വികസനമല്ല, സര്‍വോദയമാണ് വേണ്ടത്
വികസനം ലോകത്തെ, ഭൂമിയെ തകര്‍ത്തുകൊണ്ടിരിക്കുന്നത് നാം കാണുന്നു, അനുഭവിക്കുന്നു. പക്ഷേ ആരും അതിനെതിരായി ഒന്നും മിണ്ടുന്നില്ല. മിണ്ടുന്നവരെ പിന്തിരിപ്പന്‍മാരായി കുറ്റപ്പെടുത്തുന്നു. 42 ഡിഗ്രിച്ചൂടില്‍ കേരളത്തെ എത്തിച്ചത് വികസനമാണെങ്കില്‍ ആ വികസനത്തെ രാജ്യദ്രോഹമായി തിരിച്ചറിയണം. വെള്ളവും മഴയും പാറയും പുഴയും വായുവും തച്ചുതകര്‍ക്കുന്ന ചെകുത്താനിയന്‍ സങ്കല്‍പമാണ് വികസനം. വികസനമെന്ന സങ്കല്‍പം മനുഷ്യവിരുദ്ധമാണ്. അത് മനുഷ്യന്റെ വംശത്തെയും മുടിക്കും. മുതലാളിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും താരങ്ങള്‍ക്കുമാണ് വികസനം കൊണ്ട് ഉപയോഗമുള്ളത്. മറ്റുള്ളവര്‍ക്കുപയോഗമുണ്ടെന്ന് തല്‍ക്കാലം തോന്നുമെങ്കിലും കുറേക്കഴിയുമ്പോള്‍ പ്രകൃതിനാശത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല. പണമുള്ളവര്‍ കടുത്ത വേനലിനെയും വെള്ളപ്പൊക്കത്തെയും ദാരിദ്ര്യത്തെയും അതിജീവിക്കും. മധ്യവര്‍ഗവും ദരിദ്രരും ചത്തടിയുന്ന അവസ്ഥ വന്നുകഴിഞ്ഞു. അതുകൊണ്ട് നമുക്ക് വികസനമല്ല, സര്‍വോദയമാണ് വേണ്ടത്. കുറച്ചാളുകള്‍ക്ക് പണമുണ്ടാക്കി നിലനില്‍ക്കാനുള്ള അവസ്ഥ മാറി എല്ലാപേര്‍ക്കും നിലനില്‍ക്കണമെങ്കില്‍ കാടും വെള്ളവും മഴയും പുലിയും മൈനയും പാറയും മരങ്ങളും ശലഭവും നിലനില്‍ക്കണം. അതിനായി കാലാവസ്ഥ വീണ്ടെടുക്കണം.
നമ്മുടെ വീട്ടുമുറ്റത്തെ വെള്ളത്തെ നഷ്ടപ്പെടുത്തി കുപ്പിവെള്ളം വാങ്ങുന്നതിനാണ് നാം വികസനെമെന്നു വിളിക്കുന്നത്. മഴയില്ലാതാക്കി ഷവറിനുകീഴില്‍ കുളിക്കുന്നതിലെന്തര്‍ഥമാണുള്ളത്. മഴയെയും വീട്ടുമുറ്റത്തെ വെള്ളത്തെയും തിരിച്ചുകൊണ്ടു വരുന്നതാണ് സര്‍വോദയം. വികസനമെന്ന സങ്കല്‍പം നമ്മെയെല്ലാം വംശനാശത്തിലാക്കുമെന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് അടിയന്തരമായി വികസനത്തെ പുറത്താക്കി സര്‍വോദയത്തെ സ്വീകരിക്കണം. അതിനായുള്ള ചര്‍ച്ച നാം ആരംഭിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. നമ്മെ രക്ഷിക്കാന്‍ വികസനത്തില്‍ നിന്ന് കോടികളുണ്ടാക്കി സുരക്ഷിതരായി ജീവിക്കുന്ന ഭരണകൂടവും മുതലാളിമാരും താരങ്ങളും വരില്ല. നാം തന്നെ അതിനായി പരിശ്രമിക്കണം. ലത്തൂരിലും മറാത്തവാഡയിലും മനുഷ്യരും ജന്തുസസ്യജാലങ്ങളും ഒരു തുള്ളി വെള്ളമില്ലാതെ കേഴുകയാണ്, രമിക്കുകയാണ്. 40 പ്രാവശ്യം വോട്ടിനായി പര്യടനം നടത്തിയ പ്രധാനമന്ത്രി അവരെ ഇതുവരെ സന്ദര്‍ശിച്ചില്ല. രാഷ്ട്രീയക്കാരുടെ അഴിമതിയാണ് അവിടെ വരള്‍ച്ചക്കു കാരണമായതെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഏഴു പുഴകളും വറ്റിവരണ്ടു. 11 അണക്കെട്ടുകളും വറ്റി. ഭൂഗര്‍ഭജലവും വറ്റി. കേരളത്തിനും ആ അവസ്ഥയിലേക്ക് അധികം ദൂരമില്ല.
