HOME
DETAILS

പാട്ടൊഴുകിയ പത്തേമാരികള്‍

  
backup
May 22 2016 | 06:05 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8a%e0%b4%b4%e0%b5%81%e0%b4%95%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3

ഇരുനൂറില്‍പ്പരം പത്തേമാരികള്‍ നിരന്നു നിന്നിരുന്ന പൊന്നാനി തുറമുഖത്തിന്റെ ക്ലാവുപിടിച്ച ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ച്, പാതി പൊളിഞ്ഞ പാണ്ടികശാലയോടു ചേര്‍ന്നുള്ള വെളിച്ചം കയറാന്‍ മടിക്കുന്ന ചായക്കടകളില്‍ പകലുകള്‍ നെയ്യുന്ന കുറച്ചാളുകള്‍ പൊന്നാനിയിലുണ്ട്; സ്രാങ്കുമാര്‍. പത്തേമാരിക്കാലത്തിന്റെ കപ്പിത്താന്മാര്‍. വെറും കപ്പിത്താന്മാരല്ല, ഇവര്‍ പാട്ടിന്റെ പത്തേമാരിക്കാലത്തെ സ്രാങ്കുമാര്‍.

പാട്ടിന്റെ അലുക്കത്തുകളും ഹാര്‍മോണിയത്തിന്റെ അനുനാസികസ്വരങ്ങളും സദാ പാറിനടന്ന പൊന്നാനിയിലെ നാട്ടിടവഴികളില്‍ അവരിപ്പോഴുമുണ്ട്; കാലത്തിന്റെ കുത്തൊഴുക്കില്‍ പോയിമറഞ്ഞ പത്തേമാരിക്കാലത്തിന്റെ തിരിച്ചു വരവും പ്രതീക്ഷിച്ച്.
സാങ്കേതിക സൗകര്യങ്ങളില്ലാത്തൊരു കാലത്ത് കാറ്റിന്റെയും നീരൊഴുക്കിന്റെയും നക്ഷത്രങ്ങളുടെയും സഹായത്തോടെ ചരക്കുകള്‍ കയറ്റി തുറമുഖങ്ങളില്‍ നിന്ന് തുറമുഖങ്ങളിലേക്ക് പത്തേമാരികളെ നയിച്ചിരുന്നു സ്രാങ്കുമാര്‍. അവര്‍ ഖവാലിയുടെയും ഹിന്ദുസ്ഥാനിയുടെയും ഉസ്താദുമാര്‍ കൂടിയായിരുന്നതിനാല്‍ കാറ്റിന്റെ പത്തേമാരികള്‍ പാട്ടിന്റെ പത്തേമാരികളുമായി.
റോഡ് ഗതാഗതം ശക്തമായതോടെ പത്തേമാരികള്‍ പുരാവസ്തുക്കളായി. പേ പിടിച്ച കടലിനു നടുവിലൂടെയുള്ള സാഹസിക യാത്ര നടുക്കുന്ന ഓര്‍മകള്‍ മാത്രമായി തീരത്ത് കാറ്റിനൊപ്പം പാറി നടന്നു. ജോലി നഷ്ടപ്പെട്ട സ്രാങ്കുമാര്‍ പുതിയ കാലത്തോട് പൊരുത്തപ്പെടാനാവാതെ ഓര്‍മകളില്‍ അഭിരമിച്ച് ജീവിതം തള്ളിനീക്കി. ചിലരാവട്ടെ, മത്സ്യത്തൊഴിലാളികളായി പുതിയ മേച്ചില്‍പുറങ്ങള്‍ തേടി. കരയറിയാത്ത കടലറിവുകളുമായി അവര്‍ കടലിന്റെ വിദൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരിക്കും. എവിടെ പോയിമറഞ്ഞു ആ പാട്ടിന്റെ പത്തേമാരിക്കാലം...

