കാട്ടാനകളുടെ നാട്ടില്‍
ഒരു ആഫ്രിക്കന്‍ യാത്ര പുറപ്പെടും മുന്‍പു കേട്ടറിഞ്ഞ കാര്യങ്ങള്‍ മനസിലുറപ്പിച്ചാണ് വിമാനം കയറിയത്. കോളറയും പനിയും ഇപ്പോഴും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലേക്കുള്ള യാത്ര അതുകൊണ്ടു തന്നെ അല്‍പം ഭയപ്പെടുത്തുന്നതായിരുന്നു.
കാട്ടാനകളുടെ നാട്ടിലേക്കായിരുന്നു ആദ്യയാത്ര-തെക്കേ ആഫ്രിക്കയിലെ ബോട്‌സ്വാനയിലേക്ക്. അവിടുത്തെ കാടുകള്‍ നമ്മുടെ കാടുകളേതുപോലെ വൃക്ഷനിബിഡമല്ല. വെറും കുറ്റിക്കാടുകള്‍. വിമാനം താഴ്ന്നു പറക്കുമ്പോള്‍ ഈ കാട്ടിലൂടെ ആഫ്രിക്കയിലെ എല്ലാ മൃഗങ്ങളും സൈ്വര്യമായി നടന്നകലുന്നത് കാണാം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഈ കാടുകള്‍ക്കിടയില്‍ എല്ലാതരം മൃഗങ്ങളുമുണ്ട്. ആഫ്രിക്കന്‍ കാടുകള്‍ കാണാനുള്ള സഞ്ചാരികളുടെ കൂട്ടത്തിലാണ് യാത്ര എന്നതുകൊണ്ട് യാത്രയ്ക്കുള്ള എല്ലാ സന്നാഹങ്ങളുമുണ്ടായിരുന്നു. ഏറെ നേരം നീണ്ടുനിന്ന യാത്രയ്ക്കു ശേഷം ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗാബറോണില്‍ വിമാനമിറങ്ങുമ്പോള്‍ ലോകത്തിങ്ങനെയും വിമാനത്താവളമുണ്ടോ എന്ന ചോദ്യം സഞ്ചാരികള്‍ പരസ്പരം ചോദിച്ചു. കാടിനകത്ത് ചെറിയ റണ്‍വേ നിര്‍മിച്ച് ചെറിയ കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു വിമാനത്താവളം. ഒരു മണിക്കൂര്‍ ഈ കേന്ദ്രത്തില്‍ വിശ്രമിച്ച് വീണ്ടും യാത്ര തുടര്‍ന്നു. അല്‍പസമയത്തിനു ശേഷം വിമാനം കസാനെയില്‍ ഇറങ്ങി. പുല്ലുകൊണ്ട് മേഞ്ഞതുപോലുള്ള ചെറിയ കുടിലുകള്‍ക്കിടയില്‍ ഒരു ചെറിയ വിമാനത്താവളം. ഇവിടുത്തെ കെട്ടിടങ്ങളെല്ലാം നിര്‍മിച്ചിരിക്കുന്നത് മുളയും പുല്ലും വനത്തില്‍ നിന്നുള്ള വിഭവങ്ങളും കൊണ്ട് മേഞ്ഞാണ്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഏതോ ഘോരവനത്തില്‍ എത്തിയ പ്രതീതി. ഇതാണ് കാട്ടാനകളുടെ നാട്-കസാനെ.
