വീണ്ടും ഇടഞ്ഞ് ജേക്കബ് തോമസ്; ധനവകുപ്പിനെതിരേ മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: ധനവകുപ്പിനെതിരേ മുഖ്യമന്ത്രിക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്.
തനിക്കെതിരേ ധനകാര്യ വിഭാഗം നടത്തുന്ന അന്വേഷണങ്ങളില്‍ കടുത്ത എതിര്‍പ്പ് കത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ധനകാര്യ വിഭാഗം ശത്രുതയോടെ അന്വേഷണങ്ങള്‍ നടത്തുകയാണെന്ന് കത്തില്‍ ജേക്കബ് തോമസ് ആരോപിക്കുന്നു.
ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനും കത്തിന്റെ കോപ്പി നല്‍കിയിട്ടുണ്ട്.
താന്‍ ജോലി ചെയ്ത എല്ലാ വകുപ്പുകളിലെയും ഫയലുകള്‍ ധനകാര്യ വിഭാഗം പരിശോധിക്കുന്നു. സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
മറ്റു വകുപ്പുകളിലൊന്നും തന്നെ ഇത്തരത്തില്‍ പരിശോധനയില്ല. ഇത് തന്നോടുള്ള ശത്രുതാ മനോഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
തുറമുഖ ഓഫിസുകളില്‍ പ്രവര്‍ത്തിക്കാത്ത സോളാര്‍ പാനല്‍ സ്ഥാപിച്ച് സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി, സര്‍ക്കാരിന്റെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി എന്നിങ്ങനെയുള്ള ക്രമക്കേടുകളെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ നല്‍കിയത്.
അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടില്ലെങ്കിലും ഇതിലെ കണ്ടെത്തലുകള്‍ ജേക്കബ് തോമസിന് എതിരാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."