ആദ്യ സെമിയില്‍ ഹ്യൂം മുംബൈയുടെ ഫ്യൂസ് ഊരി; കൊല്‍ക്കത്തയ്ക്ക് വിജയം
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ പാദ സെമിയില്‍ മുംബൈയ്‌ക്കെതിരേ കൊല്‍ക്കത്തയ്ക്ക് സൂപ്പര്‍ വിജയം. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത - മുംബൈ സിറ്റി എഫ്.സി ഏറ്റുമുട്ടിയ ഐ.എസ്.എല്ലിന്റെ ആദ്യ പാദ സെമിയിലാണ് കൊല്‍ക്കത്തയുടെ സൂപ്പര്‍ വിജയം. ഇയാന്‍ ഹ്യൂമിന്റെ ഇരട്ട ഗോളിലാണ് കൊല്‍ക്കത്തന്‍ വിജയം. സ്‌കോര്‍: 3-2.
മല്‍സരം തുടക്കം മുതല്‍ അവസാനം വരെ ആവേശകരമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ മുംബൈയും നാലാം സ്ഥാനക്കാരായി സെമിയിലെത്തിയ കൊല്‍ക്കത്തയും തമ്മിലുള്ള മല്‍സരം തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ കൊല്‍ക്കത്ത ഇന്ത്യന്‍ താരം ലാല്‍റിന്‍ഡികയിലൂടെ മുന്നിലെത്തി. ബോക്‌സിന് വെളിയില്‍ നിന്നും കൊല്‍ക്കത്തയുടെ സ്പാനിഷ് താരം ബോര്‍ജ ഫെര്‍ണാണ്ടസ് തൊടുത്തുവിട്ട പന്ത് ലാല്‍റിന്‍ഡിക്കയുടെ ശരീരത്തില്‍ തട്ടി ഉയര്‍ന്ന പന്ത് ഗോള്‍ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്ത് താഴ്ന്നിറങ്ങി വല കുലുക്കി. തദ്സ്ഥാനത്ത് മുംബൈ ഗോളി അമരീന്ദ്രന്‍ ഉണ്ടായിരുന്നെങ്കിലും പന്ത് തടയാന്‍ അദ്ദേഹത്തിനായില്ല. സ്‌കോര്‍ 1-0ത്തിന് കൊല്‍ക്കത്ത മുന്നില്‍.
എന്നാല്‍, ഈ മുന്നേറ്റത്തിലെ മുന്‍തൂക്കം 10ാം മിനുറ്റ് വരെ മാത്രമേ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചുള്ളൂ. 10ാം മിനുറ്റില്‍ ലിയോ കൊസ്റ്റയിലൂടെ മുംബൈ സമനില പിടിച്ചു. ഫ്രീകിക്ക് ലഭിച്ച മുംബൈയിക്കായി കിക്കെടുത്തത് മാര്‍ക്വീ താരമായ ഡിയഗോ ഫോര്‍ലാന്‍. സുനില്‍ ഛേത്രിയെ ലക്ഷ്യമാക്കി ഫോര്‍ലാന്റെ കാലുകളില്‍ നിന്ന് ഉയര്‍ന്ന പന്ത് ലക്ഷ്യം തെറ്റിയില്ല. തന്റെ തലപ്പാകത്തിനു വന്ന പന്തിനെ സുനില്‍ ഛേത്രി ലിയോ കോസ്‌റ്റോയ്ക്ക് മറിച്ചു. ലിയോ കോസ്‌റ്റോയുടെ ആ ഷോട്ട് തടുക്കാന്‍ കൊല്‍ക്കത്തന്‍ ഗോളിക്കായില്ല. സ്‌കോര്‍: 1-1.
പിന്നീടുള്ള നിമിഷങ്ങളില്‍ കൂടുതലും കണ്ടത് മുംബൈയുടെ മുന്നേറ്റങ്ങളായിരുന്നു. തുടരെ തുടരെ കൊല്‍ക്കത്തന്‍ ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തി മുംബൈ മുന്‍നിര. മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാകട്ടെ സൂപ്പര്‍താരം ഡിയഗോ ഫോര്‍ലാനും. തുടരെ തുടരെയുള്ള ആക്രമണങ്ങള്‍ അവസാനം ലക്ഷ്യം കണ്ടു. 19ാം മിനുറ്റില്‍ അടുത്ത ഫ്രീകിക്കിലൂടെ ജേഴ്‌സണ്‍ വിയേര ലക്ഷ്യം കണ്ടു. ഇത്തവണയും ഫ്രീകിക്കെടുത്തത് ഫോര്‍ലാന്‍ തന്നെ. ഫോര്‍ലാന്റെ കാലില്‍ നിന്നുയര്‍ന്ന പന്ത് ബോക്‌സില്‍ നിന്ന വിയേരയുടെ തല കണക്കെ എത്തി. പിന്നെ കണ്ടത് വിയേരയുടെ സൂപ്പര്‍ ഹെഡര്‍. ഗോളോടെ മുംബൈ ഒരു ഗോളിന് മുമ്പിലെത്തി.