സ്രാങ്കുമാരായ കുഞ്ഞിരായിൻക്കാനകത്ത് ഖാദറും ഹംസുവും  പൊന്നാനിയിലെ പാണ്ടികശാലയിൽ

പത്തേമാരിയില്‍ നിന്ന് കപ്പലിലേക്ക്

''കടലിന്റെ ചതിയറിയാതെ ഒരു യാത്ര...എവിടെയാണ് കര, ഏതു ദിക്കിലേക്കാണ് യാത്ര, ഒന്നും പറയാന്‍ പറ്റില്ല. എന്നാലും പോവും. കടലിനെ വിശ്വസിച്ചൊരു പോക്ക്. കാറ്റിന്റെ ദിശക്കനുസരിച്ച് പാമരം മാറ്റിക്കെട്ടിയാണ് യാത്ര. പേ പിടിച്ച കടലിനു നടുവിലൂടെയുള്ള യാത്ര. എട്ടു പടുകൂറ്റന്‍ കണ്ടെയ്‌നറുകളാണ് പത്തേമാരിയിലെ ചരക്ക്(ഒരു കണ്ടെയ്‌നറിന് ഒരു ലോറിയേക്കാള്‍ വലുപ്പം കാണും). വലിച്ചു കെട്ടിയ കൂറ്റന്‍ പായകള്‍ കാറ്റു പിടിക്കുന്നതും നോക്കിയാണു യാത്ര. കാറ്റു ചിലപ്പോള്‍ കൊടുങ്കാറ്റാവും. കടല്‍ നുരയും പതയും വമിക്കുന്ന വ്യാളിയെപ്പോലെ ഭീകരനാവും. ആ ഭീകരനോട് പൊരുതി പത്തേമാരി ലക്ഷ്യത്തിലെത്തിക്കുക സ്രാങ്കിന്റെ ജോലിയാണ്.'' അഴീക്കലിലെ കുട്ടൂസാക്കാന്റകത്ത് ഉസ്മാന്‍ തന്റെ പത്തേമാരി യാത്ര ഓര്‍ക്കുന്നു. ഉസ്മാനെപ്പോലെ നിരവധി സ്രാങ്കുമാരുണ്ട് പൊന്നാനിയില്‍. കുഞ്ഞിരായിന്‍ക്കുട്ടിക്കാനകത്ത് കെ.കെ ഖാദര്‍, തറീക്കാനകത്ത് ഇമ്പിച്ചി ബാവ, പറമ്പില്‍ കോയ, ഇ.കെ ഇബ്രാഹീം കുട്ടി, കോയിലാക്കാനകത്ത് അബദുല്‍ റഹ്മാന്‍, ഹാജിയാരകത്ത് മുഹമ്മദ് എന്ന സ്രാങ്ക് മുഹമ്മദ്...അങ്ങനെ എത്രയോ പേര്‍.
ബോംെബയിലേക്കും അറബ് നാടുകളിലേക്കും ധാരാളം പത്തേമാരികള്‍ പോയിരുന്നൊരു കാലം പൊന്നാനിക്കുണ്ടായിരുന്നു. വെള്ളക്കാര്‍ കെട്ടുകെട്ടിയതോടെ പഴയ പത്തേമാരികള്‍ അങ്ങാടിയിലെ മുസ്‌ലിം പ്രമാണിമാരുടേതായി. അഴീക്കലിലെ വീടുകളില്‍ നിന്നാണ് സ്രാങ്കുമാര്‍ വന്നിരുന്നത്. സ്രാങ്കിന് പണി പിടിപ്പതാണ്. പത്തേമാരിയിലെ ചരക്കിന്റെയും പണിക്കാരുടെയുമെല്ലാം ഉത്തരവാദിത്തം സ്രാങ്കിനാണ്. ഓരോരുത്തരുടെയും യാത്രാരേഖകള്‍ സൂക്ഷിക്കണം. പത്തേമാരി നിയന്ത്രിക്കാന്‍ വേറെ ആളുണ്ടാവും. പക്ഷേ അയാളെ നിയന്ത്രിക്കേണ്ട പണി സ്രാങ്കിനാണ്. സ്രാങ്കുമാര്‍ മത്സ്യത്തൊഴില്‍ ചെയ്തിരുന്നില്ല. അതൊരുതരം താണ ജോലിയായി ഓരോ സ്രാങ്ക് കുടുംബവും തലമുറകളായി വിശ്വസിച്ചു പോന്നു. പുതുപുത്തന്‍ കാലം വരികയും പത്തേമാരിക്കാലം ഓര്‍മകള്‍ മാത്രമാവുകയും ചെയ്തതോടെ കടല്‍ നഷ്ടപ്പെട്ട സ്രാങ്കുമാരില്‍ പലരും മത്സ്യത്തൊഴിലിലേക്ക് തിരിഞ്ഞു.
ഇന്നിതാ 2,000 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ ആദ്യ സ്വകാര്യ പങ്കാളിത്ത ചരക്ക് കയറ്റുമതി ഇറക്കുമതി തുറമുഖം പൊന്നാനിയില്‍ നിര്‍മിക്കുന്നു. പണി തുടങ്ങിക്കഴിഞ്ഞു. പഴയ പത്തേമാരിക്കാലത്തു നിന്ന് വന്‍ കപ്പലുകള്‍ക്ക് വഴി മാറുകയാണ് പൊന്നാനി. അതു കാണാന്‍ സ്രാങ്കുമാര്‍ക്ക് കാലം ആയുസ് നീട്ടിക്കൊടുക്കുമോ ആവോ.

