അഭിഭാഷകര്‍ക്ക് ഇനി പെര്‍ഫോമന്‍സ് ഓഡിറ്റ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ നിയമ ഓഫിസര്‍മാരായി നിയമിച്ചിരിക്കുന്ന അഭിഭാഷകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിശ്ചിത ഇടവേളകളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടപ്പാക്കും. ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്ത അഭിഭാഷകരെ ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതിനു ഇതുസഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പില്‍ തെറ്റുകളും കുറവുകളും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിജയകരമാക്കുന്നതിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രതിഛായ മെച്ചപ്പെടുത്തുന്നതിലും അഭിഭാഷകരുടെ പങ്ക് സുപ്രധാനമാണ്. അവരുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വീഴ്ച സര്‍ക്കാരിന്റെ വീഴ്ചയായി മാറും. ഓരോ കേസ് ഫയലിലും കുടുങ്ങിക്കിടക്കുന്നത് പലരുടെയും ജീവിതങ്ങളാണ്.
വകുപ്പുകളും ഉദ്യോഗസ്ഥരും വരുത്തുന്ന വീഴ്ചകള്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനത്തെ ബാധിക്കും. തക്കസമയത്ത് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ ഇതിന് പരിഹാരം കാണാനാകും.
സര്‍ക്കാരിന്റെ ഭൂമിയും സമ്പത്തും അനധികൃതമായി തട്ടിയെടുക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ചില സര്‍ക്കാര്‍ അഭിഭാഷകരെ പറ്റി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് വഴിവെക്കാത്ത രീതിയില്‍ ഉന്നതമായ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
കോടതിലയലക്ഷ്യ കേസുകള്‍ സര്‍ക്കാരിനെതിരേ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."