ആദ്യ പകുതിയിലെ ഇരുപത് മിനുറ്റ് ആയപ്പോഴേക്കും ഒരു ഗോളിന് പിന്നില്‍ നിന്ന കൊല്‍ക്കത്ത തങ്ങളുടെ പ്രതീക്ഷ കൈവിട്ടില്ല. നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമുകളില്‍ നിന്നും മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഗോളുകള്‍ അകന്നുനിന്നു. ആദ്യ പകുതിയില്‍ മുംബൈയുടെ ലീഡില്‍ ഇടവേളയിലേക്കെന്ന് കരുതിയ നിമിഷത്തിലാണ് മല്‍സരത്തില്‍ വഴിത്തിരിവുണ്ടായത്. 39ാം മിനുറ്റില്‍ കൊല്‍ക്കത്തന്‍ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഗോള്‍. കൊല്‍ക്കത്തയ്ക്ക് പുതുജീവന്‍ പകര്‍ന്ന ഗോളായിരുന്നു അത്. മൈതാനത്തിന്റെ ഇടത് വിങ്ങില്‍ നിന്ന് ഗോള്‍ മുഖം ലക്ഷ്യമാക്കി റാള്‍ട്ടെ തൊടുത്തവിട്ട പന്ത് ബോക്‌സിനു മുമ്പില്‍ നിന്ന സമീഗ് ദൗത്തിയുടെ കാലുകളിലേക്ക്. എന്നാല്‍, ദൗത്തി അത് ഗോള്‍ മുഖത്തേക്ക് ഓടി വരുന്ന ഹ്യൂമിനെയാണ് കാണുന്നത്. പന്ത് ഹ്യൂമിന്റെ കാലുകള്‍ക്ക് കണക്ട് ചെയ്ത ദൗത്തിയുടെ പ്രതീക്ഷ തെറ്റിയില്ല. മുഴുവന്‍ ശക്തിയും ആവാഹിച്ച് ഹ്യൂ തൊടുത്ത ആ ഷോട്ട് മുംബൈയുടെ ഹൃദയത്തില്‍ ആഞ്ഞുകയറിയ കത്തിയായി. പിന്നീട് ആ ഷോക്കില്‍ നിന്നും മല്‍സരത്തിലൂടനീളം മുംബൈ മുക്തരായില്ല. സ്‌കോര്‍: 2-2 സമനിലയില്‍.
മല്‍സരം ആദ്യ പകുതിയില്‍ ആവേശകരമായ സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് മുംബൈയുടെ ഹൃദയത്തിനെ മുറിപ്പെടുത്തിയ അടുത്ത ഗോള്‍. ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു ആ ഗോള്‍. 45ാം മിനുറ്റില്‍ കൊല്‍ക്കത്തയുടെ പോസ്റ്റിഗയെ ബോക്‌സിനുള്ളില്‍ റാള്‍ട്ടെ ഫൗള്‍ ചെയ്തു. ഇതോടെ റഫറിയുടെ വക പെനാല്‍റ്റി. കിക്കെടുത്ത ഹ്യൂം ലക്ഷ്യം കണ്ടു. സ്‌കോര്‍: 3-2ല്‍ കൊല്‍ക്കത്ത മുമ്പില്‍.
രണ്ടാം പകുതിയില്‍ മല്‍സരം ഏതു വിധേനയും വിജയിക്കുക എന്നതായിരുന്നു മുംബൈയുടെ പദ്ധതി. അതിനാല്‍ തന്നെ മല്‍സരം കൂടുതല്‍ ആവേശകരമായി. താളത്തില്‍ തുടങ്ങിയ രണ്ടാം പകുതിയില്‍ നിറഞ്ഞുനിന്നത് കടുത്ത ടാക്ലിങ്ങുകളും ഫൗളുകളുമായിരുന്നു. നായകന്‍മാരാവട്ടെ മുംബൈ താരങ്ങളും. 51ാം മിനുറ്റില്‍ കൊല്‍ക്കത്തന്‍ താരം സെറീനോയെ ഫൗള്‍ ചെയ്തതിന് മുംബൈ നായകന്‍ ഡിയഗോ ഫോര്‍ലാന് മല്‍സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു.
മല്‍സരത്തിന്റെ പിന്നീടുള്ള നിമിഷങ്ങളിലും ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഗോളെന്നു വിചാരിച്ച നിരവധി നിമിഷങ്ങളിലൂടെ മുംബൈ കടന്നുപോയി. എന്നാല്‍, മുംബൈയുടെ മുന്നേറ്റങ്ങളെല്ലാം കൊല്‍ക്കത്തന്‍ പ്രതിരോധത്തില്‍ തട്ടിയകന്നപ്പോള്‍ നിരാശനായത് ഫോര്‍ലാനായിരുന്നു. വികാരത്തിന് കീഴടങ്ങിയ ഫോര്‍ലാന് 74ാം മിനുറ്റില്‍ പിഴച്ചു. കൊല്‍ക്കത്തയുടെ ജുവല്‍ രാജ ഷെയ്ക്കിന്റെ മുന്നേറ്റത്തെ കടുത്ത ഫൗളിലൂടെ വീഴത്തിയതിന് ഫോര്‍ലാന് മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ്. ഇതോടെ ചുവപ്പ് കാര്‍ഡ് പുറത്ത് കണ്ട് ഫോര്‍ലാന്‍ പുറത്ത്.
മല്‍സരത്തിലെ ശേഷിച്ച നിമിഷങ്ങളെല്ലാം നായകനില്ലാത്ത പടയായിരുന്നു മുംബൈ. മുന്നേറ്റ ശ്രമങ്ങളെല്ലാം മിക്കതും വഴികളില്‍ വീണുടഞ്ഞു. എന്നാല്‍, കൊല്‍ക്കത്ത വിജയം ഉറപ്പാക്കിയെങ്കിലും അവര്‍ ഗോളുകള്‍ക്കായി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, വിജയം 3-2ന് എഴുതപ്പെട്ടിരുന്നു. കളിയിലെ കേമനായി കൊല്‍ക്കത്തയുടെ ഹ്യൂം തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."