മൊബൈല്‍ഷോപ്പ് ഉടമയും സഹായിയും പിടിയില്‍
പെരിന്തല്‍മണ്ണ: വ്യാജതിരിച്ചറിയല്‍ രേഖകളുണ്ടാക്കി മൊബൈല്‍ കമ്പനികളില്‍ നിന്നും സിംകാര്‍ഡുകള്‍ വാങ്ങി വില്‍പ്പന നടത്തിയ മൊബൈല്‍ഷോപ്പ് ഉടമയും സഹായിയും പെരിന്തല്‍മണ്ണയില്‍ പിടിയില്‍. തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി സംഘടിപ്പിച്ച് അതുപയോഗിച്ച് മൊബൈല്‍ സിംകാര്‍ഡുകള്‍ വാങ്ങി വില്‍പ്പന നടത്തിയ രണ്ട് പേരെയാണ് ജില്ലാ പൊലിസ് മേധാവി ദേഭേഷ്കുമാര് ബെഹ്റയുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ വലമ്പൂര്‍ സ്വദേശികളായ ഉള്ളാട്ടില്‍ റഷീദ്(24), തച്ചന്‍കുന്നന്‍ അഹമ്മദ് സജീര്‍(24) എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണയില്‍ മൊബൈല്‍ഫോണ്‍ സ്ഥാപനം നടത്തുന്ന ഇവര്‍ വ്യാജ തിരിച്ചറിയല്രേഖകളുണ്ടാക്കി ഫോട്ടോയും ഒപ്പും വ്യജമായി പതിച്ച് റ്റാറ്റാ മൊബൈല്‍ കമ്പനിയില്‍ നിന്നും ഇരുന്നൂറിലധികം സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു. മൊബൈല്‍ കമ്പനികള്‍ ഫ്രീയായും കുറഞ്ഞ വിലക്കും നല്കുന്ന സിംകാര്‍ഡുകള്‍ അമിതതുക വാങ്ങിയാണ് ആളുകള്‍ക്ക് നല്‍കിയിരുന്നത്.
കൂടുതല്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയാല്‍ ലഭിക്കുന്ന ഓഫറുകള്‍ നേടിയെടുക്കാനാണ് വ്യാജ പേരുകളില്‍ സിംകാര്‍ഡുകള്‍ എടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇരുന്നൂറിലധികം സിംകാര്‍ഡുകള്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളുടെ പേരിലാണ് പല സിംകാര്‍ഡുകളും എടുത്തിരിക്കുന്നത്.
ഇരുവരെയും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്മാര്‍ട് മൊബൈല്‍സ് എന്ന സ്ഥാപനം വഴി വില്‍പ്പന നടത്തിയ എല്ലാ സിംകാര്‍ഡുകളും പരിശോധിക്കുമെന്നും പ്രതികളെ കൂടുതല്‍ അന്വേഷണത്തിന് വേണ്ടി കസ്റ്റഡിയില്‍ വാങ്ങുമെന്നും പ്രത്യേക അന്വേഷണ തലവനായ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന് അറിയിച്ചു. എസ്.ഐ പ്രമോദ്, എ.എസ്.ഐ മോഹന്‍ദാസ്, പി.എന്‍ മോഹനകൃഷ്ണന്, സിപി മുരളി, എന്‍.ടി കൃഷ്ണകുമാര്‍,മനോജ്കുമാര്‍, അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ്, ശബീര്‍, ദിനേഷന് ,ജയമണി, ഫൈസല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."