കോപൈസ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് തേഞ്ഞിപ്പലത്തെ സൈബര്‍ ഗ്രാമം
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കുമായി സഹകരിച്ച് ചേളാരി സൈബര്‍ ഗ്രാമത്തില്‍ നടപ്പാക്കുന്ന കോപൈസ (ഡിജിറ്റല്‍ കറന്‍സി) പദ്ധതിയ്ക്ക് തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനും സൈബര്‍ ഗ്രാമവാസിയുമായ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റ് പി.കെ പ്രദീപ് മേനോന് അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ നല്‍കികൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ സൈബര്‍ ഗ്രാമം ചെയര്‍മാന്‍ പി.എം.മുഹമ്മദലി ബാബു അധ്യക്ഷനായി. രാജ്യത്ത് വരാന്‍പോകുന്ന ഡിജിറ്റല്‍ ബാങ്കിങ് സിസ്റ്റത്തിലേക്ക് ഒരു ഗ്രാമത്തിലെ ജനങ്ങളെ എത്തിക്കാന്‍ സഹകരണ മേഖലയില്‍ ഇന്ത്യയില്‍ ആദ്യമായി തേഞ്ഞിപ്പലം റൂറല്‍ ബാങ്ക് നടപ്പിലാക്കിയ കോപൈസ പദ്ധതി സൈബര്‍ ഗ്രാമത്തില്‍ നടപ്പിലാക്കാന്‍ സൈബര്‍ ഗ്രാമത്തിന്റെ ചെയര്‍മാനും ബാങ്ക് പ്രതിനിധിയും നേരത്തേ ഒപ്പു വച്ചിരുന്നു.
ഓട്ടോ, ടാക്‌സി ചാര്‍ജ്ജുകള്‍ നല്‍കാനും മൊബൈല്‍ഫോണ്‍ വഴി സാധനങ്ങള്‍ വാങ്ങാനും മൊബൈല്‍ റീചാര്‍ജ്ജ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് പദ്ധതി ഉപകരിക്കും. സൈബര്‍ ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും നേരിട്ടെത്തിയാണ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്. സൈബര്‍ ഗ്രാമത്തിലെ അംഗങ്ങള്‍ക്ക് അനായാസ ലോണ്‍ സൗകര്യം ലഭ്യമാക്കുവാന്‍ റൂറല്‍ ബാങ്കുമായി സൈബര്‍ ഗ്രാമം നേതൃത്വം ധാരണയിലെത്തിയിട്ടുമുണ്ട്. സീറോ അക്കൗണ്ടിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാപാരി വ്യവസായ ഏകോപന സമിതിയുമായി സഹകരിച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സൈബര്‍ ക്ലബ്ബ് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഡിസംബര്‍ 30നകം പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കും. ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡ് ഉള്‍കൊള്ളുന്ന പ്രദേശമാണ് സൈബര്‍ ഗ്രാമം. 2005-2010 വര്‍ഷത്തില്‍ ഇന്ത്യയിലെ ആദ്യ സൈബര്‍ ഗ്രാമമായിട്ടാണ് പിറവി. വാര്‍ഡിലെ മുഴുവന്‍ വീട്ടുകാര്‍ക്കും ഇ.മെയില്‍ ഐഡി, ഫെഡറല്‍, സൗത്തിന്ത്യന്‍ ബാങ്കുകളുമായി സഹകരിച്ച് എ.ടി.എം കാര്‍ഡ് നല്‍കല്‍ ,സമ്പൂര്‍ണ കംപ്യൂട്ടര്‍ പരിശീലനം നല്‍കുക തുടങ്ങിയ ഉദ്ദേശ്യവുമായിട്ടാണ് അന്നത്തെ വാര്‍ഡ് മെമ്പറായിരുന്ന പി.എം.മുഹമ്മദലി ബാബുവിന്റെ നേതൃത്വത്തില്‍ സൈബര്‍ ഗ്രാമം നിലവില്‍ വന്നത്. അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി ഡോ.എം.കെ മുനീറാണ് പത്താം വാര്‍ഡിനെ സൈബര്‍ഗ്രാമമായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."