പാണ്ടികശാലയോട് ചേർന്ന ചായമക്കാനി

ബുക്കാനന്റെ റിപ്പോര്‍ട്ട്

1800 ഡിസംബര്‍ 14ന് പൊന്നാനിയിലെത്തിയ ഫ്രാന്‍സിസ് ബുക്കാനന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പത്തേമാരിക്കാലത്തെ പൊന്നാനിയെ ഇങ്ങനെ പറയുന്നു: ''പൊന്നാനിയിലെ വലിയ മാളികകളില്‍ അഞ്ഞൂറോളം വീടുകള്‍ കച്ചവടക്കാരുടേത് മാത്രമായിയുണ്ട്. ഇവിടത്തെ മാപ്പിളമാര്‍ വലിയ ധനികന്മാരാണ്. അവരുടെ സ്വന്തമായ പത്തേമാരികള്‍ സൂറത്ത്, ബംഗാള്‍, മദ്രാസ് എന്നീ ദിക്കുകളിലേക്ക് പോകുന്നു. തുറമുഖത്ത് എപ്പോഴും പശ്ചിമതീരത്തെ പല സ്ഥലങ്ങളില്‍ നിന്നുള്ള പത്തേമാരികള്‍ നങ്കൂരമിട്ടിട്ടുണ്ടായിരിക്കും. ബോംെബയില്‍ നിന്ന് ഗോതമ്പ്, ഉഴുന്ന്, പയര്‍, കരിമ്പ്, പഞ്ചസാര, ശര്‍ക്കര, ഉപ്പ് എന്നിവ കൊണ്ട് വരുന്നു. നാളികേരവും തേക്കും ഇവിടെ നിന്ന് കൊണ്ട് പോകുന്നു. കൊച്ചിയില്‍ നിന്ന് ചെറിയ തോണികള്‍, സുഗന്ധദ്രവ്യങ്ങള്‍, പഞ്ചസാര, ഗോതമ്പ്, കടുക് എന്നിവ ഇറക്കുമതി ചെയ്യുകയും പകരം അരിയും നെല്ലും പാകപ്പെടുത്തിയ ഇരുമ്പ് സാധനങ്ങളും ഇവിടെ നിന്ന് കയറ്റി അയക്കുകയും ചെയ്യുന്നു.''
1850 ഡിസംബര്‍ 20 ന് സിവില്‍ എന്‍ജിനീയര്‍ എഫ്.സി കോദര്‍ സര്‍ക്കാറിന് അയച്ച മറ്റൊരു റിപ്പോര്‍ട്ടിലും സമ്പന്നമായ പത്തേമാരിക്കാലത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. 1800കളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പാണ്ടികശാലകള്‍ ഇന്നും കാലത്തെ തോല്‍പ്പിച്ച് പൊന്നാനിയിലുണ്ട്. ആല്‍മരത്തിന്റെ വേരുകള്‍ ഇഴുകിച്ചേര്‍ന്ന ചുമരുകള്‍ക്ക് താഴെ കാതോര്‍ത്താല്‍ കേള്‍ക്കാം പത്തേമാരിയുടെ പാമരം വലിച്ച് കെട്ടുന്ന ശബ്ദം. ഇന്നും ചില സ്രാങ്കുമാര്‍ ഈ പാണ്ടികശാലയിലെത്തും. പാതി അടര്‍ന്നു തുടങ്ങിയ ചുമരുകളിലേക്ക് നോക്കി പഴയ ശുജായിത്തരങ്ങള്‍ പറഞ്ഞുപറഞ്ഞ് രാവെളുപ്പോളം അവര്‍ ഇരിക്കും.

പാട്ടിന്റെ പത്തേമാരി

നടുക്കടലില്‍ ദിശയറിയാന്‍ സ്രാങ്കുമാര്‍ക്ക് നക്ഷത്രങ്ങളാണ് വഴികാട്ടി. കമര്‍, കപ്പല്‍, കുട്ടമീന്‍ എന്നിങ്ങനെ ഇവര്‍ തന്നെ നല്‍കിയ പേരുകളിലറിയപ്പെടുന്ന നക്ഷത്രങ്ങള്‍. കാലാവസ്ഥ പ്രതികൂലമായാല്‍ രണ്ടോ മൂന്നോ ദിവസം കടലില്‍ ചുറ്റിത്തിരിയും. അപ്പോള്‍ കടലിന്റെ വിജനതയില്‍ പത്തേമാരികളില്‍ നിന്ന് ഹാര്‍മോണിയത്തിലൂടെ പ്രണയവും വിരഹവും ശ്രുതിയിട്ട മാസ്മര സംഗീതം ഓളങ്ങളിലേക്ക് ഒഴുകിപ്പരക്കും. വെളുക്കുവോളം ഇത് തുടരും. ജിവിതത്തിന്റെ ഭൂരിഭാഗവും കടലില്‍ കഴിയുന്ന സ്രാങ്കുമാരുടെയും അനുബന്ധതൊഴിലാളികളുടെയും മാസങ്ങളോളം കുടുംബങ്ങളെ വിട്ടകന്നു കഴിയുന്നതിന്റെ വിഷാദ വേദനകള്‍ മാഞ്ഞ് പോകാന്‍ സഹായിച്ചത് ഈ സംഗീതമായിരുന്നു.
1960കളില്‍ കുഞ്ഞിരായിന്‍ കുട്ടിക്കാനകത്ത് മുഹമ്മദലിയുടെ 'ഫതഹുല്‍ സമദ് ' എന്ന പത്തേമാരി കാസര്‍കോട് വച്ചു തകര്‍ന്നപ്പോള്‍ പാട്ടുകാരന്‍ കൂടിയായ ഹൈദ്രോസ് കുട്ടി ഒരു പാട്ട് കെട്ടി. അതില്‍ ആ സംഭവം വിവരിക്കുന്നത് ഇങ്ങനെ:
'ഫത്തഹുസ്സമദാന്‍ എന്ന പത്തേമാരിയുടെ ഓട്ടം
സാധ്യമായ ഹൈദ്രോസ്‌കുട്ടിയുടെ തേട്ടം.
മലബാറ് വളപ്പട്ടണ മൂപ്പ കേറ്റിയേ
കാസര്‍ഗോഡ് വെച്ച് തൂഫാന്‍ എത്തിയേ.'
കരയറിയാത്ത കടലറിവുകളാണ് ഓരോ സ്രാങ്കുമാരും. അധികമാര്‍ക്കും പകുത്ത് നല്‍കാത്ത അറിവുകള്‍. പൊന്നാനിയില്‍ നിന്ന് പത്തേമാരിയില്‍ ബോംബെ, കറാച്ചി, ഇറാഖ് തുടങ്ങിയ സ്ഥലത്തേക്ക് ചരക്കുമായി പോയ കെ.