വികസനമെന്ന സങ്കല്‍പം എത്ര തന്നെ അംഗീകരിക്കപ്പെട്ടതാണെങ്കിലും അത് പ്രകൃതിവിരുദ്ധമായ ഒന്നാണ്. വികസനമെന്നതിനര്‍ഥം തന്നെ വലുതാക്കല്‍, വിപുലമാക്കല്‍, പെരുപ്പിക്കല്‍ എന്നാണ്. ഇവിടെ മനുഷ്യന്റെ പുരോഗതിയുമായി ബന്ധപ്പെടുത്തിയാണ് വികസനമെന്ന ആശയത്തെ നാം ഉപയോഗിക്കുന്നത്. മനുഷ്യര്‍ക്ക് കൂടുതല്‍ ജീവിതസൗകര്യങ്ങള്‍ ഉണ്ടാക്കുകയെന്നാണ് അതിനര്‍ഥം. സൗകര്യങ്ങളെന്നാല്‍ സുഖം നല്‍കുന്ന കാര്യങ്ങള്‍ എന്നാണ് വിവക്ഷ. എളുപ്പത്തില്‍ കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ സുഖമുണ്ടാകുന്നുവെന്ന് വികസനവാദികള്‍ വിശ്വസിക്കുന്നു.
എളുപ്പത്തില്‍ വെള്ളം ലഭിക്കുന്നത് വികസനമാണ്, സൗകര്യമാണ്, സുഖമാണ്. അതിന് നാം കിണറ്റില്‍ നിന്ന് വെള്ളം പമ്പുവഴി ഉയരത്തിലുള്ള ടാങ്കിലേക്ക് മോട്ടോറിന്റെയും വൈദ്യുതിയുടെയും സഹായത്തോടെ എത്തിക്കുകയും അതില്‍ നിന്ന് ഇഷ്ടാനുസൃതം വീടിനകത്തെ കക്കൂസുകളിലും അടുക്കളയിലും മുറ്റത്തും മറ്റും ലഭിക്കുവാന്‍ സംവിധാനമുണ്ടാക്കുകയും ചെയ്യുന്നു. ആ വെള്ളമൊഴികെയുള്ളതെല്ലാം നാമുണ്ടാക്കുന്നതാണ്. മോട്ടോര്‍, വാട്ടര്‍ടാങ്ക്, പൈപ്പ്, ടാപ്പ് തുടങ്ങിയവ കമ്പനികള്‍ ഉണ്ടാക്കുന്നത് നാം വാങ്ങുന്നു. പിന്നെ വൈദ്യുതി നമുക്ക് ലഭിക്കുന്നു. ടാങ്ക് വാങ്ങുകയോ സിമന്റും മണലും മെറ്റലും ഉപയോഗിച്ച് നാമുണ്ടാക്കുകയോ ചെയ്യുന്നു. ഇവയെല്ലാം തന്നെ പ്രകൃതിയിലെ വിഭവങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനര്‍നിര്‍മിക്കുന്നവയാണ്. മോട്ടോറുണ്ടാക്കാനുള്ള ലോഹങ്ങള്‍ വാട്ടര്‍ടാങ്കുണ്ടാക്കാനുള്ള സിമന്റ്, മെറ്റല്‍, മണല്‍ തുടങ്ങിയവയെല്ലാം കവരുന്നത് പ്രകൃതിയില്‍ നിന്നാണ്. ഇവയ്ക്കായി കുന്നുകള്‍ ഇടിക്കുന്നു, പാറമലകള്‍ പൊട്ടിക്കുന്നു, ഖനനം നടത്തുന്നു, പുഴകള്‍ കവരുന്നു. ഇനി പ്ലാസ്റ്റിക്കിനായി പെട്രോളിയം മണ്ണില്‍ നിന്ന് ഖനനം ചെയ്യണം. ഇവിെടയെല്ലാം നാം പ്രകൃതിയിലെ വിഭവങ്ങളെയാണ് തകര്‍ക്കുന്നത്.