കസാനെയിലെ പുലര്‍ച്ചെയുടെ ഭംഗി വിവരണാതീതമാണ്. ജലാശയങ്ങളും പൂന്തോട്ടങ്ങളും വൃത്തിയുള്ള മുറികളുമായി ആഫ്രിക്കന്‍ കാടിനകത്ത് ഒരു റിസോര്‍ട്ട്! അതിലായിരുന്നു ഞങ്ങളുടെ താമസം. ഭക്ഷണശാലകള്‍ക്കും യോഗകേന്ദ്രങ്ങള്‍ക്കും മറ്റുമായി പ്രത്യേകതരം കാട്ടുനിര്‍മിതികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നേരം പുലര്‍ന്നുവരുന്നതേയുള്ളൂ. ഈ പട്ടണം കാട്ടാനകളുടേതാണെന്ന് പറഞ്ഞത് അന്വര്‍ഥമാക്കുന്ന കാഴ്ചകള്‍. സൂര്യനുദിച്ച് വരുന്നതിനനുസരിച്ച് കസാനെ പട്ടണം വളര്‍ന്നുകൊണ്ടിരുന്നു. ജനസംഖ്യ പതിനയ്യായിരത്തില്‍ താഴെ മാത്രം. ബോട്‌സ്വാനയിലെ ജനസംഖ്യ അറുപതിനായിരത്തില്‍ താഴെയാണ്. എന്നാല്‍, ഇവിടുത്തെ ആനകളുടെ എണ്ണം 12,0000 ആണെന്നാണ് ഇവിടുത്തെ സര്‍ക്കാര്‍ കണക്ക്. രാവിലെ പട്ടണം കാണാന്‍ ഇറങ്ങിയപ്പോഴാണ് ആനക്കാഴ്ചകള്‍ അത്ഭുതപ്പെടുത്തിയത്. കസാനെ പട്ടണം പൂര്‍ണമായും ആനകളുടെ നിയന്ത്രണത്തിലാണെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങള്‍. ഇവിടെ നഗരത്തെയും കാടിനെയും വേര്‍തിരിക്കാന്‍ പ്രത്യേക അതിര്‍ത്തികള്‍ ഇല്ലാത്തതുകൊണ്ട് കാട്ടാനക്കൂട്ടങ്ങള്‍ കസാനെ പട്ടണത്തില്‍ യാതൊരു കൂസലും കൂടാതെ അലസമായി ഉലാത്തുന്ന കാഴ്ച തികച്ചും വിസ്മയിപ്പിച്ചു.
പട്ടണത്തിലേക്കുള്ള ഓരോ വഴിയിലുമുണ്ട് കാട്ടാനകള്‍. നമ്മുടെ നാട്ടിലെ ചില അങ്ങാടികളില്‍ കാണുന്ന പശുക്കള്‍ പോലെ അങ്ങാടിയിലാകെ കാട്ടാനകള്‍. പട്ടണത്തിലേക്ക് ആള്‍ക്കൂട്ടങ്ങള്‍ വന്നുകൊണ്ടിരുന്നു. കച്ചവടക്കാര്‍, വാഹനങ്ങള്‍ എല്ലാം സജീവമാകാന്‍ തുടങ്ങിയിട്ടും ഈ ആനക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നും ഓടിയും തങ്ങളുടെ കാര്യങ്ങളില്‍ വാപൃതരായിക്കൊണ്ടിരുന്നു. കാടിനകത്തെ കസാനെ പട്ടണത്തില്‍ ഇത് നിത്യസംഭവമാണ്. ഇവിടത്തുകാര്‍ക്ക് ഇതിലൊന്നും അത്ഭുതമുള്ളതായി തോന്നിയില്ല.
ആഫ്രിക്കന്‍ ആനകള്‍ക്ക് നമ്മുടെ ആനകളേക്കാള്‍ ഉയരവും വണ്ണവും കൂടുതലാണ്. കൊമ്പുകള്‍ കണ്ടാല്‍ ഭയം തോന്നും. ഇവിടുത്തെ ചില പെണ്ണാനകള്‍ക്കും കൊമ്പുണ്ട്. എങ്കിലും ആനകള്‍ ഉപദ്രവകാരികളല്ലെന്ന് അവര്‍ പറയുന്നു. കാട്ടാനകള്‍ ആരെയും ഉപദ്രവിക്കാറില്ല. കൂട്ടം കൂട്ടമായി എത്തുന്ന ഗജരാജന്‍മാര്‍ പട്ടണം ചുറ്റിത്തിരിഞ്ഞ് അന്തിമയങ്ങുമ്പോള്‍ കാടുകളിലേക്ക് പോകും.
