ആ മഞ്ഞുകാലത്തിന്റെ ഓര്‍മയ്ക്ക്
കാത്തിരിപ്പിന്റെ മുഷിപ്പന്‍ നിമിഷങ്ങളെ തടവിലേക്കിട്ട് ഗോഹതി-കൊച്ചിന്‍ എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നു. അസാധാരണമായ ഒരു മൃഗം വലിയ വായില്‍ അയവിറക്കുന്നതുപോലെ അതു സ്റ്റേഷനില്‍നിന്നു പുക തുപ്പിക്കൊണ്ടിരുന്നു. വെറും അഞ്ചു മിനിറ്റു മാത്രമേ ട്രെയിന്‍ സ്റ്റേഷനില്‍ ഉണ്ടാവൂ. അതിനിടയില്‍ റിസര്‍വേഷന്‍ കോച്ച് തേടി ഞാന്‍ പ്ലാറ്റ്‌ഫോമിലൂടെ കിതച്ചുകൊണ്ടോടി. യാത്രയാക്കാന്‍ വന്ന ചങ്ങാതിമാരുടെ കണ്ണിലെ നനവ് അതിനിടയില്‍ എന്റെ ഉള്ളുലച്ചിരുന്നു. അവരെ ഇനി കണ്ടെന്നു വന്നില്ലെങ്കിലോ..?
മൂന്നു രാത്രിയും പകലുമാണ് ട്രെയിന്‍ ഓടിയത്. ഡിസംബര്‍ മാസത്തിലെ തണുത്ത കാറ്റും മരംകോച്ചുന്ന തണുപ്പും ബംഗാള്‍ കടന്നപ്പോഴേക്കും ശരീരത്തെ ദുര്‍ബലപ്പെടുത്തിത്തുടങ്ങിയിരുന്നു. പുറംകാഴ്ചകളിലെ കടുകു പാടങ്ങളും ദൂരത്തോളം പടര്‍ന്നുകിടക്കുന്ന വയലേലകളുമാണ് മനസിനെ കുറച്ചെങ്കിലും തണുപ്പിച്ചത്. രാത്രിയാവുമ്പോള്‍, കുന്നുകളില്‍ തെളിയുന്ന പ്രകാശധാരകള്‍... സമുദ്രങ്ങളുടെ പ്രശാന്ത നീലിമ... ആകാശത്തില്‍ മിന്നുന്ന നക്ഷത്രകോടികള്‍.. ആസാമിലേക്കു എന്റെ യാത്രയിലെ ദൃശ്യവിരുന്നുകള്‍ ഇതൊക്കെയാണ്.
ഗോഹതിയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ട്രെയിന്‍ രെങ്കിയ എന്ന സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെയിറങ്ങി. എനിക്കു പോകേണ്ടിയിരുന്ന ബഹട്ട്ചര്യാലി എന്ന പ്രദേശം രെങ്കിയയ്ക്ക് അടുത്താണ്. ഗോഹതിയില്‍ ഇറങ്ങിയാല്‍ പിന്നെയും പിറകോട്ടു സഞ്ചരിക്കണം. അതിലും നല്ലത് രെങ്കിയയാണ്.
രാത്രിയായിരുന്നു. നഗരം ഉറക്കത്തിലേക്കു വീണുതുടങ്ങിയിരിക്കുന്നു. അസഹ്യമായ തണുപ്പ് ദുര്‍ബല ശരീരത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളി വസ്ത്രങ്ങളൊന്നും കരുതിയിരുന്നില്ല. ഹിമാലയത്തില്‍ നിന്നു വീശിയടിക്കുന്ന കാറ്റിനെ തടുക്കാന്‍ ശരീരത്തിലെ കോട്ടന്‍ കുപ്പായം കൊണ്ട് കഴിയില്ലെന്ന് പൊടുന്നനെ തിരിച്ചറിഞ്ഞു; ഒപ്പം വിശക്കാനും ദാഹിക്കാനും തുടങ്ങിയിരുന്നു.
