സമാധാന നൊബേല്‍ യുവാന്‍ സാന്റോസ് ഏറ്റുവാങ്ങി
ഒസ്ലോ: കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് 2016ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങി. യുദ്ധം ചെയ്യുന്നതിനെക്കാളും പ്രയാസംപിടിച്ചതാണു സമാധാനമുണ്ടാക്കലെന്ന് അവാര്‍ഡ് സ്വീകരിച്ചുനടത്തിയ പ്രസംഗത്തില്‍ സാന്റോസ് പറഞ്ഞു.
കൊളംബിയയില്‍ സമാധാനം കൊണ്ടുവരാനായതാണ് യഥാര്‍ഥ പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു. റെവല്യൂഷനറി ആംഡ് ഫോഴ്സു(ഫാര്‍ക്ക്)മായി കൊളംബിയ സര്‍ക്കാരുണ്ടാക്കിയ സമാധാന കരാര്‍ സിറിയയിലെയും ദക്ഷിണ സുദാനിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാതൃകയാക്കാവുന്നതാണ്. നിരവധി സംഘര്‍ഷങ്ങളും അസഹിഷ്ണുതയും കൊണ്ടുനിറഞ്ഞ ലോകത്തു പ്രതീക്ഷയുടെ കിരണമാണ് കൊളംബിയന്‍ സമാധാന കരാര്‍. ആദ്യം അസാധ്യമെന്നു തോന്നിച്ച കാര്യങ്ങള്‍ നിരന്തര പരിശ്രമത്തിലൂടെ സാധ്യമാക്കാമെന്നാണ് അതു തെളിയിക്കുന്നതെന്നും സാന്റോസ് പറഞ്ഞു. പുരസ്കാരദാന ചടങ്ങില്‍ നോര്‍വെ രാജാവ് ഹാരാള്ഡും കുടുംബവുമടക്കമുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു. കൊളംബിയന്‍ യുദ്ധത്തിന്റെ ഇരകളും ചടങ്ങില്‍ പങ്കെടുത്തു.
50 വര്‍ഷത്തോളംനീണ്ട കൊളംബിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് രാജ്യത്തു സമാധാനം കൊണ്ടുവരാന്‍ സാന്റോസ് നടത്തിയ പരിശ്രമങ്ങളുടെ പേരിലാണ് നൊബേല്‍ കമ്മിറ്റി അദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബര്‍ ഏഴിനു പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ആഭ്യന്തര കലാപത്തില്‍ രണ്ടു ലക്ഷത്തിലേറെ കൊളംബിയന്‍ പൗരന്മാര് കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനുപേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."