കെ ഖാദര്‍ തന്റെ പഴയ കാലം ഇങ്ങനെ ഓര്‍ക്കുന്നു:''15 ദിവസം വേണം പത്തേമാരി ബോംബെയിലെത്താന്‍. കാറ്റ് അനുകൂലമാണെങ്കില്‍ മാത്രം. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ ഒരു മാസമെടുക്കും. സാധാരണ 20 ദിവസത്തിനുള്ള ഭക്ഷണവുമായാണ് പത്തേമാരി യാത്ര. സാധനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ നങ്കൂരമിട്ട് വാങ്ങും. മരത്തിന്റെ ടാങ്കില്‍ 40 ടിന്ന് വെള്ളം കൊള്ളും. കുളിക്കണത് പുളിവെള്ളം കൊണ്ട് തന്നെ. കൊടുങ്കാറ്റൊക്കെ വന്നാല്‍ കഷ്ടപ്പാടാണ്. ചില പത്തേമാരികള്‍ കൊടുങ്കാറ്റില്‍ പാറിപ്പോയതായി കേട്ടിട്ടുണ്ട്. അതിലുള്ളവര്‍ കടലാഴങ്ങളിലേക്ക് പോയിക്കാണും. കാറ്റിന്റെ ലക്ഷണം ശരിയല്ലെങ്കില്‍ നങ്കൂരമിടും. കടല്‍ ശാന്തമായാലാണ് പിന്നീട് യാത്ര. എല്ലാ നിയന്ത്രണവും സ്രാങ്കെന്ന കപ്പിത്താനാണ്. കരുതിയ നല്ല വെള്ളം നീണ്ട യാത്രയ്ക്കിടയില്‍ തീരാറായാല്‍ ചുണ്ട് മാത്രം നല്ല വെള്ളം കൊണ്ട് നനക്കേണ്ടി വന്നിട്ടുണ്ട്. ഇടയ്ക്ക് കടല്‍വെള്ളം കുടിക്കും. ആഴം കൂടിയ ഭാഗങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് വീശുമ്പോള്‍ ഛര്‍ദിക്കും. പത്തേമാരിയിലെ ആദ്യ യാത്രയില്‍ തന്നെ ചര്‍ദിച്ചു. കുറെ ഛര്‍ദിച്ചപ്പോള്‍ കടല്‍ വെള്ളം കുടിക്കാനാണ് സ്രാങ്ക് പറഞ്ഞത്. പത്തേമാരിയാത്രയ്ക്കിടയില്‍ മീന്‍ തന്നെയാണ് തീറ്റ. അതിനായി മീന്‍ പിടിക്കും. ഒരു നേരം മാത്രമാണ് അരി ഭക്ഷണം. ചാള, മുള്ളന്‍ എന്നീ മീനുകള്‍ വയറു നിറച്ച് കഴിക്കും.''