തെക്കേ ആഫ്രിക്കയിലെ നാലു രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കസാനെ. ബോട്‌സ്വാന, സാംബിയ, സിംബാവെ, നമീബിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണ് കസാനെ. ഈ രാജ്യങ്ങളിലൂടെ ഒഴുകിയൊലിക്കുന്ന ചോബെ, സാംബസി നദികള്‍ക്കിടയില്‍ മനോഹരമായ വനത്തിനകത്ത് കസാനെ എക്കാലത്തും വനസഞ്ചാരികള്‍ക്കായി മാത്രം വലിയൊരു ഭൂപ്രദേശം തുറന്നുവച്ചിരിക്കുന്നു. സഞ്ചാരികള്‍ക്കായി ഇവിടെ നിരവധി റിസോര്‍ട്ടുകളുണ്ട്. പൂര്‍ണമായും പ്രകൃതിയോട് ചേര്‍ന്നിണങ്ങിയവ. കാടിന്റെ താളങ്ങള്‍ക്കു ക്ഷതമേല്‍ക്കാതെയാണ് ഇവയെല്ലാം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോള്‍ സീസണായതുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടെ എത്തിയിട്ടുണ്ട്. താരതമ്യേന ചെലവു കൂടിയ യാത്രയാണിത്. ഭക്ഷണത്തിനും താമസത്തിനുമൊക്കെ ചെലവു കൂടും.
സന്ധ്യമയങ്ങുന്നു. പട്ടണം വിജനമായി. കാട്ടാനകള്‍ തങ്ങളുടെ ഭവനങ്ങളിലേക്കു തിരിച്ചുകയറിത്തുടങ്ങി. ഞങ്ങള്‍ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ഇരുട്ടു പരന്നിരുന്നു. രാത്രി ഞങ്ങളുടെ സംഘാംഗങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ചെറിയ മൈതാനത്ത് ഈ പ്രദേശത്തെ ആദിവാസികള്‍ അവരുടെ പരമ്പരാഗത രീതിയില്‍ കൊട്ടും പീപി വിളിയുമായി മനോഹരമായ പാട്ടുകള്‍ പാടി നൃത്തം ചെയ്തു. സ്ത്രീകളും പുരുഷന്മാരും സാംബാ താളത്തില്‍ നൃത്തം ചെയ്തപ്പോള്‍ പരമ്പരാഗത സംസ്‌കൃതിയുടെ ആദിതാളങ്ങള്‍ക്കു മുന്‍പില്‍ ലയിച്ചുപോയിരുന്നു.
നേരം പുലര്‍ന്നുവരുന്നിന് മുന്‍പു തന്നെ ഞങ്ങളെ കാട്ടിലേക്ക് കൊണ്ടുപോവാനുള്ള വാഹനങ്ങള്‍ നിരനിരയായി റിസോര്‍ട്ടിനു മുന്നില്‍ എത്തിയിരുന്നു. ചോംബെ നാഷനല്‍ പാര്‍ക്കിലേക്കാണ് യാത്ര. ആഫ്രിക്കയിലെ സഫാരി കേന്ദ്രങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് ചോംബെ. ആഫ്രിക്കയിലെ ഏറ്റവും വലിയ വന്യമൃഗകേന്ദ്രവുമാണത്. ഒരാഴ്ചക്കാലം സഫാരി നടത്തിയാല്‍ പോലും ഇവിടെയുള്ള കാടിന്റെ ഒരറ്റത്തേക്ക് എത്താനാവില്ല. എങ്കിലും രണ്ടു ദിവസം പൂര്‍ണമായും ഈ കാടിനെ ആസ്വദിക്കണം. ആഫ്രിക്കന്‍ കാടിനകത്തെ മൃഗങ്ങളെ നേരിട്ട് കാണണം. രാവിലെ ആറു മുതല്‍ ഒന്‍പതുവരെയും വൈകിട്ട് നാലു മുതല്‍ ഏഴുവരെയുമാണ് ഈ ലോകപ്രശസ്ത സഫാരി പാര്‍ക്കിലെ കാഴ്ചകള്‍ കാണാനുള്ള സമയം. നിരവധി വണ്ടികളാണ് സഫാരിക്കായി കസാനെയില്‍ നിന്ന് പുറപ്പെടുന്നത്. സഫാരിക്ക് മാത്രമായിട്ടുള്ളതാണ് ഈ വാഹനങ്ങള്‍. തുറന്ന വലിയ ജീപ്പിലാണ് മൃഗങ്ങളെ കാണാനുള്ള യാത്ര. വലിയ ടയറുകളുള്ള ജീപ്പ് ഏതു ചതുപ്പ് നിലവും കയറിയിറങ്ങും. ഡ്രൈവര്‍മാര്‍ അതീവ സമര്‍ഥരാണ്. ഇവരുടെ കൈയില്‍ മൊബൈലും തോക്കുകളുമുണ്ടാവും. അഥവാ യാത്രക്കിടെ വന്യമൃഗങ്ങള്‍ ഉപദ്രവിച്ചാല്‍ അവയെ നേരിടാനുള്ള ആയുധവും ധൈര്യവും സംഭരിച്ചാണ് ഇവര്‍ സഞ്ചാരികളെ കൊണ്ടുപോവുന്നത്. ജീപ്പില്‍ കയറിയാല്‍ സഫാരിയില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഡ്രൈവര്‍ അയാള്‍ക്കറിയുന്ന ഭാഷയില്‍ സംസാരിക്കും. അനാവശ്യമായി ശബ്ദമുണ്ടാക്കരുത്, വാഹനത്തില്‍ നിന്ന് ഇറങ്ങരുത്, കളര്‍ വസ്ത്രങ്ങള്‍ ഇടരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഗൈഡും കൂടിയായ ഡ്രൈവര്‍ നല്‍കുന്നതോടെ കാട്ടിലേക്കുള്ള യാത്ര ആരംഭിക്കും.
ചോംബെ നദിക്കരയിലൂടെ പരന്നുകിടക്കുന്ന ആഫ്രിക്കന്‍ കാടുകളിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതേയുള്ളൂ. വന്‍സംഘമായി കാട്ടാനക്കൂട്ടം വരുന്നു. കുട്ടിയാനകളെ കാല്‍കൂട്ടിനകത്താക്കി വേഗതയില്‍ നടന്നുവരുന്ന കാട്ടാനക്കൂട്ടത്തെ കണ്ടപ്പോള്‍ ഭയന്നു വിറച്ചുപോയി. വണ്ടി അനങ്ങാതെ ഏതാനും നേരം നിര്‍ത്തിയപ്പോള്‍ വണ്ടിക്കരികിലൂടെ കാട്ടാനക്കൂട്ടം കടന്നുപോയി. പിന്നെയും നിരവധി കാട്ടാനക്കൂട്ടങ്ങള്‍ ഞങ്ങളുടെ വണ്ടിയെ തൊട്ടും തലോടിയും കടന്നുപോയി. ചോംബെ നദി പരന്നൊഴുകുകയാണ്. ഈ നദിക്കരയില്‍ കാട്ടാനക്കൂട്ടങ്ങള്‍ നടത്തുന്ന പേക്കൂത്തുകള്‍ കാണേണ്ടതു തന്നെ. വളരെ പതുക്കെ പോകുന്ന വാഹനത്തില്‍ നിന്ന് കാടിന്റെ ഇരുവശത്തേക്കും നോക്കുമ്പോള്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്ന് മൃഗങ്ങളുടെ കരച്ചിലുകള്‍, സംഭാഷണങ്ങള്‍ ഒക്കെ കേള്‍ക്കാം. കാടിനകത്തേക്ക് പ്രവേശിക്കുംതോറും ഭയം കൂടിവന്നു. ഇതിനിടയിലാണ് ഡ്രൈവര്‍ ഒരു പുള്ളിപ്പുലിയെ കാണിച്ചു തന്നത്. പിന്നീടുള്ള യാത്രയില്‍ സിംഹം, പുലി, കരടി, കാട്ടുപോത്ത്, ജിറാഫ്, ഹെയ്‌ന, പിന്നെ നിരവധി പേരുകളില്‍ അറിയപ്പെടുന്ന നിരവധി മാന്‍കൂട്ടങ്ങളും. ആദ്യദിവസത്തെ യാത്രയില്‍ കണ്ട മൃഗങ്ങള്‍ക്ക് വ്യക്തമായ കണക്കില്ല. അത്രയധികള്‍ വന്യമൃഗങ്ങളാണ് ഈ ആഫ്രിക്കന്‍ കാട്ടില്‍ കഴിയുന്നത്. സിംഹവും പുലിയും കാട്ടാനകളും കരടിയും സീബ്രയും ജിറാഫും എല്ലാം ഒരേകാട്ടില്‍; അടുത്തടുത്ത്. മുന്‍പ് ചാനലുകളില്‍ മാത്രം കണ്ട അതേ കാഴ്ചകള്‍ തൊട്ടുമുന്നില്‍. ഇടതൂര്‍ന്ന നിബിഡവനങ്ങള്‍ ഇവിടെയില്ല. ഈ പ്രദേശം മുഴുവന്‍ കുറ്റിക്കാടുകളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇത്രയധികം മൃഗങ്ങളെ വ്യക്തമായി അടുത്തുകാണാന്‍ കഴിയുന്നത്, ഇത്രയധികം മൃഗങ്ങള്‍ ഒന്നിച്ചുകഴിയുന്നത് ആഫ്രിക്കയില്‍ മാത്രമാണ്.
രണ്ടാം ദിവസത്തെ യാത്ര ചോംബെ നദിയിലൂടെയാണ്. പരന്നൊഴുകുന്ന ചോംബെ നദി തികഞ്ഞ അപകടകാരിയാണ്. ചതുപ്പും പാറക്കെട്ടുകളും ധാരാളം. ചെറിയ ചെറിയ ബോട്ടുകളിലാണ് യാത്ര. ബോട്ട് ഓടിക്കുന്നയാള്‍ വിദഗ്ധനല്ലെങ്കില്‍ ചോംബെയിലെ മുതലകള്‍ ആക്രമിക്കും. ബോട്ടില്‍ കയറി നീണ്ട പുല്ലുകള്‍ വകഞ്ഞുമാറ്റി മുന്നോട്ടുപോകുമ്പോഴാണ് ഒരു സിംഹവും കുട്ടിയും പുല്ലുകള്‍ക്കിടയിലൂടെ ഇറങ്ങിവന്ന് വെള്ളം കുടിക്കുന്നത് കണ്ടത്. ബോട്ടിന്റെ ശബ്ദം സിംഹത്തെ പ്രകോപിപ്പിച്ചതുപോലെ തോന്നി. ബോട്ടിലുള്ളവരെ ഒരു നോട്ടം. ആകെ വിറച്ചുപോയ നിമിഷങ്ങള്‍. ധാരാളം മൃഗങ്ങളാണ് ഈ അസ്തമയ നേരത്ത് ചോംബെയില്‍ നീരാടാന്‍ ഇറങ്ങുന്നത്. അസ്തമയ സമയത്ത് ചോംബെയില്‍ ഇറങ്ങുന്നത് തികച്ചും സാഹസികം തന്നെയാണ്.
