യു.എസ് തെരഞ്ഞെടുപ്പ്: ട്രംപിന് റഷ്യന്‍ സഹായം ലഭിച്ചെന്ന് സി.ഐ.എ
കൊളംബിയ: കഴിഞ്ഞമാസം നടന്ന യു.എസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് റഷ്യയുടെ സഹായം ലഭിച്ചെന്ന് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ). വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യയുമായി ബന്ധമുള്ളവരാണ് ട്രംപിനുവേണ്ടി പ്രവര്‍ത്തിച്ചത്. ഇവരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പ്രചാരണ വിഭാഗം ചെയര്‍മാന്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പ്രവര്‍ത്തകരുടെ ഇ-മെയിലുകള്‍ റഷ്യന്‍ സര്‍ക്കാര്‍ അനുകൂല ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണ രീതിയും തന്ത്രങ്ങളും റഷ്യന്‍ ഹാക്കര്‍മാര്‍ വഴിയാണ് ട്രംപ് അറിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഹിലരിയുടെ ഇ-മെയിലുകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. വിക്കിലീക്‌സിന് ഇ- മെയിലുകള്‍ ചോര്‍ത്തിനല്‍കിയത് റഷ്യന്‍ ഹാക്കര്‍മാരാണെന്നാണ് സി.ഐ.എ സംശയിക്കുന്നത്.
ട്രംപിന്റെ വിജയം എളുപ്പമാക്കാനും ഹിലരിയുടെ മുന്നേറ്റം തടയുകയുമായിരുന്നു റഷ്യയുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന സി.ഐ.എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
2016ലെ തെരഞ്ഞെടുപ്പില്‍ സൈബര്‍ ആക്രമണവും ഹാക്കിങ്ങും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് റഷ്യന്‍ ഇടപെടല്‍ കണ്ടെത്തിയത്. റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സി.ഐ.എക്ക് യു.എസ് പ്രതിനിധി സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, റഷ്യയുടെ ഇടപെടല്‍ സി.ഐ.എ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ട്രംപ് തള്ളി. സദ്ദാം ഹുസൈന്റെ കൈയില്‍ നശീകരണ ആയുധമുണ്ടെന്ന് പറഞ്ഞ സി.ഐ.എയാണ് ഈ ആരോപണവും ഉന്നയിക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയത്തെ വിലകുറച്ച് കാണിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."