തെറ്റിദ്ധാരണകള്‍ വ്യവസായരംഗത്തെ പിന്നോട്ടടിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ കേരളത്തിലെ വ്യവസായരംഗത്തെ പിന്നോട്ടടിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനമായ ട്രിമ-2016ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരംകൊണ്ടുള്ള തൊഴില്‍നഷ്ടം താരതമ്യേന കുറവുള്ള സംസ്ഥാനമാണു കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനപരമായ വ്യവസായാന്തരീക്ഷം നിലനില്‍ക്കുന്ന നാടുമാണിത്. കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടിയ പല വ്യവസായസ്ഥാപനങ്ങളും ഏറ്റെടുത്തു ലാഭകരമാക്കാന്‍ കേരളത്തിനു സാധിച്ചിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
സമഗ്രമായ വ്യവസായനയത്തിനു സര്‍ക്കാര്‍ രൂപംനല്‍കി വരികയാണ്. വ്യവസായം തുടങ്ങാനുള്ള നീണ്ട നടപടിക്രമങ്ങളും സങ്കീര്‍ണതകളും അതിന്റെ ഭാഗമായി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. വ്യവസായം അഭിവൃദ്ധിപ്പെടാന്‍ അടിസ്ഥാനസൗകര്യവികസനം അത്യാവശ്യമാണ്. പക്ഷേ, ബജറ്റ് വിഹിതംകൊണ്ടുമാത്രം അതു പൂര്‍ണമായും സാധ്യമാക്കാനാകില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കിഫ്ബി വിപുലപ്പെടുത്തി അടിസ്ഥാനസൗകര്യവികസനത്തിനായി ബജറ്റിന് പുറത്തുനിന്നുള്ള ധനസമാഹരണം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രിമ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം സണ്‍ടെക് സി.ഇ.ഒ നന്ദകുമാറിന് മുഖ്യമന്ത്രി സമ്മാനിച്ചു. വളര്‍ന്നുവരുന്ന മാനേജര്‍മാരെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടികളുടെ ഭാഗമായി മികച്ച പേപ്പര്‍ പ്രെസന്റേഷന് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ടി.എം.എകിംസ് അവാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ വിദ്യാര്‍ഥി എം.ഷാരോണിനും മുഖ്യമന്ത്രി സമ്മാനിച്ചു. ടി.എം.എ പ്രസിഡന്റ് എസ്.രാംനാഥ് അധ്യക്ഷനായി.
ട്രിമ കോ ചെയര്‍മാന്‍ എം.ആര്‍.സുബ്രമണിയന്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. ട്രിമ ജനറല്‍ കണ്‍വീനര്‍മാരായ എച്ച്.വിനോദ്, ജി. ഉണ്ണിക്കൃഷ്ണന്‍, പുരസ്‌കാരജേതാക്കളായ നന്ദകുമാര്‍, എം.ഷാരോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."