9

 

പൊന്നാനിക്കടവ്.PONNANI TOWN BOAT JETTY
നടുക്കടലില്‍ തകര്‍ന്ന പത്തേമാരി

ചിരട്ട കത്തിച്ച് തീ പിടിപ്പിച്ച് ഭക്ഷണം ഉണ്ടാക്കിക്കഴിച്ച ഓര്‍മകള്‍ ഇന്നും മാഞ്ഞിട്ടില്ലെന്ന് പൊന്നാനിയിലെ മറ്റൊരു സ്രാങ്ക് കോയിലാക്കാനകത്ത് അബ്ദുറഹ്മാന്‍ പറയുന്നു:''മഞ്ഞു രാത്രികളിലെ പത്തേമാരി യാത്ര കഠിനമാണ്. പത്തേമാരിയില്‍ ഒപ്പമുള്ള ആളുകളെപ്പോലും കാണാന്‍ കഴിയാത്ത മഞ്ഞ്. ദിക്കറിയാതെ, സമയമറിയാതെ, വെളുത്തു നരച്ച കടലിലൂടെ കാറ്റിന്റെ ദിശയില്‍ യാത്ര.''
പൊന്നാനി അഴീക്കല്‍ ഗ്രാമത്തിലെ കോലാജിയാരകത്ത് ഇബ്രാഹിം കുട്ടിയുടെ മകന്‍ ബാവ വലിയ സ്രാങ്കായിരുന്നു. സ്രാങ്ക് മാത്രമല്ല ഖലാസികളുടെ മൂപ്പനുമായിരുന്നു. പിതാവ് ഇബ്രാഹിം കുട്ടിയും സ്രാങ്കായിരുന്നു. ബാവ കോഴിക്കോട്ടുകാര്‍ക്കും പ്രിയങ്കരനാണ്. 1969ല്‍ സ്റ്റേറ്റ് പോര്‍ട്ട് ഓഫിസര്‍ പി.ആര്‍.കെ നാരായണന്‍ നല്‍കിയ നാവിക ട്രെയ്‌നിങ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് തന്റെ കടല്‍ യാത്രക്ക് ലഭിച്ച ഏക അംഗീകാരമെന്ന് ബാവ പറയുന്നു. മംഗളൂരുവിലെ മലപ്പ തൊട്ട് പൊന്നാനി വരെയുള്ള തീരങ്ങളില്‍ പത്തേമാരികളെ കടലിലിറക്കാനും അറ്റകുറ്റപ്പണി ചെയ്യാനും കരയിലേക്ക് കൊണ്ട് വരാനും ഒരു സംഘം തന്നെ ബാവയുടെ നേതൃത്വത്തിലുണ്ടായിരുന്നു.
പൊന്നാനിയിലെ അലിസാദത്ത്, മൗലൂദി എന്നീ പത്തേമാരികളിലും കോഴിക്കോട്ടുകാരനായ പി.എ അഹമ്മദ് ഹാജിയുടെ റസാഖ് എന്ന പത്തേമാരിയിലും സ്രാങ്കായിട്ടുണ്ട് ബാവ. 1959ല്‍ സലീം എന്ന പത്തേമാരിയില്‍ തൂത്തുക്കുടിയിലേക്ക് പോകുമ്പോള്‍ കടല്‍ക്ഷോഭത്തില്‍ പത്തേമാരി തകര്‍ന്നു. ശക്തമായ കാറ്റില്‍ പാമരം കെട്ടാന്‍ പറ്റാതായി പത്തേമാരി കടലില്‍ താഴ്ന്നു. സാഹസികമായി കടലില്‍ നീന്തി ബാവ രക്ഷപ്പെട്ടു. കൂടെയുള്ളവര്‍ കടലില്‍ എന്നെന്നേക്കുമായി മുങ്ങിത്താഴുന്നത് കണ്ട് നില്‍ക്കാനേ ബാവക്ക് കഴിഞ്ഞുള്ളൂ.
''അന്ന് ഞങ്ങളുടെ യാത്ര നക്ഷത്രങ്ങളെ നോക്കിയാണ്. പാതിരയായാല്‍ കൂട്ടമീന്‍ എന്നൊരു നക്ഷത്രം ഉദിക്കും. അതു കഴിഞ്ഞാല്‍ ഏഴര വെളുപ്പിന് വേറൊരു നക്ഷത്രം ഉദിക്കും. കൊറ്റ് എന്നാണ് ഞങ്ങളതിനെ വിളിക്കുക. പള്ളിച്ചാല്‍ എന്ന വേറൊരു നക്ഷത്രക്കൂട്ടമുണ്ട്. ഏഴു നക്ഷത്രങ്ങളുടെ കൂട്ടമാണത്. പാതിരയോടെ ഇത് അസ്തമിക്കും. കരയറിയാത്ത ഈ കടലറിവുകള്‍ മാത്രമാണ് ഞങ്ങള്‍ സ്രാങ്കുമാരുടെ സമ്പാദ്യമായിട്ടുള്ളത്. ദിക്കറിയാന്‍ വടക്കുനോക്കിയന്ത്രം പോലും അന്നുണ്ടായിരുന്നില്ല. വടക്കു നിന്ന് കാച്ചാന്‍ എന്ന കാറ്റ് വീശിയാല്‍ കടലില്‍ കോളുണ്ടാവും. വടക്കു ഭാഗത്ത് നിന്ന് അടിവാളം മിന്നിയാലും കടല്‍ക്ഷോഭമുണ്ടാവും. കാര്‍മേഘത്തിന്റെ അടിയില്‍ നിന്നുള്ള മിന്നലാണ് അടിവാളം. കോള് തീരും വരെ പത്തേമാരിയുടെ പായ താഴ്ത്തി നങ്കൂരമിട്ട് അനങ്ങാതിരിക്കും.'' ബാവ തന്റെ കടലനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ കണ്ണില്‍ കാറ്റിലുലയുന്ന പത്തേമാരികള്‍ ഒഴുകുംപോലെ തോന്നും.

