പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ടത് 230 കോടിയെന്ന് മന്ത്രി; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം അടുത്ത ആഴ്ച
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അടുത്ത ആഴ്ച ശമ്പളം നല്‍കുമെന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വായ്പ ലഭിക്കുന്നതിനു ബാങ്കുമായി ചര്‍ച്ച നടത്തി.
തിങ്കളാഴ്ച വരെ ബാങ്ക് അവധിയായതിനാല്‍ ചൊവ്വാഴ്ച ഇതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും. ചൊവ്വാഴ്ച തന്നെ പണം കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കിട്ടിയാലുടന്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശമ്പളം ലഭിക്കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ചില തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നു. നോട്ട് പ്രതിസന്ധിയെത്തുടര്‍ന്നു ബാങ്കുകളുടെ പ്രവര്‍ത്തനം താളംതെറ്റിയതാണു ശമ്പളം നല്‍കുന്നതിനുള്ള വായ്പ തരപ്പെടുത്താന്‍ ഇത്തവണ കെ.എസ്.ആര്‍.ടി.സിക്കു കഴിയാതെപോയത്. മാസത്തിലെ മൂന്നാമത്തെ പ്രവൃത്തിദിനത്തിലായിരുന്നു സാധാരണ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നല്‍കാറുള്ളതെങ്കിലും കുറച്ചുമാസങ്ങളായി വൈകാറാണു പതിവ്. ഒക്‌ടോബര്‍ മാസത്തില്‍ ഏഴാം തീയതിയും നവംബറില്‍ അഞ്ചിനുമാണു ശമ്പളം നല്‍കിയത്. രണ്ടാഴ്ചക്കടുത്തു ശമ്പളം വൈകി ലഭിക്കുന്നതു കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ബാധിച്ചിട്ടുണ്ട്.
നോട്ട് പ്രതിസന്ധിയെത്തുടര്‍ന്നു കെ.എസ്.ആര്‍.ടി.സിക്ക് ഇപ്പോള്‍ പ്രതിദിനം 80 ലക്ഷം മുതല്‍ ഒരു കോടിയുടെ വരുമാനക്കുറവുണ്ട്. ശമ്പള, പെന്‍ഷന്‍ വിതരണത്തിനു പുറമെ ഭീമമായ ഇന്ധന കുടിശികയും കെ.എസ്.ആര്‍.ടി.സിയെ വലയ്ക്കുന്നുണ്ട്്. ഇന്ധനകുടിശിക ഇനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു നല്‍കാനുള്ള കുടിശിക നല്‍കിയില്ലെങ്കില്‍ ഇന്ധനവിതരണം നിര്‍ത്തിവയ്ക്കുമെന്നാണ് ഐ.ഒ.സിയുടെ മുന്നറിയിപ്പ്.
ഒരുമാസത്തെ ശമ്പളം നല്‍കാന്‍ 80 കോടി രൂപയും പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 57.5 കോടി രൂപയുമാണു കെ.എസ്.ആര്‍.ടി.സിക്കു വേണ്ടത്. കനാറാ ബാങ്കില്‍ നിന്നും 100 കോടി വായ്പയെടുത്തു പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."