മരുഭൂമിയില്‍ മനുഷ്യന്‍ വിടര്‍ന്ന വസന്തകാലം
മരുഭൂമിയിലാണ് തിരുനബി തുടങ്ങിയത്. കറുത്തിരുണ്ട രാവിന്റെ ഗര്‍ഭഗൃഹത്തില്‍ നിന്നും പ്രകാശത്തിന്റെ പ്രഭാതം പിറക്കുന്ന പോലെ. കറുത്ത കാലത്തെ കീഴ്‌പ്പെടുത്തി തിളങ്ങുന്ന പുതുലോകം പണിയാന്‍ വന്നിട്ട് 1489 വര്‍ഷങ്ങള്‍. ചുട്ടുപൊള്ളുന്ന ചുറ്റുവട്ടങ്ങളിലും മരവിച്ചുറച്ച മനസകങ്ങളിലും മാതൃകയുടെ ദീപങ്ങളുണര്‍ത്തി നബിയോര്‍മകള്‍ തളിര്‍ക്കുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ക്കുമുന്‍പില്‍, രക്ഷാ മാര്‍ഗങ്ങളുടെ വാതിലുകള്‍ ആ ഓര്‍മകള്‍ തുറന്നുതരുന്നു.
സമസ്യകള്‍ എന്തുമാകട്ടെ, തിരുനബി പൂരിപ്പിക്കാത്ത പൂരണങ്ങള്‍ അന്നോ ഇന്നോ ഉണ്ടാവില്ല. കാലങ്ങളും ദേശങ്ങളും നബിയില്‍ ഒന്നിക്കുന്നു. ചരിത്രവും വര്‍ത്തമാനവും ആ സവിധത്തില്‍ കണ്ടുമുട്ടുന്നു. മതങ്ങളുടെ വേര്‍തിരിവുകള്‍ക്കപ്പുറത്ത് മനുഷ്യത്വം തിളങ്ങുന്നു. നാസ്തികരും ആസ്തികരും തിരുനബിയെ നമിക്കുന്നു.
നബിയാഗമനത്തിന് മരുഭൂമി നിമിത്തമായതിനു പൊരുളുകള്‍ ഏറെയുണ്ട്. മരുഭൂമിയും അതിലെ അറബികളും അന്ന് ഒരുപോലെയായിരുന്നു. ചുട്ടുപൊള്ളുന്ന ഉപരിതലവും ഒരു തുള്ളി നനവിനായി കേഴുന്ന ആന്തരികതലവുമാണ് മരുഭൂമിയുടേത്. അവിടെ ജീവിതം നിതാന്ത ജാഗ്രതയെ ആവശ്യപ്പെടുന്നു. ഏറെക്കുറെ, അന്നത്തെ അറബികളുടെ മന:ശാസ്ത്രവും ഇതുപോലെയായിരുന്നു. ക്ഷിപ്ര കോപികളും ശാഠ്യക്കാരുമായിരുന്നു അവര്‍.
നൂലറ്റ പട്ടംപോലെ സ്വന്തം ജനത അലക്ഷ്യസഞ്ചാരകരും അധര്‍മ വാഹകരുമായതില്‍ മനംനൊന്തിരുന്ന ചെറുപ്പക്കാരനായ 'അല്‍-അമീന്‍' ജബലുന്നൂറിലെ മലപൊത്തില്‍ ചെന്നിരിക്കുമായിരുന്നു പലപ്പോഴും. കാലത്തിന്റെ കാലുഷ്യങ്ങളോട് കലഹിക്കുന്ന വിപ്ലവകാരിയുടെ മനസ് പാകപ്പെട്ടത് ഈ പാറക്കെട്ടിലെ ഏകാന്തവാസത്തിലായിരുന്നു. പലപ്പോഴും ദിവസങ്ങളോളം മടങ്ങിവരാതെ അവിടെത്തന്നെ ധ്യാനനിരതനായി. പ്രിയതമനു പത്‌നി ഭക്ഷണവുമായി ചെന്നു. കൃസ്താബ്ദം 610 ഓഗസ്റ്റ് ഇരുപതിന് തിങ്കളാഴ്ച, ഉദയത്തിന് തൊട്ടുമുന്‍പുള്ള മുഹൂര്‍ത്തം; ആകാശ-ഭൂമികളുടെ ഉള്‍പൊരുളുകള്‍ പ്രകമ്പനം കൊണ്ട സന്ദര്‍ഭം, ഇനിയും തെളിയാത്ത ഇരുളിന്റെയും ചെറുതായി വീശുന്ന മരുക്കാറ്റിന്റെയും മധ്യേ മൗനത്തിനു തീപിടിച്ച ജബലുന്നൂറിനകത്തു വെളിപാടിന്റെ വെളിച്ചപ്പാടുമായി മലക്കിറങ്ങി.