ബോട്ട് വീണ്ടും യാത്ര തുടര്‍ന്നു. മുതലകളുടെ ആവാസകേന്ദ്രമായ ചതുപ്പുനിലങ്ങളിലേക്ക് ബോട്ട് എത്തിയതോടെ മുതലകള്‍ അനങ്ങാതെ കിടന്നു. നിരവധി മുതലകളാണീ ചതുപ്പുനിലത്തില്‍ കഴിയുന്നത്. വ്യത്യസ്ത വലിപ്പത്തിലുള്ള മുതകള്‍. ഇതിനിടെ വ്യത്യസ്ത തരം പക്ഷിക്കൂട്ടങ്ങള്‍ ചോംബെയിലൂടെ പറന്നുവന്ന് മുതലകള്‍ക്കു മുകളില്‍ ഇരുന്നു. മനോഹരങ്ങളായ പക്ഷിക്കൂട്ടങ്ങളും ആഫ്രിക്കന്‍ കാടുകളുടെ പ്രത്യേകതയാണെന്ന് ബോട്ട് ഡ്രൈവര്‍ പറഞ്ഞു. കുറേയധികം ദൂരം പിന്നിട്ട് ബോട്ട് തിരിച്ചു പോരുമ്പോള്‍ സൂര്യന്‍ അസ്തമയത്തോട് അടുത്തിരുന്നു. കാട്ടിലും നദിയിലും മൃഗങ്ങളുടെ സഞ്ചാരത്തിന് വേഗത കൂടുന്ന സമയം. അതുകൊണ്ടു തന്നെ സാഹസികമായിരുന്നു ഈ യാത്ര.
മൂന്നു ദിവസത്തെ കസാനെ യാത്ര നല്‍കിയ അനുഭവങ്ങള്‍ വിവരണാതീതം. ചോംബെ നദിയും ഇവിടുത്തെ ഗോത്രസമൂഹങ്ങള്‍, അവരുടെ ആചാരങ്ങള്‍, രീതികള്‍ എല്ലാം തന്നെ വ്യത്യസ്തമായിരുന്നു. ആഫ്രിക്കന്‍ കാടുകളിലെ മൃഗനീതി പുത്തന്‍ അനുഭവസാക്ഷ്യമായിരുന്നു. കസാനെയില്‍ നിന്ന് ഉച്ചയ്ക്കു ശേഷമാണ് തിരിച്ചുള്ള യാത്ര ആരംഭിക്കുന്നത്. അതിനു മുന്‍പായി ഒരിക്കല്‍ കൂടി കസാനെയിലെ ആനക്കൂട്ടങ്ങളെ കാണാന്‍ പട്ടണത്തിലേക്കിറങ്ങി. എന്തെങ്കിലും ആഫ്രിക്കന്‍ വിഭവങ്ങള്‍ വാങ്ങുക എന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. ഇതിനിടയിലാണ് മലയാളിയാണോ എന്ന ചോദ്യവുമായി ഒരു ആഫ്രിക്കക്കാരന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി കസാനെയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ രാജുവാണ് എന്നെ തിരിച്ചറിഞ്ഞത്. കസാനെയിലെ ജീവിതങ്ങളെക്കുറിച്ചും ആഫ്രിക്കന്‍ രീതിയെക്കുറിച്ചുമൊക്കെ കിട്ടിയ നേരം കൊണ്ട് രാജു സംസാരിച്ചു. കുടുംബമായി കസാനെയില്‍ കഴിയുന്ന രാജു നാട്ടില്‍ വന്നിട്ട് ഇപ്പോള്‍ അഞ്ചുവര്‍ഷമായി. ഇവിടെ മറ്റൊരു മലയാളി കുടുംബവും താമസക്കാരായിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിടിച്ചു പറിയും തട്ടിക്കൊണ്ടുപോകലുമൊക്കെ നിരന്തരം സംഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കസാനെ പ്രദേശവും പിന്നിലല്ല എന്ന് രാജു പറഞ്ഞപ്പോഴാണ് തുടര്‍ന്നുള്ള യാത്രയ്ക്ക് അതൊരു മുന്നറിയിപ്പായി തോന്നിയത്. കസാനെയില്‍ നിന്ന് വിമാനം പറന്നുയരുമ്പോള്‍ പട്ടണത്തില്‍ ധാരാളം കാട്ടാനക്കൂട്ടങ്ങള്‍ അലസമായി ഉലാത്തുന്നത് ഉയരങ്ങളില്‍ നിന്ന് കാണാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."