കിണറ്റില്‍ വെള്ളമില്ലെങ്കില്‍ പുഴയെ തകര്‍ത്തുകൊണ്ട് അണകെട്ടുന്നു. കിണറ്റില്‍ നിന്നോ കുളത്തില്‍ നിന്നോ വെള്ളം കോരിയിരുന്ന നാം അതെല്ലാം വറ്റുമ്പോള്‍ വീടിനകത്തേക്ക് പുഴവെള്ളം കൊണ്ടു വരുന്നു. കേരളത്തിലെ നാലുകോടിയിലധികമുള്ള മനുഷ്യര്‍ വെള്ളം ധൂര്‍ത്തടിക്കുന്നതിനെ നാം വികസനം എന്നു വിളിക്കുന്നു. അതെല്ലാപേര്‍ക്കും വേണ്ടത് ന്യായം തന്നെയാണ്. അപ്പോള്‍ കേരളത്തിലുള്ള വീടുകളില്‍ മുഴുവന്‍ ജലസേചനസൗകര്യമുണ്ടാക്കാന്‍ മാത്രമായി എത്ര പ്രകൃതിവിഭവങ്ങള്‍ വേണമെന്നു നാം ചിന്തിക്കുകയേ വേണ്ടൂ. അതുപോലെ മറ്റെന്തെല്ലാം കാര്യങ്ങള്‍ വേറെ കിടക്കുന്നു.
നാം മണ്ണും കുമ്മായവും കല്ലും മറ്റും കൊണ്ട് ചെറുവീടുകളുണ്ടാക്കി ഓലമേഞ്ഞ് താമസിച്ചുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. വികസനം ഒരു സാമൂഹ്യരോഗമായപ്പോള്‍ മുതലാളിത്തം നമുക്ക് പുതിയ പാര്‍പ്പിട സങ്കല്‍പം തന്നു. പുതിയ സങ്കല്‍പങ്ങള്‍ ഉണ്ടാക്കുന്നത് മുതലാളിത്തമാണ്. ലാഭമാണവര്‍ക്ക് ലക്ഷ്യവും സ്വപ്നവും. ഇന്ന് നാം ഇരുനിലമാളികയിലേക്ക് മാറുമ്പോള്‍ പ്രകൃതിവിഭവങ്ങള്‍ മുച്ചൂടും നശിച്ചു. കേരളത്തിലെ ഒരു കോടി വീടുകള്‍ക്കായി നാം പുഴകളും മലകളും കാടും പാടങ്ങളുമെല്ലാം കൈയേറി.
