ഞാന്‍ ആത്മീയവാദിയാണ്
സമൂഹത്തെ ക്രിമിനല്‍വല്‍ക്കരിക്കല്‍ മാത്രമാണ് ഇതിന്റെ ഫലം. കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയവും സമൂഹത്തെ വല്ലാതെ ക്രിമിനല്‍വല്‍ക്കരിച്ചു. ആളുകള്‍ മതവിശ്വാസികളോ മതേതരരോ ആവട്ടെ - സഹിഷ്ണുതാപൂര്‍വമായ ജനാധിപത്യബോധത്തിലേക്ക് അവര്‍ ഉയരാതെ ഒരു പ്രയോജനവുമില്ല. രക്തസാക്ഷിത്വത്തെ ആദര്‍ശവല്‍ക്കരിക്കുന്നതും ശരിയല്ല. രക്തസാക്ഷിത്വമെന്നത് തന്നെ ഹിംസയുടെ പ്രതിഫലനമാണ്. രക്തസാക്ഷികള്‍ പിറക്കാത്തവിധം അഹിംസാത്മക ജനാധിപത്യസമൂഹമാണ് ഉണ്ടാവേണ്ടത്
മനുഷോന്മുഖതയാണ് പി. സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ അക്ഷരങ്ങളുടെ ആത്യന്തികത. ദേശങ്ങളെയും മനുഷ്യാവസ്ഥകളെയും ജീവിത നൈരന്തര്യത്തിന്റെ കനല്‍പ്പാടുകളെയും കഥകളിലും നോവലുകളിലും രേഖീകരിക്കുന്ന ഇദ്ദേഹം മലയാളത്തിലെ പാരിസ്ഥിതിക സാഹിത്യത്തിന്റെ ആദ്യവക്താക്കളില്‍ ഒരാളാണ്. പ്രകൃതിയെ സൂക്ഷ്മമായി പിന്തുടരുന്ന ഒരു മൂന്നാം കണ്ണ് പി. സുരേന്ദ്രന്റെ വീക്ഷണങ്ങളില്‍ പ്രതിഫലിക്കുന്നു. യാത്രകളെയും സമൂഹപഠനങ്ങളെയും ഇടപെടലിന്റെ ഉപാധികളാക്കിമാറ്റിയ എഴുത്തുകാര്‍ നമുക്കേറെയില്ല. അത്തരമൊരു സവിശേഷ സൗന്ദര്യത്തെ അന്വേഷിക്കുമ്പോള്‍ തീര്‍ച്ചയായും നാം പി. സുരേന്ദ്രനില്‍ നിന്ന് തുടങ്ങേണ്ടി വരുന്നു.
? സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീയത മുഖ്യധാരാ രാഷ്ട്രീയത്തിന്റെ സ്വാഭാവമായി മാറിയതാണ് നാം കാണുന്നത്. മതേതര സമൂഹം എന്ന കാഴ്ചപ്പാടിനെത്തന്നെ വെല്ലുവിളിക്കുന്ന ഇത്തരമൊരു പരിണാമം എന്തുകൊണ്ടാണ് സംഭവിച്ചത്
മതേതര സമൂഹം എന്ന കാഴ്ചപ്പാടിനു തന്നെ അപാകതയുണ്ട്. മതജാതി സമൂഹമാണ് ഇന്ത്യയിലേത്. ന്യൂനപക്ഷം പോലുമല്ലാത്ത യുക്തിവാദികളാണ് മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. മതത്തിനും ആത്മീയതക്കും യുക്തിവാദത്തേക്കാള്‍ മനോഹാരിതയുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മത വിശ്വാസവുമായി ബന്ധമുണ്ട് എന്നു തോന്നിക്കുന്ന വംശീയതയാണ് ഭീകരവാദത്തിന്റെ അടിസ്ഥാനം. ഐ.എസ്, ആര്‍.എസ്.എസ് എന്നിവയൊക്കെ ഈ ഗണത്തില്‍ പെടും. ഇവര്‍ മാത്രമാണ് ഹിംസവാദികള്‍ എന്നു പറയാന്‍ പറ്റില്ല.