മരുഭൂമിയുടെ ഊഷരതയില്‍ വചനപ്രസാദങ്ങളുടെ നീരൊഴുക്കിന് അന്നാണ് നാന്ദിയായത്. അക്ഷരമിനാരങ്ങളും സ്‌നേഹസൗധങ്ങളും പരിവര്‍ത്തന ഗാഥകളും പിറന്നുതുടങ്ങിയ ആ ചെറിയ മലപ്പൊത്ത്; ഹിറ, സര്‍വ പ്രപഞ്ചങ്ങളിലും വച്ചേറ്റവും വിസ്മയമായി. ആദ്യാനുഭവത്തില്‍ വിറങ്ങലിച്ച തിരുനബി വീടണഞ്ഞു. വിയര്‍ത്തുകുളിച്ച നായകനു പനിപിടിച്ചു. പ്രപഞ്ചനാഥന്റെ നോട്ടവും നീട്ടവും ഏറ്റെടുക്കാന്‍ നബി വഴങ്ങിത്തുടങ്ങി. പുതപ്പിട്ടു മൂടിയ വിറയാര്‍ന്ന നബിയെ നാഥന്‍ നേരിട്ടുണര്‍ത്തി. പിന്നെ ഉണര്‍വിന്റെ നാളുകള്‍.
അനുസരിക്കപ്പെടുക മാത്രം ചെയ്ത നേതാക്കള്‍ ലോകത്തു വേറെയുമുണ്ട്. പക്ഷേ, തിരുനബി അനുസരിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്തു. ചെയ്തതുപോലെ ചെയ്യാന്‍, നടത്തത്തിന്റെ പാദചലനങ്ങള്‍ പോലും അനുയായികള്‍ എണ്ണിവച്ചു. സ്വയം നടക്കുമ്പോള്‍ അത്രയും എണ്ണം അവരും പാദം പതിപ്പിച്ചു.
ജീവചരിത്രങ്ങളും വ്യക്തി ചരിത്രങ്ങളുമെല്ലാം ലോകത്ത് പലരെക്കുറിച്ചും ധാരാളം രചിക്കപ്പെട്ടു. പക്ഷെ, ഒരു വ്യക്തിയുടെ കാലടി മുതല്‍ തലമുടി വരെ വരുന്ന വിശേഷങ്ങള്‍, കാലിലണിഞ്ഞ പാദരക്ഷ, ഉടുത്തണിഞ്ഞ പുടവകള്‍, ചിരിയും കരച്ചിലും, ഭാവവും ഭാഷയും, വാക്കും മൗനവും, ഇണയും തുണയും... ഇതെല്ലാം ആധാരമാക്കി ആയിരക്കണക്കിനു ഗ്രന്ഥങ്ങള്‍ തിരുനബിയെ കുറിച്ച് പിറന്നു. താടിരോമങ്ങളില്‍ നരബാധിച്ചവയുടെ എണ്ണം പറഞ്ഞ് പില്‍ക്കാലം സംവാദം നടത്തി. തിരുനബിയുടെ ചെരുപ്പിനെ വര്‍ണിച്ചുകൊണ്ടുമാത്രം നൂറുകണക്കിന് ഈരടികളുള്ള ഗ്രന്ഥങ്ങള്‍ കാണാം. 'അല്‍ ഫത്ഹുല്‍ മുതആല്‍, ഫീ മദ്ഹിന്നിആല്‍' പോലെ.
