യു.എസിലും സ്വദേശിവല്‍ക്കരണം; ഇന്ത്യക്കാര്‍ ആശങ്കയില്‍
ന്യൂയോര്‍ക്ക്: സ്വദേശികളുടെ ജോലികള്‍ ഇന്ത്യയടക്കമുള്ള വിദേശരാജ്യക്കാര്‍ക്ക് നല്‍കില്ലെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എച്ച് 1 ബി വിസയുടെ കാര്യത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അയോവയില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യവയൊണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസ് പൗരന്മാര്‍ ചെയ്യേണ്ട ജോലികളില്‍ എച്ച് 1 ബി വിസക്കാരെ തടയുമെന്ന് ട്രംപ് പറഞ്ഞു. കുടിയേറ്റ പെര്‍മിറ്റില്ലാത്ത വിഭാഗത്തില്‍പ്പെടുന്ന വൈദഗ്ധ്യമുള്ള തൊഴിലിന് എത്തുന്നവര്‍ക്ക് നല്‍കുന്ന താല്‍ക്കാലിക പെര്‍മിറ്റാണ് എച്ച് 1 ബി വിസ. ഈ വിസയുള്ളവരെ അമേരിക്കയിലെ കമ്പനികള്‍ പുറംജോലിക്കരാറിനായി നിയമിക്കാറുണ്ടായിരുന്നു. ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഓരോ അമേരിക്കക്കാരന്റെയും അവകാശവും ജീവിതവും സംരക്ഷിക്കാന്‍ താന്‍ അവസാനംവരെ പോരാടുമെന്ന് ട്രംപ് ഉറപ്പുനല്‍കി.
അമേരിക്കയിലെ ജോലിക്കാര്‍ക്കുപകരം വിദേശത്ത് നിന്നുള്ളവരെ കൊണ്ടുവരുന്നത് കമ്പനികള്‍ സ്ഥിരം ഏര്‍പ്പാടാക്കിയിരിക്കുകയാണ്. ഇനി അത് അനുവദിക്കില്ല.
സ്വദേശികളുടെ ജോലികള്‍ വിദേശികള്‍ കൈയടക്കുകയാണ്. രാജ്യത്തെ പ്രധാനപ്പട്ട രണ്ട് ഐ.ടി കമ്പനികള്‍ വിദേശ തൊഴിലാളികളെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമനടപടികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ രാജ്യത്തേക്കുവരുന്ന പ്രൊഫഷനലുകളെ തടയില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് തങ്ങള്‍ക്ക് ആശ്വാസമാണെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എച്ച് 1 ബി വിസക്കാര്‍ കരുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."