റോഡുകളാണ് വികസനത്തിലേക്കുള്ള എളുപ്പമായ വഴി. അതിനായി നാം കേരളത്തെ മരുഭൂമിയാക്കി. ആദിവാസികളുള്‍പ്പെടെയുള്ള നിര്‍ധനര്‍ക്കു മാത്രമാണ് ഇന്ന് റോഡില്ലാത്തത്. സ്മാര്‍ട്ട്‌സിറ്റികള്‍ക്കും വിമാനത്താവളങ്ങള്‍ക്കുമായി നമ്മുടെ കൊച്ചു കേരളത്തെ വീണ്ടും തരിശാക്കി. വയലുകള്‍ നികത്തി. വീടുകളിലെ തുറന്ന കോണ്‍ക്രീറ്റുകള്‍, എണ്ണമില്ലാത്ത റോഡുകളിലെ മലര്‍ന്നു കിടക്കുന്ന താറ്, വിമാനത്താവളങ്ങളിലെ സിമന്റിട്ട തുറസ്സ്, നികത്തപ്പെട്ട വയലുകള്‍, വീടുകളിലെ സിമന്റ് ടൈല്‍ പാകിയ മുറ്റം ഇവയെല്ലാം വെയിലില്‍ പഴുത്ത് ചൂടിനെ അധികമാക്കി അന്തരീക്ഷത്തെ തിളപ്പിക്കുന്നു. മുറികള്‍ ശീതീകരിക്കാന്‍ എ.സി വ്യാപകമായപ്പോള്‍ അത് പുറത്തേക്കു വിടുന്ന ചൂട് ഇപ്പോള്‍ ഫ്രിഡ്ജിന്റെ ചൂടിനൊപ്പം വീടുകളില്‍ നിന്ന് വരുന്നുണ്ട്. കാറുകളും ബസും ലോറിയും മറ്റും പുറത്തേക്കു വിടുന്ന കാര്‍ബണും അന്തരീക്ഷത്തില്‍ത്തന്നെ. കമ്പനികളും ഫാക്ടറികളും തുപ്പുന്ന പുകയും വിഷവും വേറെ. എന്നിട്ട് നാം ചൂടിനു കാരണം എല്‍നിനോയുടെ തലയില്‍ കെട്ടി വയ്ക്കുന്നു.
നാമിവിടെയെല്ലാം കാണുന്നത് ശരീരത്തിന് ആയാസം കുറയ്ക്കാനുള്ള വികസനത്തിന്റെ, സുഖാന്വേഷണത്തിന്റെ തുടര്‍ച്ചയാണ്. കമ്പനികള്‍ പുതിയ സുഖങ്ങള്‍ കണ്ടു പിടിക്കുന്നു. ആ സുഖമെന്താണെന്ന് നമ്മെ പരിചയപ്പെടുത്തി പഠിപ്പിച്ചെടുക്കുന്നു. സത്യത്തില്‍ കമ്പനികള്‍ ആദ്യം തിരയുന്നത് പുതിയസുഖത്തെയാണ്. പിന്നെ അതിന്റെ സാധ്യതയെയാണ്. വീടുകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ വരുന്ന പ്രതിനിധികള്‍ അതാണ് ചെയ്യുന്നത്. അവര്‍ റീട്ടെയ്‌ലുകാരെയും നാട്ടുകാരെയും ഉല്‍പ്പന്നം നല്‍കുന്ന സുഖമെന്താണെന്ന് പരിചയപ്പെടുത്തുന്നു. സുഖാന്വേഷികളായ നാം അത് കൊള്ളാമല്ലോ എന്നു കരുതി വാങ്ങുന്നു. അങ്ങനെയാണ് നമ്മുടെ വീട്ടിലെ അമ്മിയും കുഴവിയും മറ്റും പുറത്തായത്. മിക്‌സി തരുന്ന സുഖത്തില്‍ നാമെല്ലാം വീടുകളില്‍ വാങ്ങിയപ്പോള്‍ ശരീരത്തിന് ആയാസം തരുന്ന അമ്മിയെ വേണ്ടെന്നു വച്ചു. അങ്ങനെ എത്രയെത്ര സുഖങ്ങള്‍ വീടുകളില്‍ ഇടം നേടി. അങ്ങനെ എളുപ്പത്തില്‍ ആര്‍ഭാടമുണ്ടാക്കുന്നതെല്ലാം സുഖം തരുന്ന വികസനമായി.
