യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച നിലവില്‍ വരും
കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കൗണ്‍സില്‍ വ്യാഴാഴ്ച കോഴിക്കോട്ടു നടക്കും. കഴിഞ്ഞ മാസം സംസ്ഥാന സമ്മേളനം നടന്നെങ്കിലും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന സംസ്ഥാന കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ചു ചേര്‍ന്നിരുന്നില്ല. മുസ്്്‌ലീം ലീഗിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് കൗണ്‍സില്‍ നടക്കുന്നത്. ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് റിട്ടേണിങ് ഓഫിസര്‍. കോഴിക്കോട് ലീഗ് ഹൗസില്‍ രാവിലെ തുടങ്ങുന്ന സംസ്ഥാന കൗണ്‍സിലില്‍ സമയവായത്തിലൂടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനാണ് ലീഗ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി ജില്ലാ കമ്മിറ്റി ഭാരവാഹികളെ ഇന്നലെ ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്ടേക്കു വിളിപ്പിച്ചിരുന്നു. ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാരില്‍ നിന്നും അഭിപ്രായം തേടിയതായാണ് അറിവ്. ഹൈദരലി തങ്ങളെ കൂടാതെ സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് തുടങ്ങിയവരുടേയും നേതൃത്വത്തിലാണ് പാണക്കാട് ഇന്നലെ യോഗം ചേര്‍ന്നത്.
നജീബ് കാന്തപുരത്തിന്റേയും പി.കെ ഫിറോസിന്റേയും നേതൃത്വത്തിലുള്ള രണ്ടു വ്യത്യസ്ത പാനലുകളാണ് 15നു നടക്കുന്ന കൗണ്‍സിലില്‍ അവതരിപ്പിക്കുക. നജീബ് കാന്തപുരം പ്രസിഡന്റാകുന്ന പാനലില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന ഭാരവാഹിയായ എം.എ സമദ് സെക്രട്ടറിയും മുജീബ് കാടേരി ട്രഷറുമാണ്. പി.കെ ഫിറോസ് പ്രിസിഡന്റാകുന്ന പാനലില്‍ ടി.പി അശ്‌റഫലി സെക്രട്ടറിയും ഇസ്മാഈല്‍ വയനാട് ട്രഷററുമാണ്. അതേ സമയം സമസ്തയേയും സമസ്ത നേതാക്കളേയും ഇകഴ്ത്തിക്കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടത് അശ്‌റഫലിയാണെന്ന് സൈബര്‍ വിങ് സ്ഥിരീകരിച്ചത് അശ്‌റഫലിക്ക് തിരിച്ചടി ആയേക്കും.
ഇന്നലെ പാണക്കാട്ടെത്തിയ ജില്ലാ കമ്മിറ്റി ഭാരവാഹികളില്‍ ചിലര്‍ ഫിറോസിന്റെ പാനലിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ചില കമ്മിറ്റികള്‍ നജീബിന്റെ പാനലിനും പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ രണ്ടു പാനലിനേയും പിന്തുണക്കുന്നവരുമുണ്ടായിരുന്നു. രണ്ടു പാനലുകളില്‍ നിന്നും പ്രസിഡന്റിനേയും സെക്രട്ടറിയേയും തെരഞ്ഞെടുത്ത് സമവായമുണ്ടാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.
എല്ലാ ജില്ലകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവും 40 വയസെന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ടു വച്ചു. നിലവിലെ യൂത്ത്‌ലീഗ് കമ്മിറ്റി ഭാരവാഹികളില്‍ ചിലരും ഇന്നലെ പാണക്കാട്ടെത്തിയിരുന്നു. ഭരണഘടന പ്രകാരം മൂന്നു വര്‍ഷമാണ് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ കാലാവധി. എന്നാല്‍ നിലവിലെ കമ്മിറ്റി ആറു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."