ബംഗ്ലാദേശില്‍ ഇസ്‌ലാം മതത്തിന്റെ ഭാഗമാണ് എന്നു പറയപ്പെടുന്നവര്‍ യുക്തിവാദികളെ കൊല്ലുന്നു. സമൂഹത്തെ ക്രിമിനല്‍വല്‍ക്കരിക്കല്‍ മാത്രമാണ് ഇതിന്റെ ഫലം. കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയവും സമൂഹത്തെ വല്ലാതെ ക്രിമിനല്‍വല്‍ക്കരിച്ചു. ആളുകള്‍ മതവിശ്വാസികളോ മതേതരരോ ആവട്ടെ - സഹിഷ്ണുതാപൂര്‍വമായ ജനാധിപത്യബോധത്തിലേക്ക് അവര്‍ ഉയരാതെ ഒരു പ്രയോജനവുമില്ല. രക്തസാക്ഷിത്വത്തെ ആദര്‍ശവല്‍ക്കരിക്കുന്നതും ശരിയല്ല. രക്തസാക്ഷിത്വമെന്നത് തന്നെ ഹിംസയുടെ പ്രതിഫലനമാണ്. രക്തസാക്ഷികള്‍ പിറക്കാത്തവിധം അഹിംസാത്മക ജനാധിപത്യസമൂഹമാണ് ഉണ്ടാവേണ്ടത്.
? മലയാളത്തില്‍ ശക്തമായ ജൈവ-പാരിസ്ഥിതിക പക്ഷത്തിന് അടിത്തറ പണിത എഴുത്തുകാരില്‍ പ്രധാനിയാണ് താങ്കള്‍. ആദ്യകാല കഥകളിലും ചില നോവലുകളിലും പ്രകടമായ ഈ ജൈവ-പാരിസ്ഥിതിക സമീപനം പിന്നീട് താങ്കളില്‍ നിന്ന് ചോര്‍ന്നു പോയതായി ചിലര്‍ പറയുന്നുണ്ട്. പ്രസംഗങ്ങളിലേക്കും സംഘടനകളുടെ വേദികളിലേക്കുമുള്ള ഒരുക്കങ്ങളാണോ ഈ പിന്‍മാറ്റത്തിന് പശ്ചാത്തലമായത്
പൊതുവെ ഞാന്‍ എഴുത്തില്‍ സജീവമല്ല. ലേഖനങ്ങളിലൂടെയുള്ള പ്രതികരണവും കുറവാണ്. പൊതുവെ നിരാശനാണ് ഞാന്‍. പാലിയേക്കര ടോള്‍ സമരത്തില്‍ അവസാനം വരെ ഞാനുണ്ടായിരുന്നു. പക്ഷേ ആ സമരം ഗംഭീര പരാജയമായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ കരിങ്കല്‍ ക്വാറികള്‍ക്കെതിരേ പരിഷത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം പൊരിവെയിലത്ത് കിലോമീറ്റര്‍ കണക്കിന് ജാഥ നയിച്ചു. പക്ഷേ ആ സമരവും വിജയമായിരുന്നില്ല. അധികാരത്തിനു മേല്‍ മാഫിയകള്‍ പിടിമുറുക്കുകയാണ്. ഭരണകൂടം പരിസ്ഥിതി പോരാളികള്‍ക്കൊപ്പമല്ല. അതിനാല്‍ ജനകീയ പോരാട്ടങ്ങള്‍ വല്ലാതെ മെലിയുന്നു. അതിസമ്പന്നരും മാഫിയകളും രാഷ്ട്രീയ പാര്‍ട്ടികളെ പണമെറിഞ്ഞു പിടിക്കുന്നു.