വൈദ്യുതി വികസനത്തിന്റെ പ്രതീകമാണ്. വൈദ്യുതി വേണമെങ്കില്‍ അണകെട്ടണം. അണകെട്ടണമെങ്കില്‍ വെള്ളം തടഞ്ഞു നിര്‍ത്തണം. അങ്ങനെ വരുമ്പോള്‍ ഒരു വലിയ കാട് മുഴുവന്‍ വെള്ളത്തില്‍ മുക്കണം. അപ്പോള്‍ അവിടത്തെ സസ്യങ്ങളും ജന്തുക്കളും ആദിവാസികളും ആ വെള്ളത്തില്‍ മുങ്ങി മരിക്കും. ഓ അതു സാരമില്ല. ചെടികളും ജീവികളും ജന്തുക്കളും ആദിവാസികളും ഇല്ലാതാകാതെ വികസനമെങ്ങനെ വരാനാണെന്ന് നാം നമ്മുടെ തല്‍ക്കാല സൗകര്യത്തെ ആദര്‍ശവല്‍ക്കരിച്ചു. അങ്ങനെ നാം കേരളത്തില്‍ എത്രമാത്രം കാടുകളാണ് ഇല്ലാതാക്കിയത്. ഇപ്പോള്‍ ചൂട് പെരുത്തപ്പോള്‍ മഴയില്ല. അതിനെ വരുത്താന്‍ കാടില്ല. അപ്പോള്‍ മൃഗങ്ങളും പക്ഷികളും ചത്തുവീഴാന്‍ തുടങ്ങി. കേരളീയര്‍ക്ക് കുടിക്കാനും വെള്ളമില്ലാതായി.
സുഖത്തിനു വേണ്ടിയുള്ള സൗകര്യമൊരുക്കല്‍ മാത്രമാണ് വികസനമെന്ന സങ്കല്‍പം കൗശലക്കാരായ രാഷ്ട്രീയക്കാരും വ്യവസായികളും കമ്പനികളും സാങ്കേതികത ശാസ്ത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന എന്‍ജിനീയര്‍മാരും ചേര്‍ന്ന് കൂട്ടിക്കുഴച്ചെടുത്ത ചെകുത്താനിയന്‍ സങ്കല്‍പമാണ്. സുഖത്തെയാണിവര്‍ വില്‍പനച്ചരക്കാക്കുന്നത്. ശാരീരികമായ ആയാസമില്ലായ്മയെയാണ് നാം സുഖമെന്ന് ധരിച്ചുവച്ചിരിക്കുന്നത്. എന്നാലത് നമ്മെ രോഗികളാക്കുന്നുണ്ടെന്നു നാം തിരിച്ചറിയുന്നില്ല. അധ്വാനിക്കാത്ത ശരീരം രോഗങ്ങളുടെ കൂടാകുന്നു. മെഡിക്കല്‍ വ്യവസായത്തിന്റെ കൃഷിയിടമാണ് ഇന്ന് മനുഷ്യശരീരം. വികസനം രോഗങ്ങളെ ഉല്‍പാദിപ്പിക്കുന്നു. പ്രകൃതിയില്‍ നിന്നകലുന്ന നമുക്ക് വികസനമാകട്ടെ കൃത്രിമ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി നമ്മെ അതിന്റെ ഉപഭോക്താക്കളാക്കുന്നു. പരമ്പരാഗതമായുള്ള നമ്മുടെ ഭക്ഷണത്തെയും അതിന്റെ നാട്ടറിവിനെയും യന്ത്രവല്‍ക്കരിക്കുന്നതോടെ കാന്‍സറും പ്രമേഹവും കിഡ്‌നിത്തകരാറുമുണ്ടാകുന്നു. വികസനമെന്നാല്‍ ബര്‍ഗറിനൊപ്പം കാന്‍സര്‍ തന്നു. വാഹനത്തോടൊപ്പം പ്രമേഹവും തന്നു. തുണിയോടൊപ്പം ഭൂഗര്‍ഭത്തില്‍ വിഷം പകര്‍ന്നു. രാസവളത്തോടൊപ്പം മരുന്നും തന്നു. പ്രകൃതിയെ പരിഗണിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യാതെയാണ് നാം വികസനത്തെ കൊണ്ടാടുന്നത്. പ്രകൃതിയില്ലാതെ നമുക്ക് നിലനില്‍ക്കാനാവില്ലെന്നത് നാം മറന്നു. കേരളം അത്തരമൊരു പ്രതിസന്ധിയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ലോകമെല്ലാം ഉറ്റുനോക്കുന്ന ഒരു നാടാണ് കേരളം. കേരളത്തിന്റെ പാരിസ്ഥിതികത്തകര്‍ച്ച ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. വികസനമെന്ന അശാസ്ത്രീയസങ്കല്‍പത്തില്‍ അന്ധമായി വിശ്വസിക്കുന്ന ജനതകളിലൊന്നായ നാം അതില്‍ നിന്ന് മോചനം നേടി പ്രകൃതിസഹജമായ സര്‍വോദയത്തിലേക്ക് പടിപടിയായി മാറേണ്ടതുണ്ട്. നമുക്കെന്തൊക്കെ പ്രായോഗികമായി ചെയ്തു തുടങ്ങാനാവുമെന്നാണ് ആലോചിക്കേണ്ടത്. പെട്ടെന്നു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളിലാരംഭിക്കണം.
തുറസുകള്‍ പച്ചപിടിപ്പിക്കുകയെന്നത് വേഗം ചെയ്യേണ്ട ഒന്നാണ്. മരങ്ങളില്ലാതെ കിടക്കുന്ന ഇടങ്ങള്‍ മുഴുവന്‍ നാട്ടുമരങ്ങള്‍ വച്ചു പിടിപ്പിക്കണം. റോഡരികുകള്‍, വീട്ടുകോമ്പൗണ്ടുകള്‍, സ്‌കൂള്‍തുറസുകള്‍, പുറംപോക്കുകള്‍ തുടങ്ങിയവ യെല്ലാം അതില്‍പ്പെടണം. നാട്ടുമരങ്ങളും ചെടികളും പുല്ലുകളുമെല്ലാം തിരികെക്കൊണ്ടു വരണം. വിദേശരാജ്യങ്ങളിലെന്ന പോലെ ടെറസുകള്‍ക്കു മുകളില്‍ ജൈവകൃഷി സാധാരണമാക്കണം. ഒരു കോണ്‍ക്രീറ്റുകെട്ടിടം പോലും അതില്‍ നിന്നൊഴിവാക്കരുത്. കേരളത്തിലെ എല്ലാ വീട്ടുമുറ്റങ്ങളും തുറന്നിടാന്‍ അനുവദിക്കാതെ പച്ചപിടിപ്പിക്കണം. അധികമുള്ള വീടുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നിന് അറുതി വരുത്തണം. ഭൂമിയിലെല്ലായിടവും കെട്ടിടങ്ങള്‍ക്കനുവദിക്കരുത്. അതിനായി പ്രത്യേകം സ്ഥലങ്ങള്‍ മാറ്റിവയ്ക്കണം. ഒരു പ്രകൃതിസൗഹൃദ ഗൃഹനിര്‍മാണനയം സ്വരൂപിക്കണം. വീടുവയ്പ്പ് നിയന്ത്രിക്കണം. ഒന്നിലധികം വീട് നിര്‍മിക്കാനനുവദിക്കരുത്. വീടിന്റെ വലുപ്പം നിയന്ത്രിക്കണം. ജനസംഖ്യയില്‍ വളരെക്കുറഞ്ഞ രാജ്യങ്ങള്‍ പോലും വീടിന്റെ വലുപ്പത്തിലും തരത്തിലും പ്രകൃതിസൗഹൃദത്തിലൂന്നുന്ന നിയന്ത്രണവും നിയമനിര്‍മാണവും