ഐ.എസ്.എല്‍ സെമി ആദ്യ പാദം: ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് പോരാട്ടം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ സെമി പോരില്‍ തന്നെ വിജയം ഉറപ്പിച്ച് നില ഭദ്രമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു സ്വന്തം കളത്തില്‍ ഡല്‍ഹി ഡൈനാമോസിനെ നേരിടാനിറങ്ങും. തട്ടകത്തില്‍ തുടര്‍ച്ചയായി നേടിയ അഞ്ചു വിജയങ്ങളുടെ കരുത്തും ഗ്യാലറി തിങ്ങിനിറയുന്ന ബ്ലാസ്റ്റേഴ്‌സ് പ്രേമികളുടെ ആര്‍പ്പു വിളികളും കൊമ്പന്‍മാര്‍ക്ക് കരുത്തായി മാറും. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കൊച്ചിയില്‍ വച്ച് ഡല്‍ഹിയെ തോല്‍പ്പിച്ചിട്ടില്ലെന്നത് കടുത്ത വെല്ലുവിളിയാണ്. ഡല്‍ഹിയും ബ്ലാസ്റ്റേഴ്‌സും ഇതുവരെ ഏറ്റുമുട്ടിയ ആറു മത്സരങ്ങളില്‍ രണ്ടു തവണ ഡല്‍ഹി ജയിച്ചു. ഒരു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനു ജയിക്കാനായത്. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഈ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരം 0- 0നു സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ ആതിഥേയര്‍ 2- 0നു ജയിക്കുകയും ചെയ്തു.
ഈ സീസണില്‍ ഏറ്റവും കുറച്ച് ഗോളുകള്‍ നേടിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. അടിച്ച ഗോളുകളേക്കാള്‍ വഴങ്ങിയ ഗോളുകളാണ് കൂടുതല്‍. മറുവശത്ത് ഈ സീസണിലെ ഏറ്റവും മികച്ച ടീമാണ് ഡല്‍ഹി. ലീഗിന്റെ അവസാന ഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റത്തിലാണു ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ. മുംബൈക്ക് പിന്നില്‍ 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന നാലിലേക്കുള്ള പ്രവേശനം. ഡല്‍ഹി ഡൈനാമോസ് മൂന്നാം സ്ഥാനക്കാരാണ്. സ്റ്റീവ് കോപ്പല്‍ എന്ന പ്രതിഭാശാലിയായ കോച്ചിന്റെ തന്ത്രങ്ങള്‍ ടീമിനു കരുത്താണ്.
കേരളത്തിന്റെ അഭിമാനമായി മാറിയ സി.കെ വിനീതും ഡൈനാമോസിന്റെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സലീഞ്ഞോയും തമ്മിലുള്ള പോരാട്ടമായി ഇന്നത്തെ കളിയെ വിലയിരുത്താം.
ഡല്‍ഹിയുടെ കരുത്തായ മാഴ്‌സെലീഞ്ഞോ 12 കളികളില്‍ നിന്ന് ഒന്‍പതു ഗോളുകളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്താണ്. വിനീതാകട്ടെ ആറു കളികളില്‍ നിന്നു അഞ്ച് ഗോളുകളുമായി തകര്‍പ്പന്‍ ഫോമിലും. ലീഗ് മത്സരങ്ങളില്‍ കേരളത്തിന്റെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വിനീത് സെമിയില്‍ കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
അയര്‍ലന്‍ഡ് താരം ആരോണ്‍ ഹ്യൂസും ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ടും നേതൃത്വം നല്‍കുന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്.
ഹ്യൂസ് കളിക്കാത്ത മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴുന്നത് മൈതാനത്ത് പ്രകടമാണ്. ഇവര്‍ക്കൊപ്പം സന്ദേശ് ജിങ്കാനും ഹോസുവും പ്രതിരോധത്തില്‍ കോട്ടകെട്ടാനായി അണിനിരക്കുമ്പോള്‍ എതിരാളികള്‍ ഏറെ കഷ്ടപ്പെടുന്നതാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്. ഹോസുവിനെ ലെഫ്റ്റ് വിങ് ബാക്കായി കളത്തിലിറക്കിയതോടെ കരുത്തു ചോര്‍ന്ന മധ്യനിരയാണ് ബ്ലാസ്റ്റിന്റെ ദൗര്‍ബല്യം.
അസ്‌റാക്ക് മഹമ്മദ് അധ്വാനിച്ചു കളിക്കുന്നുണ്ടെങ്കിലും ഇഷ്ഫാഖ് അഹമ്മദ് അവസരത്തിനൊത്തുയരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷന്‍ കാരണം പുറത്തിരുന്ന മെഹ്താബ് ഹുസൈന്‍ ഇന്ന് കളിക്കളത്തിലെത്തിയേക്കുമെന്നാണ് സൂചന. മെഹ്താബിന്റെ വരവ് ഒരുപരിധിവരെ മധ്യനിരയിലെ പ്രശ്‌നം പരിഹരിക്കും.
ഫ്‌ളോറന്റ് മലൂദ എന്ന സൂപ്പര്‍ താരമാണ് ഡല്‍ഹിയുടെ മധ്യനിരയിലെ ഊര്‍ജ്ജം. ഒപ്പം ബ്രൂണോ പെലിസ്സാറി, മാര്‍ക്കോസ് ടെബാര്‍ തുടങ്ങിയവരും അണിനിരക്കുമ്പോള്‍ നേരിയ മുന്‍തൂക്കം ഡല്‍ഹിക്കു തന്നെ. മധ്യനിരയും താര സമ്പന്നം. ഡല്‍ഹി പ്രതിരോധത്തിലെ നേരിയ ദൗര്‍ബല്യം കൃത്യമായി മുതലാക്കാന്‍ കൊമ്പന്‍മാര്‍ക്കു സാധിച്ചാല്‍ വമ്പോടെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."