കുടുംബാംഗങ്ങളോട് ഭരണത്തില്‍ ഇടപെടരുതെന്ന് ശശികല
ചെന്നൈ: കുടുംബാംഗങ്ങളോട് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കാര്യങ്ങളില്‍ ഇടപെടരുതെന്ന് ശശികലയുടെ മുന്നറിയിപ്പ്. എ.ഐ.എ. ഡി.എം.കെ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ശശികല സ്വരം കടുപ്പിച്ചത്. തന്റെ ബന്ധുക്കളില്‍ നിന്ന് ഒരു വിധ നിര്‍ദേശങ്ങളും സ്വീകരിക്കരുതെന്നും ശശികല വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പോയസ് ഗാര്‍ഡനില്‍ പാര്‍ട്ടിപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ശശികല ഇത്തരമൊു മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ശശികലയുടെ ബന്ധുക്കളുടെ അമിതാധികാരത്തിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച് അതൃപ്തി ഉള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ ശശികല തുടര്‍ന്നും താമസിക്കുമെന്ന് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ബന്ധുക്കളെല്ലാം ഇവിടം വിട്ട് പോകും. എന്നാല്‍ സഹോദര ഭാര്യ ഇളവരശി ശശികലയ്‌ക്കൊപ്പം നില്‍ക്കും. 2011ല്‍ ബന്ധുക്കള്‍ അമിതമായി ഭരണത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ശശികലടക്കമുള്ളവരെ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ശശികലയെ തിരിച്ചെടുക്കുകും ചെയ്തു.
ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ശശികലയുടെ നീക്കമെന്ന് ഐ.എ.എ.ഡി.എം.കെ വക്താവ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ശശികലയോട് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഴിമതിരഹിത സര്‍ക്കാരിന്റെ ഭാഗമായി ജനങ്ങളെ സേവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ശശികല യോഗത്തില്‍ പറഞ്ഞതായി വക്താവ് പറഞ്ഞു. ജനപിന്തുണ നേടുന്നതിനായി അവര്‍ താഴേക്കിടയിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."