മറ്റും നടത്തുന്നത് നമ്മുടെ മന്ത്രിമാര്‍ വിദേശപര്യടന സമയങ്ങളില്‍ കാണുന്നുണ്ട്. പക്ഷേ ഒന്നും പകര്‍ത്തുന്നില്ല. കാരണം അഴിമതിക്കുള്ള സാധ്യതകളാണ് അവര്‍ക്കു വേണ്ടത്. മനുഷ്യര്‍ കൂട്ടായി താമസിക്കുന്ന പ്രവണതകള്‍ വളര്‍ത്തണം. കാടുകളിലെ കുടിയേറ്റം അടിയന്തരമായി നിയന്ത്രിക്കണം. കഴിയുന്നതും കാടരികുകളില്‍ ജീവിക്കുന്ന ആദിവാസികളല്ലാത്തവരെ പുനഃരധിവസിപ്പിക്കണം. നമുക്കൊരു ഫലപ്രദമായ ആവാസ വ്യവസ്ഥാനയം ഉണ്ടാകണം. കാടുകൈയേറി പള്ളികളും അമ്പലങ്ങളും സ്ഥാപിക്കുന്ന പ്രവണത മതനേതാക്കള്‍ സ്വയം തിരുത്തണം. കാടു കൈയേറാന്‍ സ്വമതസ്ഥര്‍ക്കോ രാഷ്ട്രീയാനുഭാവികള്‍ക്കോ കൂട്ടുനില്‍ക്കുന്നവരെ ജനദ്രോഹികളായി തിരിച്ചറിയണം.
റോഡുകളധികമായിത്തീര്‍ന്ന കേരളം ഇനിയും റോഡുകളനുവദിക്കരുത്. റോഡ് മാനേജ്‌മെന്റ് പരിസ്ഥിസൗഹൃദമാക്കണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് തടയണം. അതിനായി ബദല്‍ ജലവിഭവം ഉല്‍പ്പാദിപ്പിക്കണം. മഴയറിവും നീരറിവും ജലവിനിയോഗപരിപാലനവും നീര്‍ത്തടസംരക്ഷണവും നടപ്പില്‍ വരുത്തുമ്പോള്‍ ഭൂഗര്‍ഭജലോപയോഗം നിരോധിക്കാനാവും. പ്രകൃതിയെ നശിപ്പിക്കുന്ന നടപടികളെ ക്രിമിനല്‍ കുറ്റമാക്കണം. പാടങ്ങള്‍ കഴിയുന്നിടത്തോളം വീണ്ടെടുക്കണം. മമ്മൂട്ടി പാടം നികത്തിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുനല്‍കി മറ്റുള്ളവര്‍ക്ക് മാതൃകയാകണം. എല്ലാ രാഷ്ട്രീയക്കാരും താരങ്ങളും വ്യവസായികളും പ്രകൃതിയെ വീണ്ടെടുക്കാന്‍ മുന്നോട്ടു വരണം. പുതിയ രാഷ്ട്രീയക്കാര്‍ പ്രകൃതിസംരക്ഷണത്തെ മുഖ്യ അജണ്ടയാക്കണം. ഇതെല്ലാം പറയുന്നത് കേരളത്തിന്റെ നാട്ടുപച്ച വീണ്ടെടുക്കണമെന്ന കൊതികൊണ്ടാണ്. ചിലപ്പോള്‍ ഈ സ്വപ്നങ്ങള്‍ ഫലിച്ചാലോ. അപ്പോഴത് നമ്മുടെ സ്വപ്നമാകും.
കേരളം അതിന്റെ നാട്ടുപച്ച വീണ്ടെടുത്ത് കാല-തുലാവര്‍ഷങ്ങളില്‍ നനഞ്ഞുകുതിര്‍ന്ന് പഴയ നൂല്‍മഴ വീണ്ടെടുക്കട്ടെ. സര്‍വോദയത്തെ വികസനത്തിനു പകരമായി വരവേല്‍ക്കാന്‍ നമുക്ക് കഴിയട്ടെ. വികസനം തുലയട്ടെ. സര്‍വോദയം പുലരട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."