക്കാരെ പിടികൂടാന്‍ പൊലിസും ആര്‍.ടി.ഒയും ഒന്നിക്കുന്നു
കോഴിക്കോട്: അമിതവേഗതയില്‍ കുതിച്ചുപായുന്ന വാഹനങ്ങള്‍ക്ക് ഇനി പൊലിസിനെ വെട്ടിച്ചു രക്ഷപ്പെടാനാകില്ല. ഇത്തരം വാഹനങ്ങളെ ഏതുവിധേനയും പിടികൂടാന്‍ പൊലിസും മോട്ടോര്‍ വാഹന വകുപ്പും ഒന്നിക്കുന്നു. കൂടാതെ ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റം നിരീക്ഷിക്കാന്‍ ബസുകളില്‍ കാമറ, ജി.പി.എസ് സംവിധാനവും ഏര്‍പ്പെടുത്തും. നിരത്തുകളില്‍ കാമറകള്‍ സ്ഥാപിച്ചുള്ള നിരീക്ഷണവും ശക്തിപ്പെടുത്തും. ഇവയ്‌ക്കെല്ലാം പുറമെ ജങ്ഷനുകളില്‍ പുതുതായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. അപകടത്തിനു കാരണമാകുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. നഗര റോഡുകളില്‍ അപകട മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലിസ്-ട്രാന്‍സ്‌പോര്‍ട്ട് സംയുക്ത പരിശോധന ശക്തമാക്കണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച നിയമത്തിലെ അപാകത കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. നേരത്തെ സമയക്രമം പാലിച്ചായിരിന്നു റൂട്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ അപേക്ഷ നല്‍കുന്ന ആര്‍ക്കും പെര്‍മിറ്റ് അനുവദിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും മന്ത്രി അറിയിച്ചു. ബസ് ഡ്രൈവര്‍മാര്‍ക്ക് പൊലിസ്-ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നല്‍കാനും നീക്കമുണ്ട്. നഗരത്തില്‍ വിവിധ ഇടങ്ങളിലായി പൊലിസ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ജീവനക്കാരുടെയും എന്‍.എസ്.എസ് സ്‌കൗട്ട്, സ്റ്റുഡന്റ് പൊലിസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെയും കൂട്ടായ്മയില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മുഹമ്മദ് നജീബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."