രെങ്കിയ ഉള്‍ഫാ തീവ്രവാദികളുടെ വിഹാരകേന്ദ്രമാണെന്ന് അറിയാമായിരുന്നു. അവര്‍ക്ക് ഏറ്റവും ശക്തിയുള്ള ഇടം. അങ്ങനെയൊരു തെരുവിലൂടെ ഒറ്റയ്ക്കുള്ള യാത്ര സുരക്ഷിതമല്ല. നേരം വൈകിയതിനാല്‍ എനിക്കു പോകേണ്ട നഗരത്തിലേക്കുള്ള ബസുകള്‍ സര്‍വിസുകള്‍ നിര്‍ത്തിയിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ഒരു കടല വില്‍പ്പനക്കാരന്‍ അപ്പോഴും തന്റെ തവികൊണ്ട് ഇരുമ്പു പാത്രത്തില്‍ അടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. മണ്ണെണ്ണ സ്റ്റൗവില്‍ നിന്നും കാറ്റിന്റെ ഗതിക്കനുസരിച്ച് നീല വെളിച്ചം നാവു നീട്ടുന്നത് തെല്ലൊന്ന് ആശ്വസിപ്പിച്ചു.
ഒരു പായ്ക്കറ്റ് കടല വാങ്ങി ആ മധ്യവയസ്‌കനോടു തിരക്കി: 'ബഹട്ടചര്യാലിക്ക് ഇനി വല്ലതും കിട്ടുമോ?'
എന്റെ ഹിന്ദി അയാള്‍ക്ക് പെട്ടെന്ന് മനസിലായില്ല. ഒരാവൃത്തി കൂടി ഞാനെന്റെ ചോദ്യം അയാള്‍ക്കു നേരെ എറിഞ്ഞു.
'ഇല്ല, ഇനിയൊന്നും കിട്ടില്ല'
അയാള്‍ മുഖത്തെ കമ്പിളിപ്പുതപ്പ് മാറ്റിക്കൊണ്ട് പറഞ്ഞു.
ഞാന്‍ കൈയിലെ ലഗേജ് പുറത്തിട്ട് തെരുവിലൂടെ നടന്നു. വല്ലപ്പോഴും മാത്രം ചില ചരക്കു വണ്ടികള്‍ വേഗതയോടെ പാഞ്ഞുപോയി. അതിന്റെ ഹെഡ്‌ലൈറ്റ് റോഡില്‍ വിതറിയിട്ട വെളിച്ചം മുറിച്ചുകടക്കുമ്പോള്‍ കണ്ണുകള്‍ മഞ്ഞളിച്ചു.
ആ നടത്തം ഒരു മിലിറ്ററി ക്യാംപിന്റെ മുന്നിലാണ് അവസാനിച്ചത്. ചുറ്റും ബാരക്കുകള്‍ ദൃഷ്ടിയില്‍പെട്ടു. അവയ്ക്കിടയില്‍ തെളിഞ്ഞു കത്തുന്ന നിയോണ്‍ വിളക്കുകള്‍. വലിയ ഗേറ്റില്‍ ആധുനികമായ മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്ന പാറാവുകാരന്‍. ഒരാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കിയ മുള്ളുവേലിക്കപ്പുറം കൈയില്‍ തോക്കേന്തി ജാഗ്രതയോടെ ഉലാത്തുന്നു. അപ്പോളൊരു ആശയം തോന്നി. ഞാന്‍ മിലിറ്ററി ക്യാംപിന്റെ ഗേറ്റില്‍ നിന്നു. പെട്ടന്നു ധൃതിവച്ച് ഒരു പട്ടാളക്കാരന്‍ മുന്നോട്ടു വന്നു. ഭാഗ്യത്തിന് അതൊരു മലയാളിയായിരുന്നു. കോട്ടയത്തുകാരന്‍. ഞാനെന്റെ സങ്കടം പറഞ്ഞപ്പോള്‍ അയാള്‍ ഗേറ്റ് തുറന്ന് എന്റെ കൂടെ റോഡിലേക്കു വന്നു.
'രെങ്കിയ അപകടം പിടിച്ച സ്ഥലമാണ്. എപ്പോഴാണെന്നറിയില്ല വെടി പൊട്ടുന്നത്. ഉള്‍ഫ തീവ്രവാദികള്‍ വലിയ സമരത്തിലാണിപ്പോള്‍. അതുകൊണ്ട് അധികസമയം ഇവിടെ നില്‍ക്കുന്നതു പന്തിയല്ല.'
ഞാനപ്പോള്‍ ശരിക്കുമൊന്നു ഞെട്ടി. ശരീരത്തിലൂടെ പേടിയുടെ ചെറിയ ചെറിയ തേരട്ടകള്‍ ഇഴയാന്‍ തുടങ്ങി. ആ തണുപ്പിലും വിയര്‍ക്കുന്നതായി തോന്നി. എന്റെ അവസ്ഥ കണ്ട് പട്ടാളക്കാരന്‍ പറഞ്ഞു:
'പേടിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഞാനൊരു കാര്യം ചെയ്യാം. ഒരു വണ്ടി ഏര്‍പ്പാടാക്കാം. അതില്‍ കയറിയാല്‍ നിങ്ങള്‍ക്കു പോകേണ്ടയിടത്തെത്താം.'
ദൂരെനിന്നും ഒരു ചരക്കുവാഹനം നിരങ്ങി വരുന്നതു കണ്ടു. അടുത്തെത്തിയപ്പോള്‍ പട്ടാളക്കാരന്‍ വലതു കൈ ഒന്നുയര്‍ത്തി. ഒരു കരച്ചിലോടെ അതു വശം ചേര്‍ന്നുനിന്നു. ഡ്രൈവറോട് അയാള്‍ ആസാമീസ് ഭാഷയില്‍ എന്തോ പറഞ്ഞു. കൊമ്പന്‍ മീശക്കാരനായ ഡ്രൈവര്‍ തലയിടുന്നത് കണ്ടു.
'ഇതില്‍ കയറിക്കോളൂ. ഞാന്‍ ചര്യാലിയില്‍ നിര്‍ത്തിത്തരാം.'
നന്ദി പറഞ്ഞു ഞാന്‍ വണ്ടിയുടെ കാബിനിലേക്ക് ആയാസപ്പെട്ടു കയറി. അപ്പോഴാണ് അതിന്റെ വലിപ്പം മനസിലായത്. ഡ്രൈവറെ കൂടാതെ കാബിനില്‍ മറ്റു രണ്ടുപേര്‍ കൂടിയുണ്ട്. ഒരാള്‍ നല്ല ഉറക്കത്തിലാണ്. അപരന്‍ സീറ്റില്‍ ചാരിക്കിടന്ന് മയങ്ങുന്നു. എന്റെ സാന്നിധ്യമറിഞ്ഞ് അയാള്‍ ഉണര്‍ന്നു. കാബിനില്‍ വിലകുറഞ്ഞ മദ്യത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞു. ഡ്രൈവര്‍ ഇടയ്ക്കിടെ എന്നെ പാളിനോക്കി. ഉറങ്ങുകയായിരുന്നവനും അപ്പോഴേക്കും ഉണര്‍ന്നു സീറ്റില്‍ ചമ്രം പടിഞ്ഞിരുന്നു. അയാളുടെ കണ്ണുകള്‍ ചത്ത മീനിന്റേതുപോലെ കലങ്ങിക്കിടന്നിരുന്നു.
ആകപ്പാടെ ഒരു പന്തികേട് തോന്നി. ചുറ്റും കൊയ്‌ത്തൊഴിഞ്ഞ പാടമാണ്. വിജനമായ നെല്‍പാടങ്ങള്‍. അതിന്റെ ഒരു ഭാഗം മുളങ്കാടുകളുടെ വന്യത. അവയ്ക്കിടയിലൂടെയാണു വണ്ടിയിപ്പോള്‍ പായുന്നത്. കൊന്നു കൊക്കയില്‍ തള്ളിയാല്‍ പോലും ആരും അറിയില്ല. ആരും ഒന്നും ചോദിക്കുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു അസ്വസ്ഥത തോന്നി. രാത്രി എത്ര യാമം പിന്നിട്ടെന്നുപോലും മനസിലായില്ല. കൈയിലുണ്ടായിരുന്ന വാച്ച് ബാഗില്‍ എവിടെയോ ആണ്.