കടല്‍ കവര്‍ന്ന തൊഴിലാളികള്‍

കൂടുതല്‍ പത്തേമാരികളും അങ്ങാടിയിലെ പ്രമാണിമാരുടേതായിരുന്നു. രാംദാസ് സേഠിന്റ വിജയമാലയും കുഞ്ഞഹമ്മദിന്റെ ദുല്‍ദുല്‍ പത്തേമാരിയും 1967ല്‍ ഗോവയില്‍ വച്ച് തകര്‍ന്നിരുന്നു. ഇതിലെ സ്രാങ്കുമാരായ അത്തമാനകത്ത് ഖാദര്‍കുട്ടി, കുറിയാമാക്കാനകത്ത് അബ്ദു എന്നിവരോടൊപ്പം നാല്‍പ്പതോളം തൊഴിലാളികളാണ് അന്ന് കടലില്‍ മുങ്ങി മരിച്ചത്. 150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പത്തേമാരി തകരുകയായിരുന്നുവെന്ന് സ്രാങ്ക് കെ.കെ ഖാദര്‍ ഓര്‍ക്കുന്നു. ഒരു നഷ്ടപരിഹാരവും ഇവര്‍ക്ക് ലഭിച്ചില്ല.

കമ്യൂണിസവും ഖവാലിയും

പാടിയും പോരാടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയ സ്രാങ്കുമാരിലെ വിപ്ലവകാരിയാണ് ഇ.കെ ഇമ്പിച്ചിബാവയുടെ സഹോദരനായ ഇ.കെ അബൂബക്കര്‍. 1937ല്‍ അബൂബക്കര്‍ ബാപ്പ അബ്ദുല്ലയോടൊപ്പം കോഴിക്കോട് 'പിയേഴ്‌സ് ലസ്ലി' കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഇരുപതാം വയസില്‍ സ്രാങ്കായി. അബൂബക്കറിന്റെ ജീവിതവും മറ്റേതു അഴീക്കല്‍ യുവാക്കളുടേയും പോലെ കടല്‍ പകുത്തെടുത്തു. 16 കൊല്ലം കോഴിക്കോട്ട് കപ്പലില്‍ ജോലി ചെയ്താണ് പൊന്നാനിയിലെത്തിയത്.
പൊന്നാനി നഗരസഭയുടെ പ്രഥമ ചെയര്‍മാനായി മാറിയ ഈ സ്രാങ്ക് ബാബുരാജിന്റെ ഹാര്‍മോണിയം വായനക്കാരനുമായിരുന്നു. നേരുള്ള രാഷ്ട്രീയത്തിന്റെ നാട്ടിടവഴികളിലേക്കും സംഗീതത്തിന്റെ അതീന്ദ്രിയ ലഹരിയിലേക്കും ഊളിയിട്ട് പോയ അബൂബക്കറും ഒന്നും സമ്പാദിച്ചില്ല. നാട്ടുകാരുടെ 'സഖാവേ' എന്ന വിളി മാത്രമാണ് സമ്പാദ്യം. മത്സ്യത്തൊഴിലാളി യൂനിയന്‍ രൂപീകരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ചതും അബൂബക്കര്‍ തന്നെ. കമ്യൂണിസവും ഖവാലിയും ഒരേ ഞെട്ടില്‍ വിരിഞ്ഞാല്‍ അതാണ് അബൂബക്കര്‍ എന്ന സ്രാങ്ക്.

പത്തേമാരി ..

