ദ്രാവിഡ മണ്ണില്‍ സംഘ്പരിവാറിന് സൂചികുത്താന്‍ ഇടം നല്‍കരുത്
ജയലളിതയുടെ നിര്യാണം ദ്രാവിഡ രാഷ്ട്രീയത്തെ പുതിയ വഴിത്തിരിവിലേക്ക് കൊണ്ടുവന്നെത്തിച്ചിരിക്കുകയാണ്. ജയലളിത അരങ്ങൊഴിയുകയും, കരുണാനിധി പ്രായാധിക്യത്താല്‍ പിന്നണിയിലേക്ക് മാറുകയും ചെയ്തതോടെ തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കാനെത്തുക പുതിയ മുഖങ്ങളാകുമെന്ന് വ്യക്തമായി കഴിഞ്ഞു.
എത്രയൊക്കെ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയാലും തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയവും, ദ്രാവിഡ പ്രസ്ഥാനങ്ങളും മതേതരത്വം എന്ന സങ്കല്‍പ്പത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും, ജാതീയവും, മതപരവുമായ എല്ലാ അസമത്വങ്ങള്‍ക്കുമെതിരായി നിലകൊണ്ട് അതുവഴി അന്ധ വിശ്വാസങ്ങള്‍ക്കും, വര്‍ഗീയതക്കുമെതിരേ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇടക്കാലത്ത് ചില വെള്ളം ചേര്‍ക്കലുകളുണ്ടായെന്ന് ആരോപിക്കാമെങ്കിലും മതേതരത്വം ദ്രാവിഡ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ശിലയായി എന്നും നില കൊണ്ടിരുന്നു. പെരിയാറും, അണ്ണാദുരെയും, കരുണാനിധിയും, എം. ജി.ആറും , ജയലളിതയും ഏറിയും കുറഞ്ഞുമൊക്കെ ആ പുരോഗമനാടിത്തറയില്‍ ഊന്നി നിന്നു കൊണ്ട് തമിഴ് രാഷ്ട്രീയത്തെ മുന്നോട്ട് നയിച്ചവരാണ്. അത് കൊണ്ട് തന്നെ ന്യൂനപക്ഷങ്ങള്‍ക്കും, ദലിതര്‍ക്കുമെല്ലാം ഒരു പരിധിവരെയെങ്കിലും തമിഴ്‌നാടിന്റെ മുഖ്യധാരയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞു.
ജയലളിതയുടെ മരണവും, കരുണാനിധിയുടെ പ്രായാധിക്യവും ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തി കുറക്കുമെന്നും അതുവഴി തങ്ങളുടെ ഹിന്ദുത്വ അജന്‍ഡക്ക് കൂടുതല്‍ തമിഴ്‌നാട്ടില്‍ വേരുപടര്‍ത്താമെന്നും ബി.ജെ. പി യും സംഘ്പരിവാരവും മോഹിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പ്രസ്ഥാനങ്ങളും നേരിടുന്ന വെല്ലുവിളിയാണിത്.
ഇതുവരെ സംഘ് പരിവാര്‍ ശക്തികള്‍ക്ക് തമിഴ്‌നാടിന്റെ ശക്തമായ ദ്രാവിഡ മതേതര ബോധത്തെ തകര്‍ക്കാനും, രാഷ്ട്രീയ നേട്ടം കൊയ്യാനും കഴിഞ്ഞിട്ടില്ല. പലതവണ പലരൂപത്തില്‍ അവര്‍ അതിനെല്ലാം ശ്രമിച്ചുവെങ്കിലും കേരളത്തെ പോലെ തന്നെ തമിഴ്‌നാടിനെയും പൂര്‍ണമായും തങ്ങളുടെ വഴിക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല പലപ്പോഴും സംഘ്പരിവാര്‍ അജന്‍ഡകള്‍ക്കെതിരേ ശക്തമായ ചെറുത്തു നില്‍പ്പ് നടത്താനും ദ്രാവിഡ മതേതര പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.
എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃശൂന്യതയെ തങ്ങള്‍ക്കനുകൂലമാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുമെന്നുറപ്പാണ്. അതിനെതിരേ ശക്തമായ ഒരു ജനാധിപത്യ മതേതര കൂട്ടായ്മ ഉയര്‍ന്നു വരേണ്ടതുണ്ട്. അത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ രാജ്യ വ്യാപകമായ പ്രതിസന്ധിയിലൂടെ ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ നരേന്ദ്ര മോദി ശത്രുപക്ഷത്താക്കി കഴിഞ്ഞു. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ തത്വദീക്ഷ തൊട്ടു തീണ്ടാത്ത ചില രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മോദിയും സംഘവും തുനിഞ്ഞേക്കുമെന്ന് കരുതുന്നവരുണ്ട്. ജയലളിതയുടെ മരണം മൂലമുണ്ടായ അനിശ്ചിതാവസ്ഥയെ മുതലെടുത്ത് കൊണ്ട് തങ്ങളുടെ ഹിന്ദുത്വ അജന്‍ഡയെ തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കാമെന്ന് അവര്‍ കരുതുന്നു. അത്തരത്തിലൊരു നീക്കത്തെ എന്ത് വില കൊടുത്തും തടയേണ്ടതുണ്ട്. ദക്ഷിണേന്ത്യയില്‍ ബി. ജെ. പിക്ക് കാര്യമായി സാന്നിധ്യമറിയിക്കാന്‍ സാധിക്കാത്ത രണ്ട് സംസ്ഥാനങ്ങളാണ് കേരളവും, തമിഴ്‌നാടും. രണ്ടിടത്തെയും ജനങ്ങള്‍ പുലര്‍ത്തിപ്പോരുന്ന മതേതര ജാഗ്രത മൂലമാണ് അത് സംഭവിക്കാത്തത്.
ആ ജാഗ്രത തുടരുകയും, മതേതര ശക്തികളുടെ കൂട്ടായ്മ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്താല്‍ മാത്രമെ സംഘ്പരിവാര്‍ എന്ന വിപത്തിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിയൂ. പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്താനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമങ്ങള്‍ മുളയിലേ നുളളപ്പെടണം. മനുഷ്യനെ അറിയാന്‍ മതമൊരിക്കലും തടസമാകരുത് എന്ന സന്ദേശം പ്രചരിപ്പിച്ച ഇ. വി രാമസ്വാമി നായ്കരുടെ മണ്ണില്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് സൂചികുത്താന്‍ ഇടം നല്‍കരുത്. ഈ വലിയ ഉത്തരവാദിത്വം നിറവേറ്റാന്‍ തമിഴ്‌നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നു.
അതിന് പിന്തുണ നല്‍കുക എന്നത് രാജ്യത്തെ എല്ലാ മതേതര വിശ്വാസികളുടെയും കടമയാണെന്നും ഞാന്‍ കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."