കുന്നുകള്‍ തകരട്ടെ, വയലുകള്‍ നികത്തപ്പെടട്ടെ- ആര്‍ത്തി ഒടുങ്ങുകയേ വേണ്ട. ചൂടിനെ എ.സി കൊണ്ട് ചെറുക്കാം എന്ന രീതിയില്‍ പൊതുബോധം മാറുന്നു. ഭൂമിക്കു പരുക്കേല്‍പ്പിക്കുന്നതില്‍ മനുഷ്യകുലം ഒറ്റക്കെട്ടാണ്. എനിക്കും നിങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. പാരിസ്ഥിതിക ബോധം തന്നെയാണ് എന്റെ എഴുത്തിനെ നിയന്ത്രിക്കുന്നത്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. പണിപ്പുരയിലുള്ള ഏറ്റവും പുതിയ നോവലും പൂര്‍ണമായും പാരിസ്ഥിതികമാണ്. പ്രസംഗം ഒഴിവാക്കാന്‍ വയ്യ. തെരുവില്‍ നിന്നുകൊണ്ടുള്ള ഒരു പോരാട്ട രീതിയാണത്.
? സ്ഥലം, കാലം, ഓര്‍മ എന്നിവയിലൂടെയുള്ള യാത്രകള്‍ മാഷിന്റെ കഥേതരമായ രചനകളെ സവിശേഷമാക്കുന്നു. ഒരു ആത്മീയ ഭാവത്തോളം ആ സവിശേഷത വളരുന്നുമുണ്ട്. യഥാര്‍ഥത്തില്‍ ഉള്ളില്‍ കരുത്തനായ ഒരാത്മീയ അപരനെകൊണ്ടു നടക്കുന്ന എഴുത്തുകാരനാണ് താങ്കള്‍ എന്നു പറയുന്നതിനോട് യോജിപ്പുണ്ടോ
തീര്‍ച്ചയായും അതെ. ഞാന്‍ ഭൗതികവാദിയല്ല. നാട്ടുനടപ്പനുസരിച്ചുള്ള ഈശ്വരവിശ്വാസി അല്ലെങ്കിലും ഞാന്‍ ആത്മീയവാദിയാണ്. ബൗദ്ധസ്വൂഫി വഴികളോടാണ് എനിക്ക് പൊതുവേ താല്‍പര്യം. പ്രാര്‍ഥനാപൂര്‍ണമായ നിശബ്ദതകള്‍ എന്റെ ആന്തരികമായ പൊറുതികേടുകളെ ഇല്ലാതാക്കുന്നുമുണ്ട്.
? ധാരാളം മുസ്‌ലിം സംഘടനകളുമായി വേദി പങ്കിടാറുള്ള മാഷിന് പാരിസ്ഥിതിക ആത്മീയവാദത്തെ മുസ്‌ലിം സംഘടനകള്‍ ഏറ്റെടുത്തതായി അനുഭവമുണ്ടോ
ഇന്ത്യയിലെ മുസ്‌ലിംകള്‍ കൂടുതല്‍ അരക്ഷിതരാവുന്നു എന്ന തോന്നലുണ്ട്. ഇസ്‌ലാംമത വിശ്വാസികളെ അപരന്മാരായി ഞാന്‍ കണ്ടിട്ടില്ല. എന്റെ തന്നെ ആത്മീയ പരിസരത്തുള്ള സഹോദരന്‍മാരാണവര്‍. ഏറ്റെടുക്കലോ നിരാകരണമോ എന്റെ വ്യാകുലതയല്ല. ഞാന്‍ സംസാരിക്കുന്നത് മനുഷ്യര്‍ക്ക് വേണ്ടിയാണ്. അവരുടെ സങ്കടങ്ങളോടാണ് ഐക്യപ്പെടുന്നത്. മുസല്‍മാനുവേണ്ടി ഞാന്‍ സംസാരിക്കുന്നത് എന്റെ പൗരബോധത്തിന്റെ ഭാഗമാണ്. ഇല്ലെങ്കില്‍ എന്റെ ആന്തരിക ജിവിതം മലിനമാക്കപ്പെടും എന്ന കാരണത്താല്‍ മാത്രം.