ദുഃഖമാണ് എന്റെ കൂട്ടുകാരന്‍ എന്നു പറഞ്ഞ തിരുനബി, അസ്വസ്ഥതയുടെയും ആഭിമുഖ്യത്തിന്റെയും മധ്യേയാണ് ജീവിതത്തെ നിര്‍ത്തിയത്. ദിവ്യസൂക്തങ്ങള്‍ അവതരിക്കവെ നെറ്റിത്തടം സജലമാവുകയും പാരായണം ചെയ്യവെ കണ്‍തടം നനഞ്ഞുകുതിരുകയും ചെയ്തിരുന്നു. പുഞ്ചിരി ആരാധനയാണെന്നരുളിയ നബി, ദൈവമാര്‍ഗത്തിലെ കണ്ണീര്‍ നരഗാഗ്നിയെ കെടുത്തുമെന്നും പറഞ്ഞു.
പ്രാപഞ്ചികമായ നിഗൂഢതകള്‍ ഞാനറിയുന്നതുപോലെ നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ സ്വല്‍പം മാത്രം ചിരിക്കുകയും ഏറെ കരയുകയും ചെയ്യുമായിരുന്നുവെന്ന് തിരുനബി ഉണര്‍ത്തി. ജീവിത യാഥാര്‍ഥ്യങ്ങള്‍ ഏറെ പരാമര്‍ശിക്കുന്ന 'ഹൂദ്', അന്ത്യനാളിന്റെ ഭയാനകത വിശദീകരിക്കുന്ന 'കുവ്വിറത്ത്' എന്നീ ഖുര്‍ആനിക അധ്യായങ്ങളാണ് എന്നെ നരപ്പിച്ച് കളഞ്ഞതെന്ന് ഒരിക്കല്‍ നബി പറയുകയുണ്ടായി.
ഇരുപത്തിയഞ്ചു കൊല്ലം തണലേകിയ ഖദീജ പോയിമറഞ്ഞു; നാട്ടുകാരുടെ എതിര്‍പ്പുകള്‍ക്കിടയില്‍ നിന്നും രക്ഷയേകിയ പിതൃവ്യന്‍ അബൂത്വാലിബും വിടപറഞ്ഞു. തിരുദൂതരുടെ മനസില്‍ ദുഃഖക്കടല്‍ അലയടിച്ചു. അകന്ന ബന്ധുക്കള്‍ കൈവിടില്ലെന്ന ധാരണയോടെയാണ് മലകയറി പച്ചവിരിച്ച ത്വാഇഫിലെത്തിയത്.
എതിരേറ്റത് കല്ലേറും തെറിവിളിയുമായിരുന്നു. പുണ്യരക്തം മണലില്‍ ചിതറി. കാലം നടുങ്ങിയ പാതകത്തില്‍ നബി മോഹാലസ്യപ്പെട്ടു. മടങ്ങുംവഴി മലക്ക് വന്നു. പീഡകരെ നശിപ്പിക്കാന്‍ സമ്മതം തേടി. നബി ഗദ്ഗദപ്പെട്ടു. അലിവിന്റെ അലകടല്‍ കണ്ടു ചരിത്രം കോരിത്തരിച്ചു. വിസമ്മതിച്ചു മാലാഖയെ തിരിച്ചയച്ചു. ഇവരോ, പിന്മുറക്കാരോ സത്യം പിന്നീടൊരിക്കല്‍ കണ്ടെത്തും; പ്രവാചകന്‍ പ്രത്യാശിച്ചു, പ്രാര്‍ഥിച്ചു. ആകാശലോകം ഏറ്റുപറഞ്ഞു.
കണ്ണുകള്‍ ദാഹിച്ച കാത്തിരിപ്പിനൊടുവിലാണ് മദീനക്കാര്‍ക്കു നബിയെ കിട്ടിയത്. ആതിഥ്യമരുളാന്‍ അവിടെ ഉള്ളവനും ഇല്ലാത്തവനും തന്നാലാവുംവിധം ഭവനങ്ങളലങ്കരിച്ചു. ദിവ്യ കല്‍പിതമായ ഒട്ടകം; ഖസ്‌വാഇന് വിട്ടുകൊടുത്തു. പരാതികള്‍ക്കിടം ഒന്നിലും നല്‍കിയിരുന്നില്ല. ഒട്ടകം ആദ്യം മുട്ടുകുത്തിയത് അനാഥ ബാലന്‍മാരുടെ മണ്ണിലായിരുന്നു.
അവിടെ മസ്ജിദുയര്‍ന്നു. പിന്നെ, വീടലങ്കരിക്കാന്‍ സമ്പത്തില്ലാത്തതിനാല്‍ ദുഃഖിതനായിരുന്ന അബൂ അയ്യൂബിന്റെ വീട്ടുമുറ്റത്തും. നബിയുടെ പാര്‍പ്പിടം പിന്നെ അതായി. പാവങ്ങളോടും നിരാലംബരോടുമാണ് തന്റെ പ്രഥമ പ്രതിപത്തി എന്നു പ്രവാചകന്‍ വിളംബംരം ചെയ്തു. അബൂ അയ്യൂബിന്റെ സന്തോഷത്തിനിപ്പോള്‍ അതിരുകളില്ല. വീട്ടിനകത്തു രണ്ടു തട്ടുകളായിരുന്നു. മുകള്‍നില നബിക്കാണെന്നായിരുന്നു ആദ്യ ധാരണ. നബിയുടെ മീതെ താനും കുടുംബവും കിടന്നുറങ്ങുന്നത് ആ സഹൃദയന് അസഹ്യമായിരുന്നു. പക്ഷെ, സന്ദര്‍ശകരുടെ സൗകര്യം പറഞ്ഞു പ്രവാചകന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ താഴെ നില നബിക്കായി.
പൂര്‍ണമാവുകയാണ്... അറഫാ മൈതാനം നിറഞ്ഞു തുളുമ്പിയിരിക്കുന്നു. യുദ്ധങ്ങളുടെ മരുഭൂമികള്‍ താണ്ടി, സഹനങ്ങളുടെ കടലുകള്‍ കടന്നു. മാപ്പിന്റെ മാമലകള്‍ പണിതു. തുടങ്ങിവച്ചവര്‍ പലരും യാത്രയായി, മക്ക അധീനത്തിലായി, ശത്രുക്കള്‍ മിത്രങ്ങളായി, എല്ലാം തിരുനബിയുടെ വെളിച്ചത്തിലായി. മതവും മനുഷ്യാവകാശവും നിര്‍ണയിച്ചു തീര്‍ത്ത് തിരുനബി പ്രസംഗിച്ചു.
പ്രവാചകനിയോഗം പൂര്‍ണത പ്രാപിക്കുകയാണ്. മാലാഖ പറന്നുവന്നു. ദീന്‍ പൂര്‍ത്തീകരണത്തിന്റെ വേദവചനം അവതരിച്ചു. ശുക്‌റിന്റെ കടലിരമ്പി. തിരുനബിയും സമാപിക്കുകയാണെന്നറിഞ്ഞ ചില പ്രമുഖര്‍ക്കു നിയന്ത്രണം നഷ്ടമായി.
'ഇവിടെ ഹാജറായവര്‍ ഹാജറാകാത്തവര്‍ക്ക് ഇത് എത്തിച്ചുനല്‍കട്ടെ.' അനുചരര്‍ അതു നെഞ്ചേറ്റെടുത്തു. ആകാശത്തേക്കു കൈകളുയര്‍ത്തി തിരുനബി മൊഴിഞ്ഞു. 'അല്ലാഹുവേ, നീ സാക്ഷി, നീ സാക്ഷി, നീ സാക്ഷി.' പ്രാപഞ്ചിക പ്രവാഹത്തിനിടെ ഒരിക്കല്‍ മാത്രം സംഭവിച്ച ആ അനര്‍ഘ സന്ദര്‍ഭത്തിന്റെ സൗന്ദര്യത്തിനുമേല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."