ബഹ്‌റൈനില്‍ സ്വദേശികള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാന്‍ ഏകജാലക സംവിധാനം നിലവില്‍വന്നു
മനാമ : ബഹ്‌റൈനില്‍ ബിസിനസ് സരംഭങ്ങള്‍ തുടങ്ങുന്നതിന് ഏകജാലക സംവിധാനം നിലവില്‍ വന്നു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയമാണു പുതിയ പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്. സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട 39 കാര്യങ്ങള്‍ ഒറ്റ ഓഫീസിലൂടെ നടപ്പാക്കാനുള്ള കൊമേഷ്യല്‍ രജിസ്‌ട്രേഷന്‍ സംവിധാനമാണിത്. 'സിജിലി' എന്ന സംവിധാനത്തിലൂടെ റജിസ്‌ട്രേഷനു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
സ്വദേശികള്‍ക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ബഹ്‌റൈനി സംരംഭകരെ സംരംഭകത്വത്തിലേക്കു കൂടുതല്‍ ആകര്‍ഷിക്കുന്നതിനാണു പുതിയ സംവിധാനം നടപ്പാക്കുന്നത്.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെയും കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും നിര്‍ദ്ദേശപ്രകാരമാണു മന്ത്രാലയം ഈ പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഇതനുസരിച്ച് ഒരു ഷോപ്പ് ഇല്ലാതെ തന്നെ വ്യവസായം ആരംഭിക്കാം. സംരംഭകനാണെന്ന രജിസ്‌ട്രേഷനോ മറ്റ് നടപടികളോ ഇതിന് ആവശ്യമില്ല. വ്യവസായ സംബന്ധിയായ രേഖകള്‍ ആവശ്യപ്പെടുന്ന കമ്പനികളുമായി പോലും മറ്റ് നടപടികളില്ലാതെ കരാറില്‍ ഏര്‍പ്പെടാനാകും, കൂടാതെ പല വിധത്തിലുള്ള ഇളവുകളും ഉള്ളതിനാല്‍ വ്യവസായം ചെയ്യുന്നത് എളുപ്പമാകും.
എന്നാല്‍ 'സിജിലി' പ്രകാരം ലൈസന്‍സ് നല്‍കിയ സ്ഥാപനങ്ങള്‍ക്കു വിദേശികളെ ജോലിക്കെടുക്കുവാന്‍ അനുമതിയില്ല. ഇതിനായി ലൈസന്‍സ് നല്‍കുന്ന അതോറിറ്റിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണം. വ്യവസായത്തിന്റെ സ്വഭാവം അനുസരിച്ചു മാത്രമേ ഇതിനുള്ള അനുമതി നല്‍കുകയുള്ളൂ. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു സിജിലിയിലൂടെ ലക്ഷ്യമിടുന്നത്.
ഫോട്ടോഗ്രാഫര്‍മാര്‍, ട്രാന്‍സേ്‌ലറ്റേഴ്‌സ്, ട്രെയിനര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍ തുടങ്ങിയ സംരംഭകര്‍ക്കു നിയമ പ്രാബല്യം നല്‍കുന്നതോടൊപ്പം ഈ സേവനങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ഈ പദ്ധതിയിലൂടെ ലളിതമാക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതിനെല്ലാം മറ്റ് ചില നിയന്ത്രങ്ങളുള്ളതായി അണ്ടര്‍ സെക്രട്ടറി ഓഫ് കോമേഴ്‌സ് അഫയേഴ്‌സ് നാദിര്‍ ഖലീല്‍ അല്‍മൊയദ് കൂട്ടിച്ചേര്‍ത്തു. അപേക്ഷകന്‍ മറ്റൊരു ഏക ഉടമസ്ഥ വ്യവസായ സ്ഥാപനത്തിന്റെ ഉടമയാകരുത്. ഏതെങ്കിലും ട്രേഡിങ്
കമ്പനിയുടെ ഡയറക്ടറോ അംഗമോ ആകരുത് എന്നിവയാണ് നിബന്ധനകള്‍. ട്രേഡിങ് കമ്പനിയില്‍ നിക്ഷേപം മാത്രം നടത്തിയിട്ടുള്ള ഒരു വ്യക്തി അംഗമോ മാനേജരോ അല്ലാത്തപക്ഷം ഇയാള്‍ക്ക് സിജിലി അനുമതി നേടാനാകും. അപേക്ഷകനു സ്ഥിരമായ ഒരു മെയിലിങ് അഡ്രസ് ഉണ്ടാകണം എന്നതും നിര്‍ബന്ധമാണ്.
തീവ്രവാദ ഭീഷണിയും എണ്ണവിലയിലെ ഇടിവുമെല്ലാം തരണം ചെയ്തു സമ്പദ്‌വ്യവസ്ഥയ്ക്കു കൂടുതല്‍ ഉണര്‍വേകാന്‍ സിജിലിയ്ക്കു കഴിയുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ മിഡില്‍ ഈസ്റ്റിലെ വ്യവസായ അനുകൂല രാഷ്ട്രമായി ബഹ്‌റൈന്‍ മാറുമെന്നാണു വിദഗ്ധര്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."