? എഴുത്തുകാരന്റെ രാഷ്ട്രീയം അവന്റെ മോഹങ്ങളുടെ രാഷ്ട്രീയമായി മാറിയ സാംസ്‌കാരികാന്തരീക്ഷമാണ് കേരളത്തിലേത്. പലപ്പോഴും അവസരവാദങ്ങള്‍ എഴുത്തുകാരനെ മതിപ്പുകെട്ടവനാക്കി മാറ്റുന്നു. ഈ പ്രതിസന്ധി പ്രതിഭാശൂന്യതയുടെ ഒരു പ്രശ്‌നമല്ലേ
അരക്ഷിതരായി ജീവിക്കാന്‍ പൊതുവെ കലാകാരന്മാര്‍ ഇഷ്ടപ്പെടുകയില്ല. അരക്ഷിതത്വം അവരെ വല്ലാതെ ബാധിക്കുന്നു. ഭീതിതരാക്കുന്നു. ഭരണകൂടത്തോടും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ചേര്‍ന്നുനിന്ന് സുരക്ഷിതരാവാന്‍ അവരാഗ്രഹിക്കുന്നു. അവസരവാദവും നിശബ്ദതയുമൊക്കെ ഭീതിയുടെ ഭാഗമാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയും ആത്മാഭിമാനം പണയം വയ്ക്കാത്ത ആനന്ദും തന്റെ ബോധ്യങ്ങളില്‍ ജീവിച്ച ബഷീറും ഒ.വി.വിജയനുമൊക്കെയാണ് എന്റെ റോള്‍ മോഡലുകള്‍.
രാഷ്ട്രീയ പാര്‍ട്ടികളോട് എഴുത്തുകാരും ചിന്തകരുമൊക്കെ വല്ലാതെ അടുക്കാതിരിക്കുന്നതാണ് നല്ലത്. പിന്നീട് അകന്നാല്‍ അവര്‍ വേട്ടയാടും. പ്രത്യേകിച്ച് കേഡര്‍ പാര്‍ട്ടികള്‍. എം.എന്‍ വിജയന്റെ ജീവിതം തന്നെ ഉദാഹരണം.
? സമീപകാലത്തായി ചില നോവലിസ്റ്റുകള്‍ സ്വന്തം രചനകളെ ആഗോള വല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നാം കാണുന്നു. ആത്മവിപണനത്തിന്റെ ഈ മലീമസ പ്രവണത കാലഹരണപ്പെട്ട അക്ഷരങ്ങളെയല്ലേ പ്രിതിഫലിപ്പിക്കുന്നത്. എഴുത്തുകാരന് സ്വന്തം അക്ഷരങ്ങളെകുറിച്ചുള്ള ആത്മബോധ രാഹിത്യമല്ലേ ഇതിലുള്ളത്
തന്റെ കൃതികളെ ഇതര ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ എഴുത്തുകാര്‍ തന്നെ മുന്‍കൈയെടുക്കണം. അതില്‍ തെറ്റില്ല. പക്ഷേ ആഗോള ശ്രദ്ധ ആകര്‍ഷിക്കാനൊന്നും എളുപ്പമല്ല. അരുന്ധതി റോയിയെപ്പോലെ ഇംഗ്ലീഷില്‍ എഴുതുന്നവരല്ലാത്ത കേരളത്തിലെ ഒരെഴുത്തുകാരന്റെ ഇംഗ്ലീഷ് പരിഭാഷകള്‍ ലോകശ്രദ്ധയാകര്‍ഷിച്ച അനുഭവമില്ല.
രചനകളുടെ കുഴപ്പം കൊണ്ടൊന്നുമല്ല കെട്ടോ ഇത്. ഒ.വി.വിജയന്റെയും ബഷീറിന്റെയും ആനന്ദിന്റെയുമൊക്കെ പല രചനകളും ലോകോത്തരങ്ങളാണ്. എന്നിട്ടും അവരുടെ ഇംഗ്ലീഷ് പരിഭാഷകള്‍ ചെറിയ വൃത്തങ്ങളില്‍ മാത്രമാണു ചര്‍ച്ച ചെയ്യപ്പെട്ടത്. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ പരിഭാഷകള്‍ ഉണ്ടാവണം. അതുമാത്രം പോരാ. ആ വിധം ശ്രദ്ധിക്കുന്ന തരത്തിലുള്ള പ്രസാധനവും സംഭവിക്കണം.