ഉശിരുള്ള സ്രാങ്കുമാര്‍

സ്രാങ്കുമാരെല്ലാം അഴീക്കലുകാരാണ്. ഉശിരും ശുജായിത്തരവും നിറഞ്ഞവര്‍. 1970കള്‍ വരെ പൊന്നാനി വലിയ പള്ളിയില്‍ നിസ്‌കാരത്തിന് മുന്‍പിലെ നിര കിട്ടാന്‍ നാണയം കൊടുത്താണ് മുസല്ലയിട്ടിരുന്നത്. പ്രമാണിമാര്‍ വന്നാല്‍ കടപ്പുറത്തുള്ളവര്‍ പിറകിലേക്ക് മാറണമെന്നാണ് വിവേചനം തീര്‍ത്ത നിയമം. ഇതിനെ ചോദ്യം ചെയ്ത് പ്രമാണിമാരെ പള്ളിയില്‍ നിന്ന് പുറത്തേക്കു വലിച്ചിടാന്‍ സ്രാങ്കുമാര്‍ ധൈര്യം കാണിച്ചു. അതോടെ സംഘര്‍ഷമായി. പൊലിസ് വെടിവയ്പ്പ് വരെ നടന്നു. സ്രാങ്കുമാരുടെ ഉശിരാല്‍ ആ ശീലം അതോടെ ഇല്ലാതായി.
സ്രാങ്കുമാരുടെ നിവര്‍ന്ന ശിരസുകള്‍ തന്നെയാണ് പള്ളിയില്‍ വിശ്വാസികളെ തരം തിരിക്കുന്ന രീതിക്ക് മാറ്റം വരുത്തിയത്. 'അഴീക്കല്‍' എന്ന ലേബല്‍ ഒഴിവാക്കാന്‍ മുന്നൂറോളം കുടുംബങ്ങള്‍ അങ്ങാടിയിലേക്ക് താമസം മാറിയിട്ടുണ്ടിപ്പോള്‍. കടലിനോടു ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും അങ്ങാടിക്കാര്‍ക്കും ഇടയില്‍ നിലനിന്ന 'ജാതീയത' തന്നെയാണ് ഈ പറിച്ചു നടലിന് കാരണം. അഴീക്കലില്‍ ഒരു കാലത്ത് പണക്കാരായ സ്രാങ്കുമാരും ഉണ്ടായിരുന്നു. സ്വന്തമായി പത്തേമാരിയുള്ളവര്‍. തങ്ങള്‍ ഉയര്‍ന്ന സമൂഹമാണെന്ന് ഇവര്‍ വിശ്വസിച്ച് പോന്നു. പക്ഷേ പ്രമാണികളായ അങ്ങാടിക്കാരില്‍ നിന്നുള്ള വിവേചനം ഒഴിവാകാന്‍ അതൊന്നും കാരണമായില്ല.

കടല്‍പ്പാട്ടുകള്‍ തുടിക്കുന്നു

പൊന്നാനി അങ്ങാടിയിലെ കോരവളവിലെ ഇടുങ്ങിയ വഴിയിലൂടെ ചെല്ലുമ്പോള്‍ കാണുന്ന പഴയ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പഴയ ആ സംഗീതത്തിന്റെ ഒത്തുകൂടല്‍ കാണാമായിരുന്നു. വസന്ത് ബഹാര്‍ മ്യൂസിക് ക്ലബ് പോലെ അങ്ങാടിയെ രാവെളുപ്പോളം പാടിയുണര്‍ത്തിയ എത്രയോ സംഗീത ക്ലബുകള്‍. പത്തേമാരിക്കാലം പോയിമറഞ്ഞതോടെ സംഗീതവും മാഞ്ഞുപോയി.
പകല്‍ നേരങ്ങളിലെ അധ്വാനം കഴിഞ്ഞ് സഹൃദയരായ തൊഴിലാളികള്‍ സായന്തനങ്ങളില്‍ അവിടെ ഒത്തുചേര്‍ന്നു. അബൂബക്കര്‍ ഉള്‍പ്പെടെയുള്ള സ്രാങ്കുമാരുടെ ഖവാലികള്‍ അലയടിക്കുമ്പോള്‍ ഹാര്‍മോണിയത്തില്‍ പക്കി മുഹമ്മദ് പറന്നു നടന്നിരുന്നൊരു കാലം. അശ്‌റഫും ഫസലുവും തബലയില്‍ താളം പകര്‍ന്നിരുന്ന നാളുകള്‍. നാസറും ഇസ്മാഈലും ബാബുവും ഉമ്പായിയുമെല്ലാം പൊന്നാനിയുടെ ഹൃദയതാളം തുടിക്കുന്ന കടല്‍പ്പാട്ടുകള്‍ സംഘം ചേര്‍ന്ന് പാടിയ നാളുകള്‍...
പൊന്നാനി അങ്ങാടിയില്‍ നിന്ന് അത്രയൊന്നും അകലെയല്ല അഴീക്കല്‍...ലൈറ്റ് ഹൗസിലേക്കുള്ള റോഡും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാണ്ടികശാലകളും കസ്റ്റംസ് ഓഫിസും പഴയൊരു പത്തേമാരിക്കാലത്തിന്റെ ഛായ ഇന്നും നല്‍കുന്നു. പൊന്നാനിയിലെ ഓരോ നാട്ടിടവഴികളിലും കാതുകൂര്‍പ്പിച്ചാല്‍ കേള്‍ക്കാം പാട്ടിന്റെ പത്തേമാരിക്കാലത്തെ ആ കടല്‍പ്പാട്ടുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago