ഇതര സംസ്ഥാനതൊഴിലാളിയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി അഭിഭാഷകനെതിരെ പരാതി
ആലക്കോട്: അഭിഭാഷകന് ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി. ആലക്കോട് കാര്ത്തികപുരത്തു നിന്നാണ് ലോക മനുഷ്യാവകാശദിനത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്.
പതിനാറാമത്തെ വയസിലാണ് ഒറീസ സ്വദേശിയായ സുനില്‍ കാര്‍ത്തികപുരത്തെ അഭിഭാഷകനായ പാറയില്‍ സിബിയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും നാലു മാസവുമായി വീടിന്റെ മതില്കെട്ടിന് പുറത്ത് പോലും പോകാന്‍ സുനിലിന് അനുവാദം ഇല്ലായിരുന്നു. അതിരാവിലെ മുതല്‍ ഇരുട്ടുവോളം വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ഇയാളെ കൊണ്ട് പണിയെടുപ്പിക്കുന്നത് പതിവായിരുന്നു. വല്ലപ്പോഴും ഭക്ഷണം നല്കുന്നതൊഴിച്ചാല് ഇതുവരെയും ഒരു രൂപപോലും കൂലിയിനത്തില്‍ വീട്ടുകാര്‍ നല്‍കിയിട്ടില്ല. മാതാപിതാക്കളെ കാണാന്‍ വീട്ടിലേക്ക് പോകണമെന്ന് കരഞ്ഞു പറഞ്ഞപ്പോള്‍ അഭിഭാഷകനും സഹോദരനും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
സുനിലിന്റെ കഷ്ടപാടുകള്‍ കണ്ട അയല്‍വാസികളാണ് പൊലിസില്‍ വിവരം അറിയിച്ചത്. വൈകുന്നേരം 6.30 ഓടെ വീട്ടിലെത്തിയ പൊലിസ് ഇരുട്ടത്തും കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന സുനിലിനെയാണ് കണ്ടത്. കൃഷിയിടത്തിലെ ജോലിക്ക് ശേഷം വീട്ടു ജോലിയും കഴിഞ്ഞ് വിശ്രമിക്കണമെങ്കില്‍ രാത്രി 11 മണിയെങ്കിലും ആകുമെന്ന് സുനില്‍ പൊലിസിന് മൊഴി നല്കി. വീട്ടിലേക്ക് അയക്കാന്‍ പണം ആവശ്യപെട്ടപ്പോഴെല്ലാം മര്‍ദനമായിരുന്നു ഫലമെന്നും കയ്യില്‍ പണമില്ലാത്തതിനാല്‍ വീട്ടു തടങ്കലില്‍ നിന്നും രക്ഷപെടാന്‍ നിവൃത്തിയില്ലായെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു. സുനിലിനെ പൊലീസ് സ്റ്റേഷിലേക്ക് മാറ്റി. അഭിഭാഷകനും സഹോദരന് ബാബുവിനുമെതിരെ കേസെടുക്കുമെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."