? ആനുകാലികങ്ങളുടെയും പ്രസാധകരുടെയും പക്ഷം ചേരലുകള്‍ എക്കാലവും മലയാളത്തില്‍ എഴുത്തിന്റെ പുതുകാലങ്ങളുടെ വരവിനെ തടയാറുണ്ട്. ഇന്നും തുടരുന്ന ഈ ദുഷ്പ്രവണത എഴുത്തുകാര്‍ പത്രാധിപന്മാരായി വരുന്നതിന്റെ ദൂഷ്യം കൂടിയല്ലേ
എഴുത്തുകാര്‍ പത്രാധിപരാവുന്നതല്ല കുഴപ്പം. എം.ടി എത്രയോ പേരെ 'മാതൃഭൂമി'യിലൂടെ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടില്ലേ? മനോഭാവമാണ് പ്രധാനം. നമുക്ക് വിയോജിപ്പുകളുണ്ടാവാം. പക്ഷേ അസൂയയില്‍ കാര്യമില്ല. എഴുത്തുകാരന്റെ രാഷ്ട്രീയവും സമീപനങ്ങളും അംഗീകരിക്കാന്‍ പറ്റാത്തപ്പോഴും എഴുത്തിനെ അംഗീകരിക്കേണ്ടി വരും. അശോകന്‍ ചരുവിലിന്റെ കഥകള്‍ അന്നും ഇന്നും എനിക്കിഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയം അസഹനീയമാണ്. മലയാളത്തില്‍ എഴുതപ്പെട്ട എക്കാലത്തെയും മികച്ച കഥകള്‍ അശോകന്റേതായുണ്ട്.
വി.ആര്‍ സുധീഷുമായും എനിക്ക് ധാരാളം വിയോജിപ്പുണ്ട്. പക്ഷേ അയാള്‍ക്ക് അക്കാദമി അവാര്‍ഡ് കിട്ടാത്തതില്‍ എനിക്ക് എന്നും സങ്കടം തോന്നിയിരുന്നു. പോയവര്‍ഷം അയാള്‍ക്ക് അവാര്‍ഡ് കിട്ടിയതോടെയാണ് സങ്കടം മാറിയത്. സുധീഷിന്റെ ചില കഥകള്‍ വായിച്ച് കണ്ണുനിറഞ്ഞിട്ടുണ്ടെനിക്ക്.
? ഫാസിസത്തിനെതിരേയും മറ്റും ജമാഅത്തെ ഇസ്‌ലാമിയുടെ വേദികളില്‍ ഭാഗഭാക്കാകാറുള്ള താങ്കള്‍ ആ പ്രസ്ഥാനം ഇന്ത്യന്‍ മുസ്‌ലിംകളില്‍ സൃഷ്ടിച്ച അപകര്‍ഷതാ സമാനമായ പിന്‍വലിയല്‍ മനോഭാവത്തെ അപഗ്രഥിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ
ജമാഅത്തെ ഇസ്‌ലാമിക്കു മാത്രമല്ല, പൊതുവെ മുസ്‌ലിം സംഘടനകള്‍ക്ക് ഈ കുഴപ്പമുണ്ട്. ഫാസിസം ശ്രമിക്കുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഉള്‍വലിയല്‍ മനോഭാവം സൃഷ്ടിക്കാനാണ്. ഇതിന് പരിഹാരം ബഹുസ്വര ജനാധിപത്യത്തില്‍ ഇടപെടലാണ്. പഞ്ചായത്ത് തൊട്ട് പാര്‍ലമെന്റ് വരെ പ്രതിനിധികളെ അയക്കണം. തെരുവുകളെ സംവാദാത്മകമാക്കണം. ഇക്കാര്യത്തില്‍ കുറെയൊക്കെ വിജയിച്ചത് മുസ്‌ലിം ലീഗാണ്. അവരും ഇന്ത്യയിലെ ചില പോക്കറ്റുകളില്‍ ഒതുങ്ങുകയാണ്. ഈ വഴിയാണ് ശരിയെന്നു തോന്നിയതിനാലാവണം ജമാഅത്തെ ഇസ്‌ലാമി വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാക്കിയത്. സംഘടനാപരമായ ശത്രുതാ മനോഭാവം മുസ്‌ലിംകള്‍ക്കിടയില്‍ വളരുന്നത് നന്നല്ല. ജനാധിപത്യ രാജ്യത്ത് അവരുടെ ഇടങ്ങളെ അത് ദുര്‍ബലപ്പെടുത്തും.