'എന്താണ് പണി?'
ഡ്രൈവര്‍ ഒരു വല്ലാത്ത ചിരി ചിരിച്ചു. ആ സമയം എനിക്ക് ഒരാശയം തോന്നി. എന്റെ യഥാര്‍ഥ തൊഴില്‍ മറച്ചുവയ്ക്കുക. അങ്ങനെയാവുമ്പോള്‍ അവര്‍ കുറച്ചൊക്കെ ശ്രദ്ധ എന്നില്‍ കൊടുക്കാതിരിക്കില്ല.
'ഞാന്‍ പട്ടാളക്കാരനാണ്'
അങ്ങനെ പറയുമ്പോള്‍ ഒരു ജാള്യത എനിക്കനുഭവപ്പെട്ടു. കാരണം, ഒരു പട്ടാളക്കാരനു വേണ്ട ശരീര പുഷ്ടിയോ വേഷമോ എനിക്കുണ്ടായിരുന്നില്ല. എന്നിട്ടും ഞാനങ്ങനെയാണ് പറഞ്ഞത്. അയാളതു വിശ്വസിച്ചിരിക്കണം. അതല്ലെങ്കില്‍ ഞാന്‍ പറഞ്ഞത് ഒരു പെരുംനുണയാണെന്ന് വിശ്വസിക്കാന്‍ അയാള്‍ ശ്രമിക്കുകയായിരിക്കണം. എന്തുകൊണ്ടോ പിന്നീടൊന്നും അയാള്‍ ചോദിക്കുകയോ, ഞാന്‍ പറയുകയോ ചെയ്തില്ല.
പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ആ വാഹനം ഏതാണ്ട് ഒരു കിലോമീറ്റര്‍ പിന്നിട്ടിരിക്കണം. കൊയ്ത്തുപാടം കഴിഞ്ഞ് പാത ഇരുള്‍വനത്തിലേക്കു കടന്നു. വന്യമായ ചില മൃഗങ്ങള്‍ വനത്തില്‍ ഒച്ചവയ്ക്കുന്നത് കേള്‍ക്കാമായിരുന്നു. വാഹനത്തിന്റെ വെളിച്ചത്തില്‍ ചെന്നായ്ക്കളും മറ്റും പാത മുറിച്ചുകടന്ന് ഇരുട്ടില്‍ മറയുന്നതു കണ്ടു. മറ്റൊരിടത്ത് ഇണചേരുന്ന കാട്ടുപോത്തുകളെ കണ്ടു. വഴി മുടക്കിയെത്തുന്ന കാട്ടാനകളെ പേടിച്ച് ഞാന്‍ നനഞ്ഞ ഒരു പൂച്ചയായി.
അപ്പോഴാണ് കൈയില്‍ തോക്കുമേന്തി മൂന്നു യുവാക്കള്‍ റോഡിലേക്കു ചാടിക്കയറിയത്. അവര്‍ ആകാശത്തേക്ക് ഒരു റൗണ്ട് വെടിയുതിര്‍ത്തു. ഞങ്ങളുടെ വാഹനം പെട്ടെന്നു ബ്രേക്കിട്ടു. അതിന്റെ ആഘാതത്തില്‍ മുന്നോട്ടാഞ്ഞപ്പോള്‍ നെറ്റി ഗ്ലാസില്‍ പതിച്ചു. തോക്കില്‍നിന്നും നിര്‍ഗമിച്ച വെടിയുണ്ടകള്‍ എന്റെ നെഞ്ചിലാണു പതിച്ചതെന്ന് തോന്നി.
'എല്ലാം തുലഞ്ഞു. ഇനി രക്ഷയില്ല'
ഡ്രൈവര്‍ പറഞ്ഞു. മറ്റു രണ്ടുപേരും റോഡിലേക്കു ചാടിയിറങ്ങി. ഡ്രൈവര്‍ വാഹനം പാതയുടെ ഓരം ചേര്‍ത്തു നിര്‍ത്തി പുറത്തേക്കിറങ്ങി. ഞാന്‍ പേടിയോടെ കാബിനിന്റെ ഒരുവശം ചേര്‍ന്നു സ്വയം ഒളിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷേ, അതു പിടിക്കപ്പെട്ടു. തോക്കേന്തിയ ഒരാള്‍ കാബിനിലേക്കു വലിഞ്ഞു കയറി അയാളുടെ ആയുധം എന്റെ കഴുത്തിലേക്കു ചൂണ്ടി. തോക്കില്‍ നിന്നും തണുപ്പ് ഒരു പാമ്പിനെപ്പോലെ കഴുത്തിലേക്കു ഇഴഞ്ഞ് താഴോട്ടിറങ്ങി. എന്റെ നെഞ്ചിടിപ്പ് അസാധാരണമാംവിധം ഉയര്‍ന്നു കേട്ടു.
'ആരാണ്?'
അയാള്‍ ഒച്ചവച്ചു. 'ഞാനൊരു അധ്യാപകനാണ്. ബഹട്ടചര്യാലിലേക്കു പോകുന്നു. രാത്രിയില്‍ വണ്ടി കിട്ടാതെ ഇതില്‍ കയറിയതാണ്'
ആ ചെറുപ്പക്കാരന്‍ തന്റെ തോക്കിന്റെ പാത്തികൊണ്ട് എന്റെ കൈയിലെ ബാഗില്‍ ഒന്നുരണ്ടു തവണ കുത്തിനോക്കി. ബാഗില്‍ അടുക്കിവച്ച പുസ്തകത്തിലാണ് അതു കൊണ്ടത്. എന്റെ വാക്കുകളും അവസ്ഥയും ബോധ്യപ്പെട്ടിട്ടാവണം അവന്‍ വാഹനത്തില്‍ നിന്നും ഇറങ്ങി കൂട്ടത്തില്‍ ചേര്‍ന്നു. ജീവന്‍ തിരിച്ചുകിട്ടിയ സമാധാനത്തോടെ ഞാന്‍ കഴുത്തുനീട്ടി പുറത്തേക്കു നോക്കി. ഡ്രൈവര്‍ തന്റെ പഴ്‌സ് തുറന്നു ചെറുപ്പക്കാര്‍ക്കു നോട്ടുകള്‍ കൊടുക്കുന്നു. തങ്ങളുടെ കൈവശം ഇനിയൊന്നുമില്ലെന്നു വെളിപ്പെടുത്തുന്നു. അയാളുടെ ശരീരഭാഷയില്‍ തൃപ്തിപ്പെട്ട് അവര്‍ കാട്ടിലേക്കു തന്നെ ഉള്‍വലിയുന്നു.
മൂവരും വീണ്ടും വാഹനത്തിലേക്കു കയറി. ആ ചരക്കുവണ്ടി ഒരു ഞരക്കത്തോടെ ജീവന്‍വച്ചു. ഡ്രൈവര്‍ ഒന്നു മുഖം വെട്ടിച്ച് എന്നെ നോക്കി പറഞ്ഞു:
'ഇതിവിടെ പതിവുള്ളതാണ്'
ഞാന്‍ അതേ എന്ന അര്‍ഥത്തില്‍ തലയാട്ടി.
'നിങ്ങളോട് എന്താണ് ചോദിച്ചത്?' അയാള്‍ തിരക്കി. ഞാന്‍ സത്യം പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു:
'അങ്ങനെ പറഞ്ഞത് നന്നായി. പട്ടാളക്കാരനാണെന്നു പറഞ്ഞിരുന്നെങ്കില്‍ ജീവന്‍ കിട്ടില്ലായിരുന്നു'
ഓരോ മഞ്ഞുകാലവും വന്നുപോകുമ്പോള്‍ പഴയ ആ സംഭവം ഓര്‍മവരും. മരണം മഞ്ഞിന്റെ കുപ്പായമിട്ടു വരികയും അതേപോലെ കാട്ടിലേക്കിറങ്ങിപ്പോവുകയും ചെയ്ത ആ രാത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."