ജാതിമത ഭേദമന്യേ മാനവരാശിയോട് കരുണ കാണിക്കുക: സമസ്ത ബഹ്‌റൈന്‍
മനാമ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1491ാമത് ജന്മദിനം ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ ആശംസകള്‍ നേര്‍ന്നു. അനുദിനം ധര്‍മച്യുതികള്‍ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് നന്മ പ്രചരിപ്പിക്കാനും തിരുനബി(സ)യുടെ സുന്നത്തുകള്‍(തിരുചര്യകള്‍) ജീവിതത്തില്‍ പകര്‍ത്താനുമുള്ള അവസരമായി ഇതിനെ കാണണമെന്ന് അദ്ദേഹം വിശ്വാസികളോടഭ്യര്‍ഥിച്ചു.
പ്രവാചകചര്യ സ്വജീവിതത്തില്‍ പകര്‍ത്തുന്നതോടൊപ്പം മാനവകുലത്തിനു മുഴുവന്‍ കാരുണ്യം വിളംബരം ചെയ്യാനുള്ള അവസരം കൂടിയാണിത്. ഒരിക്കല്‍ തിരുനബി(സ) ഇപ്രകാരം അരുളി. 'പരസ്പരം കാരുണ്യം കാണിക്കാതെ നിങ്ങള്‍ പൂര്‍ണ വിശ്വാസികളാകുകയില്ല' .
ഇതു കേട്ട അനുചരര്‍ നബി(സ)യോട് പറഞ്ഞു. ഞങ്ങള്‍ നന്മയോടെയും കാരുണ്യത്തോടെയും വര്‍ത്തിക്കുന്നവരാണ്. എന്നാല്‍ അവിടുന്ന് അരുളി: 'നിങ്ങള്‍ സ്വന്തം ഭാര്യമാരോടും കുട്ടികളോടും കാണിക്കുന്ന കാരുണ്യമല്ല, മനുഷ്യരോട് മുഴുവന്‍ കാരുണ്യം ഉള്ളവരാകുമ്പോള്‍ മാത്രമേ നിങ്ങള്‍ ഈമാന്‍ (വിശ്വാസം) സമ്പൂര്‍ണമായ വിശ്വാസികളാകുകയുള്ളൂ'
പ്രവാചകന്റെ ഈ അധ്യാപനം ശിരസാവഹിച്ച് ജാതിമതഭേദമന്യേ എല്ലാവരോടും കരുണ കാണിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാവണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
അഭിനവയുഗത്തിലെ പണക്കാരനും പാവപ്പെട്ടവനും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം ഇന്ന് അനിവാര്യമായതും കാരുണ്യമാണ്. അപ്രകാരം നമ്മുടെ ജീവിതം ചിട്ടപ്പെടുത്തി ജീവിക്കുമ്പോഴാണ് ഈ ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നത്. നമ്മുടെ മീലാദാഘോഷങ്ങളെല്ലാം ലോകത്തിന് നന്മ പകരുന്ന രീതിയിലാവട്ടെ എന്നും തങ്ങള്‍ ആശംസയില്‍ അറിയിച്ചു.
മൗലിദ് സദസ്സുകള്‍ കേവല ചടങ്ങുകളിലൊതുക്കാതെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കൊപ്പം പരമാവധി നന്മകള്‍ വളര്‍ത്താനും അവ പ്രചരിപ്പിക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഇതിനിടയിലും ആഘോഷ രീതികളുടെ പേരില്‍ അനുചിതമായ വാക്ക്തര്‍ക്കങ്ങള്‍ സൃഷ്ടിച്ച് വിലപ്പെട്ട സമയവും സമ്പത്തും ഊര്‍ജവും നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആശ്വാസമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹാഘോഷങ്ങളുടെ ശ്രേഷ്ഠഭാവങ്ങളിലും നിഷിദ്ധം ചാര്‍ത്തുന്നത് വരണ്ട മനസ്സിന്റെ പ്രതിഫലനമാണെന്നും പ്രവാചക സ്‌നേഹം കൂടുതലായി പ്രകടിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."