ജമാഅത്തെ ഇസ്‌ലാമിയോട് എനിക്കുള്ള ഇഷ്ടം പറയാം - വിമര്‍ശനം ഉന്നയിച്ചപ്പോള്‍ പോലും അവരെന്നെ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടില്ല. പെരുമാറ്റത്തില്‍ കുലീനരാണവര്‍.
? കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മലയാളി വായനക്കാര്‍ ഏറെ മുന്നേറിയിട്ടുണ്ട്. അവര്‍ കുട്ടികൃഷ്ണമാരാരില്‍ നിന്നും ഉറൂബില്‍ നിന്നുമൊക്കെ പൗലോ കൊയ്‌ലോവിലും ഒര്‍ഹാന്‍ പമുകിലുമൊക്കെ എത്തി നില്‍ക്കുന്നു. വിവര്‍ത്തന-ഇതരഭാഷാ സാഹിത്യത്തിനുണ്ടായ ഈ സ്വീകാര്യത തനത് എഴുത്തിന്റെ അഥവാ തദ്ദേശീയ ആവിഷ്‌ക്കാരത്തിന്റെ പരിമിതികളെ പ്രതിനിധീകരിക്കുന്നില്ലേ
പൊതുവെ മലയാളി ഗോളാന്തര വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നു. ഇതര ഭാഷാസാഹിത്യത്തോട് അടുപ്പം കാണിക്കുന്നു. അത് നല്ലതാണ്. പൗലോ കൊയ്‌ലോവിനെ വായിക്കുന്നതു കൊണ്ട് നമ്മുടെ സാഹിത്യം ചെറുതാണെന്ന് കരുതേണ്ടതില്ല. 'ആല്‍കെമിസ്റ്റി'നേക്കാള്‍ എത്രയോ മഹത്തായ കൃതിയാണ് 'ഖസാക്കിന്റെ ഇതിഹാസം' എന്നു ഞാന്‍ വിശ്വസിക്കുന്നു. നെരൂദയുടെ കൃതികള്‍ വായിച്ചപ്പോള്‍ വൈലോപ്പിള്ളിയോടും ഇടശ്ശേരിയോടും ആദരവു കൂടിയിട്ടേയുള്ളൂ എനിക്ക്.
? കൃത്യമായ രാഷ്ട്രീയവും വ്യക്തമായ പാരിസ്ഥിതിക ദര്‍ശനവും ഉള്ള രചനകളാണ് താങ്കളുടേത്. എന്നാല്‍ ആ നിലക്ക് അവ പഠന വിധേയമാക്കപ്പെട്ടതായി അനുഭവമില്ല. എന്തുകൊണ്ടാണ് ഈ തമസ്‌കരണം നേരിട്ടത്
ഇതെന്റെ മാത്രം പ്രശ്‌നമല്ല. ഒത്തിരി എഴുത്തുകാരുടെ രചനകള്‍ ഈ വിധം പഠിക്കപ്പെടാതെ പോകുന്നു. നിരൂപകരുടെ അഭാവവും മാധ്യമങ്ങളില്‍ നിരൂപണത്തിന് ഇടമില്ലാതായതും വലിയ പ്രശ്‌നമാണ്.
?
എഴുത്തുകാരന്‍ എന്ന നിലയിലുള്ള താങ്കളുടെ യാത്ര തുടരുകയാണ്. ആഗ്രഹിച്ചിട്ടും എഴുതാന്‍ കഴിയാതെ പോയ ഒരാശയം ഉള്ളിലുണ്ടോ
കഴിഞ്ഞ 40 വര്‍ഷവും ഞാന്‍ ശ്രദ്ധിച്ചത് ചെറുകഥയിലാണ്; നോവലിലല്ല. ഇനി ചില നോവലുകളാണ് മനസില്‍. വലിയ ആഖ്യാനങ്ങള്‍. ഒന്ന് എന്റെ കുടുംബചരിത്രമാണ്. മന്ത്രവാദിയും നാട്ടുവൈദ്യനുമായിരുന്ന മുത്തച്ഛനെക്കുറിച്ച്. ബുദ്ധനെക്കുറിച്ച് ഒരു നോവലും മനസിലുണ്ട്.
