കണ്‍സ്യൂമര്‍ഫെഡ് കേസുകള്‍ക്ക് മാത്രമായി വിജിലന്‍സ് യൂണിറ്റ് വരുന്നു
കൊച്ചി: കണ്‍സ്യൂമര്‍ഫെഡിലെ കേസുകള്‍ക്ക് മാത്രമായി വിജിലന്‍സില്‍ പ്രത്യേക യൂണിറ്റ് വരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആവശ്യം കണക്കിലെടുത്താണിത്. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാത്തതിനാല്‍ ക്രമക്കേട് നടത്തിയവര്‍ ഇപ്പോഴും ഉന്നതസ്ഥാനങ്ങളില്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട് 34 കേസുകളാണ് വിജിലന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 20 കേസുകളും ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായതിന് ശേഷം. ഓപ്പറേഷന് അന്നപൂര്‍ണയില്‍ 60 കോടിയുടെ അഴിമതി കണ്ടെത്തിയ രണ്ടു കേസുകള്‍ മൂന്നുവര്‍ഷമായിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. കൂടാതെ ഐ.ടി. വിഭഗാത്തിലെ ക്രമക്കേടുകളില്‍ ഏഴും നന്മ, നീതി വിഭാഗത്തില്‍ എട്ടും കേസുകളുണ്ട്. അഞ്ചു പരാതികളില്‍ പരിശോധന നടക്കുന്നുണ്ട്.
കേസുകളുടെ എണ്ണത്തിനനുസരിച്ച് ഉദ്യോഗസ്ഥരില്ല എന്ന പ്രതിസന്ധിയും വിജിലന്‍സിനു മുന്നിലുണ്ട്. മധ്യകേരളത്തിലെയും മലബാറിലെയും കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കാരണം, വിജിലന്‍സിന്റെ രണ്ടു സ്പെഷ്യല്‍ യൂണിറ്റുകളും തിരുവനന്തപുരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക യൂണിറ്റെന്ന ആവശ്യം ഉന്നയിച്ചതും സര്‍ക്കര്‍ തത്വത്തില്‍ അംഗീകരിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."