കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; തോക്ക് ചൂണ്ടി 69,000 കവര്‍ന്നതായി പരാതി
മുണ്ട്യത്തടുക്ക (കാസര്‍കോട്) : കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ തോക്കുധാരികളായ അഞ്ചംഗ സംഘം കര്‍ഷകന്റെ പണം കവര്‍ന്നതായി പരാതി. മുണ്ട്യത്തടുക്ക ഏല്‍ക്കാനയിലെ നാരായണ റൈയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം നടന്നത്.
കസ്റ്റംസ് അധികൃതരാണെന്ന് പരിചയപ്പെടുത്തിയ സംഘം വീട് പരിശോധിക്കണമെന്നും തങ്ങളുമായി സഹകരിക്കണമെന്നും അറിയിച്ചു. ബാങ്കില്‍ നിന്നും കോടികളുടെ പണം പിന്‍വലിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പരിശോധനയ്‌ക്കെത്തിയതെന്നും സംഘം വ്യക്തമാക്കി. പലതവണ ക്യൂ നിന്ന് നേടിയ പണമാണ് കൈയിലുള്ളതെന്ന് അറിയിച്ചതോടെ അതെവിടെയാണെന്ന് സംഘം ആരാഞ്ഞു. ഇതിനിടെ റൈ അലമാരയുടെ താക്കോലെടുത്തുകൊടുത്തു. ഈ സമയം ഒരാള്‍ തോക്കുചൂണ്ടി ഒച്ചവച്ച് ബഹളമുണ്ടാക്കരുതെന്ന് പകുതി ഹിന്ദിയിലും കന്നഡയിലുമായി ഭീഷണിപ്പെടുത്തി.
അലമാര തുറന്ന് 2,000 ത്തിന്റെയും 100 ന്റെയും കെട്ടുകളടങ്ങുന്ന 69,000 രൂപ എടുത്ത് ബാഗിനകത്തുവച്ചു. 20 പവന്‍ സ്വര്‍ണമെടുത്തെങ്കിലും പിന്നീട് അത് തിരികേ നല്‍കി. എന്നാല്‍ ആരെയെങ്കിലും വിളിച്ചറിയിക്കുമോയെന്ന സംശയത്തില്‍ മോഷ്ടാക്കള്‍ നാരായണ റൈയുടെ മൊബൈല്‍ഫോണും എടുത്ത് സ്ഥലം വിടുകയായിരുന്നു. സംഭവത്തിന് ശേഷം ഭയം കാരണം ഇയാള്‍ വീടിന് പുറത്തിറങ്ങിയില്ല.
ഇന്നലെ രാവിലെ അയല്‍വാസികളെ വിവരമറിയിച്ച ശേഷം ബദിയഡുക്ക സ്റ്റേഷനിലെത്തി പൊലിസിനു പരാതി നല്‍കുകയായിരുന്നു. കുഴല്‍ കിണര്‍ കുഴിക്കാന്‍ സ്വരൂപിച്ചു വച്ചിരുന്ന പണമാണ് സംഘം തട്ടിക്കൊണ്ടുപോയതെന്നു നാരായണ റൈ പറഞ്ഞു. പൊലിസ് മുണ്ട്യത്തടുക്കയിലെ വീട്ടിലെത്തി പരിശോധന നടത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."