നോട്ട് നിരോധനവും അവശ്യസാധനങ്ങളുടെ തടഞ്ഞുവയ്പ്പും: മണിപ്പൂരില്‍ ജനജീവിതം നിശ്ചലം
ഇംഫാല്‍: അനിശ്ചിതമായി തുടരുന്ന നോട്ടുനിരോധന പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ തടഞ്ഞുവെപ്പും മണിപ്പൂരിലെ ജനജീവിതം ദുരിതത്തിലാക്കി. നോട്ടുനിരോധനത്തെ തുടര്‍ന്ന് ജീവിതക്രമം തെറ്റിയ ജനങ്ങള്‍ക്ക് മുന്നില്‍ കൂനിന്മേള്‍ കുരുവെന്ന നിലയിലാണ് നാഗാ തീവ്രവാദികള്‍ മണിപ്പൂരിലേക്ക് എത്തിയ അവശ്യസാധനങ്ങള്‍ കയറ്റിവന്ന ലോറികള്‍ പിടിച്ചുവെച്ചരിക്കുന്നത്. ഗുണ്ടാപിരിവിനും ജയലില്‍ കിടക്കുന്ന നേതാക്കളുടെ മോചനത്തിനും വേണ്ടിയാണ് ഇവര്‍ അതിര്‍ത്തികളില്‍ ചരക്കുവാഹനങ്ങള്‍ പിടിച്ചുവെച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് മണിപ്പൂരിന്റെ അതിര്‍ത്തികളില്‍ കിലോമീറ്ററുകളോളും ചരക്കുലോറികളുടെ നീണ്ട നിരയാണ്. അവശ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ പോലും കിട്ടാനില്ല. അതിനിടയില്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ പ്രസിഡന്റ് ഗയ്‌സോണ്‍ കൊമേരി, സെക്രട്ടറി സ്റ്റീഫന്‍ ലിംഗാഗ് എന്നിവരെ മണിപ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ വിട്ടുകിട്ടണമെന്നാണ് തീവ്രവാദികളുടെ ആവശ്യം.
മണിപ്പൂരിലേക്കുള്ള ദേശീയ പാതകളായ രണ്ട്, 53 പാതകളിലൂടെ കടന്നുപോകുന്ന ചരക്കുവാഹനങ്ങളാണ് ദിവസങ്ങളായി തടഞ്ഞുവെച്ചിരിക്കുന്നത്. നാല്‍പ്പതു ദിവസമായി ലോറികളില്‍തന്നെ കെട്ടിവെച്ച നിലയിലാണ് സാധനങ്ങള്‍. ഇതില്‍ പലതും ഇപ്പോള്‍ ഉപയോഗശൂന്യമായിട്ടുണ്ടാകുമെന്ന് ലോറി ജീവനക്കാര്‍ പറയുന്നു. ചരക്കുകള്‍ വഴിയില്‍ ഇറക്കിവെക്കാനോ തിരിച്ചുകൊണ്ടുപോകാനൊ തീവ്രവാദികള്‍ അനുവദിക്കുന്നുമില്ല. അവശ്യവസ്തുക്കള്‍ കിട്ടാതായതോടെ പെട്രോള്‍ ലിറ്ററിന് 300 രൂപയാണ് ഇവിടെയിപ്പോള്‍. ഈ തുക ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഇടപെടുന്നുമില്ല.
മണിപ്പൂരില്‍ ജനങ്ങള്‍ ഒരുകലാപത്തിന്റെ വക്കിലാണ്. ഇതിന്റെ ഭാഗമായി വരുന്ന 72 മണിക്കൂറിനുള്ളില്‍ നാഗാകൗണ്‍സില്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുന്ന ചരക്കുലോറികള്‍ വിട്ടുകൊടുത്തില്ലെങ്കില്‍ കനത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന പരസ്യമുന്നറിയിപ്പുമായി മണിപ്പൂര്‍ യുണൈറ്റഡ് കമ്മിറ്റി പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഇത് പുതിയ നാഗാ -മണിപ്പൂര്‍ സംഘര്‍ഷത്തിലേക്കുള്ള വാതില്‍ തുറക്കുകയാണെന്ന ആശങ്കയിലാണ് ജനങ്ങള്‍. സംഘര്‍ഷം തുടങ്ങിയാല്‍ മണിപ്പൂരില്‍ ജനജീവിതം നരകതുല്യമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."