ധനസെക്രട്ടറി പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്ന് മുഖ്യമന്ത്രിക്ക് ജേക്കബ് തോമസിന്റെ കത്ത്
തിരുവനന്തപുരം: ധനവകുപ്പ് സെക്രട്ടറി കെ.എം എബ്രഹാമിനെ പരോക്ഷമായി വിമര്‍ശിച്ചു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. തനിക്കെതിരേ ധനകാര്യവിഭാഗം ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോപണമുയര്‍ന്ന മറ്റുവകുപ്പുകളില്‍ പരിശോധന നടത്താതെ താന്‍ ജോലിചെയ്തിരുന്ന വകുപ്പുകളില്‍ അനാവശ്യ പരിശോധന നടത്തുവെന്നും കത്തില്‍ ആരോപിക്കുന്നു.
ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് അയച്ച കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്. 2009ല്‍ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ കേരള മാരിടൈം ഇന്‍സ്റ്റിറ്റൂട്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും ഡ്രഡ്ജിങ്, കോസ്റ്റല്‍ ഷിപ്പിങ്, തുറമുഖ വികസനം എന്നിവയുമായി ബന്ധപ്പെട്ടും ഉയര്‍ന്ന ക്രമക്കേടുകളെക്കുറിച്ചാണു ധനകാര്യവകുപ്പിന്റെ പരിശോധനാ വിഭാഗം തുടര്‍ച്ചയായി അന്വേഷണം നടത്തുന്നത്.
തീരവികസനവുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ക്ക് എന്തുകൊണ്ട് അനുമതി നല്‍കി എന്നുവ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം അടുത്തിടെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.
ഇത് ജേക്കബ് തോമസ് എന്ന വ്യക്തിയെ ബോധപൂര്‍വം ലക്ഷ്യമിട്ടുള്ളതാണെന്നു കത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോപണമുയര്‍ന്ന സാമൂഹ്യനീതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, നഗരവികസന വകുപ്പ്, വാണിജ്യ നികുതി വകുപ്പ്, ഗതാഗത വകുപ്പ്, റോഡ് സുരക്ഷാ അതോറിറ്റി, ലോട്ടറി വകുപ്പ്, സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ആരോഗ്യവകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുകൂടി ധനസെക്രട്ടറിയുടെ കീഴിലുള്ള ധനകാര്യ പരിശോധനാ വിഭാഗം തനിക്കെതിരേ അന്വേഷണം നടത്തുന്ന അതേ ആര്‍ജവത്തോടെ പരിശോധന നടത്തിയാല്‍ നന്നായിരിക്കുമെന്നും ജേക്കബ് തോമസ് കത്തില്‍ വിമര്‍ശിക്കുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ ആരോപണ വിധേയനായ ധനകാര്യസെക്രട്ടറിയും അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ.എം.എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോള്‍ തനിക്കെതിരെയുള്ള അന്വേഷണത്തിന് പിന്നിലെന്നാണ് ജേക്കബ് തോമസിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."