ബസുകള്‍ പോകേണ്ടവഴി പോകുന്നില്ല; കാണേണ്ടവര്‍ കാണുന്നുമില്ല!
പള്ളിക്കല്‍: ഗതാഗതക്കുരുക്കിന്റെ പേരില്‍ ബസുകള്‍ റൂട്ട് മാറി സര്‍വിസ് നടത്തുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാലക്കാട്, മലപ്പുറം, മഞ്ചേരി എന്നിവടങ്ങളില്‍നിന്നു കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള നിരവധി ബസുകളാണ് പലപ്പോഴും ഇത്തരത്തില്‍ റൂട്ട് മാറി സര്‍വിസ് നടത്തുന്നത്.
രാമനാട്ടുകര ബൈപാസ് ജങ്ഷനില്‍ ഓവര്‍ ബ്രിഡ്ജിന്റെ പ്രവര്‍ത്തി നടക്കുന്നതിനാലുള്ള വന്‍ ഗതാഗതക്കുരുക്കാണ്. ഇതുകാരണമാണ് പല ബസുകളും കൊട്ടപ്പുറത്തുനിന്നു തിരിഞ്ഞ് പള്ളിക്കല്‍ബസാര്‍, കാക്കഞ്ചേരി വഴി കോഴിക്കോട്ടേക്കു പോകുന്നത്. ബസുകള്‍ ഇതുവഴി പോകുന്നതുമൂലം പുളിക്കല്‍, ഐക്കരപ്പടി, പതിനൊന്നാംമൈല്‍, വൈദ്യരങ്ങാടി എന്നീ ടൗണുകളിലും ഇതിനിടയിലുള്ള സ്റ്റോപ്പുകളിലും ഇറങ്ങേണ്ട യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുകയാണ്.
യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുന്നത് പലപ്പോഴും വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്. അധികൃതരുടെ അനുമതിയില്ലാതെ യാത്രക്കാരെ പ്രയാസപ്പെടുത്തി റൂട്ട് മാറി സര്‍വിസ് നടത്തുന്ന ബസുകളുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ പൊലിസ് തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. വഴിയില്‍ ഇറങ്ങേണ്ടിവരുന്ന യാത്രക്കാര്‍ ലക്ഷ്യസ്ഥലത്തെത്താന്‍ ഓട്ടോ വിളിച്ചോ മിനിബസില്‍ കയറിയോ പോകേണ്ട അവസ്ഥയാണ്.
രാമനാട്ടുകര ബൈപാസ് റോഡിലെ ഗതാഗതക്കുരുക്കുമൂലം വിമാനത്താവളത്തിലേക്ക് പോകുന്നവരുള്‍പ്പെടെ മണിക്കൂറുകളോളമാണ് പ്രയാസപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."