? സ്വന്തം രചനാ ജീവിതത്തില്‍ ഒരു തിരുത്ത് എന്ന പോലെ കൈയൊഴിയാനും അകലം പാലിക്കാനും ആഗ്രഹിക്കുന്ന രചനകള്‍ ഉണ്ടോ? എന്താണിതിന് കാരണം? 'ഗ്രീഷ്മമാപിനി'യെ കുറിച്ച് എന്താണു നിലപാട്
പൊതുവെ സന്ദേഹിയാണ് ഞാന്‍. സര്‍ഗാത്മകമായി അസംതൃപ്തനുമാണ്. അങ്ങനെയല്ലായിരുന്നു എഴുതേണ്ടതെന്ന് പല കൃതികളെകുറിച്ചും തോന്നിയിട്ടുണ്ട്. 'ഗ്രീഷ്മമാപിനി' എന്ന നോവലാണ് പൂര്‍ണമായും ഉപേക്ഷിച്ചത്. വി.എസിനെ കുറിച്ചുള്ള നോവലാണ് എന്നു തോന്നുന്ന തരത്തിലുള്ള ഒടിമറിച്ചില്‍ സങ്കേതം ആ കൃതിയിലുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ പോപ്പ് രചനാ സങ്കേതവും കാര്‍ട്ടൂണ്‍ രചനാ സങ്കേതവുമൊക്കെ ഞാന്‍ ഉപയോഗപ്പെടുത്തി. പ്രസംഗവും ഫോണ്‍കോളും രചനാ രീതിയായി വന്നു. ഈ രീതിയില്‍ ആ നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. സി.പി.എമ്മിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗം മാത്രമായി വായിക്കപ്പെട്ടു. വില്‍പന മാത്രം ലക്ഷ്യമാക്കിയിരുന്നെങ്കില്‍ വി.എസ് ഗ്രൂപ്പിന്റെ ഭാഗമായി ആ നോവല്‍ കൊണ്ടു നടക്കാമായിരുന്നു. എനിക്ക് അതിന് താല്‍പര്യമില്ല. അതിനാല്‍ എന്റെ രചനാ ജീവിതത്തില്‍ നിന്ന് ആ കൃതിയെ ഞാന്‍ ഉപേക്ഷിച്ചു. എനിക്കു പറ്റിയ പിഴവാണ് 'ഗ്രീഷ്മമാപിനി'.
? താങ്കളുടെ രചനകളില്‍ ഏറെ ശ്രദ്ധേയവും വായന നേടിയതുമാണല്ലോ 'ശൂന്യമനുഷ്യര്‍'. ഈ രചനയുടെ നൈതികവും രാഷ്ട്രീയവും ആത്മീയവുമായ പ്രേരണകളും പശ്ചാത്തലങ്ങളും എന്തൊക്കെയാണ്
ആത്മഹത്യകളെ മുന്‍നിര്‍ത്തി ജീവിത സമസ്യകളെ സംബന്ധിച്ച അന്വേഷണമാണ് 'ശൂന്യമനുഷ്യര്‍.' രാഷ്ട്രീയ നോവലല്ല അത്. അതിനാല്‍ തന്നെ കാലാതിവര്‍ത്തിയായ അനുഭവങ്ങള്‍ ആ കൃതി സമ്മാനിക്കുമെന്നാണ് എന്റെ കാഴ്ചപ്പാട്. കരഞ്ഞുകൊണ്ട് ആ കൃതി വായിച്ച പലരെയും എനിക്കറിയാം. കരഞ്ഞു കൊണ്ടാണ് ഞാനും ആ കൃതി എഴുതിയത്. എന്റെ സാഹിത്യജീവിതത്തലെ നാഴികക്കല്ലാണ് ആ കൃതി എന്നു കരുതുന്നു.
? നവമാധ്യമങ്ങളുടെ അതിശക്തമായ നീരാളിപ്പിടിത്തത്തിലാണ് പുതു തലമുറ. മുന്‍ തലമുറയെ അപേക്ഷിച്ച് വായന കുറയാന്‍ നവമാധ്യമ സ്വാധീനം കാരണമായിട്ടുണ്ടോ
നവമാധ്യമങ്ങളില്‍ നടക്കുന്നതും വായനയും സംവാദവുമാണ്. അച്ചടിച്ച പുസ്തകങ്ങള്‍ തന്നെ വായിക്കണമെന്നുമില്ല. പക്ഷേ നവമാധ്യമ രംഗത്തെ രചനാ വഴികള്‍ ആഴം കുറഞ്ഞതാണ്. ദാര്‍ശനിക ശോഭയും കുറവാണ്. ഒരുപക്ഷേ പുതിയ തലമുറയ്ക്ക് അതു മതിയാകും. ഞാനവരെ കുറ്റംപറയില്ല. ഓരോ കാലത്തും ഓരോ രീതികള്‍ കാണും. പുതിയ കാലം രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെതുമാണ്. സാഹിത്യ കൃതികള്‍ സാഹിതീയമല്ലാത്ത വിവാദങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെടും. പെരുമാള്‍ മുരുകന് ശ്രദ്ധിക്കപ്പെടാന്‍ സംഘപരിവാര്‍ ഭീഷണി വേണ്ടി വരുന്നതും നല്ല കാര്യമല്ല. ഒരെഴുത്തുകാരന്‍ തന്റെ സര്‍ഗജീവിതം ഉരുക്കിയുരുക്കി ജീവിതത്തെക്കുറിച്ച് ദാര്‍ശനിക തലത്തില്‍ ഒരു നോവലെഴുതിയാല്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല. എന്നാല്‍ ഏതെങ്കിലും വിവാദത്തിന്റെ പേരില്‍ ക്ഷുദ്ര കൃതികള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യാം. ഇങ്ങനെയൊരു കാലത്തും ജീവിച്ചേ മതിയാകൂ.
? പ്രസ്ഥാനങ്ങള്‍ ഓരോന്നും ഓരോ ജീവിതമണ്ഡലങ്ങളായി മാറിയ ഈ കാലത്ത് താങ്കള്‍ സഹയാത്ര ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഭാവിയെ അഭിസംബോധന ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ
എന്റെ കൗമാരകാലത്ത് ഞാന്‍ നക്‌സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പാര്‍ലമെന്റിനു മുകളില്‍ ചെങ്കൊടി പാറുമെന്നൊക്കെ വിശ്വസിച്ചു. ചെങ്കൊടി പാറിയിട്ടും പ്രയോജനമില്ലെന്ന് കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജീവിതം എന്നെ പഠിപ്പിച്ചു. അത്തരം മണ്ടത്തരങ്ങളെ കുറിച്ച് ആലോചിച്ചാല്‍ ഇന്ന് ചിരിവരും. ഞാന്‍ പറഞ്ഞില്ലേ സന്ദേഹിയാണ് ഞാന്‍. മഹായാത്രകള്‍ക്കിടയില്‍ നാം പല സത്രങ്ങളില്‍ താമസിക്കും. ഒരു സത്രത്തോടും ആഭിമുഖ്യം തോന്നരുത്. യാത്ര എന്നത് ഒരന്വേഷണം മാത്രമാണ്. ആയുസ് ഒടുങ്ങും വരെ അന്വേഷിച്ചുകൊണ്ടിരിക്കണം. പ്രസ്ഥാനങ്ങളിലും എനിക്ക് വിശ്വാസമില്ല. പ്രസ്ഥാനങ്ങള്‍ക്കപ്പുറത്തെ സത്യം അന്വേഷിക്കുന്ന ഏകാകി മാത്രമാണ് ഞാന്‍. ജനതയിലും എനിക്കത്ര വിശ്വാസം പോര. ഗാന്ധിജിയും ഗോഡ്‌സെയും ഇന്ന് പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിച്ചാല്‍ ഗാന്ധിജി തന്നെ ജയിക്കുമെന്ന് ഉറപ്പുണ്ടോ? വര്‍ത്തമാനകാല ഇന്ത്യയില്‍ അങ്ങനെ നമുക്ക് ഉറപ്പിക്കാന്‍ കഴിയുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."