കുട്ടികളുടെ ഗ്രാമസഭായോഗങ്ങള്‍ സംഘടിപ്പിച്ചു; നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ചരിത്രത്തിന്റെ ഭാഗമായി
നെടുമ്പാശ്ശേരി: രാജ്യത്ത് ആദ്യമായി ഒരു ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കുട്ടികളുടെ ഗ്രാമസഭായോഗങ്ങള്‍ സംഘടിപ്പിച്ച് നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് ചരിത്രത്തിന്റെ ഭാഗമായി.
പഞ്ചായത്തിലെ 19 വാര്‍ഡുകളിലും എട്ട് മുതല്‍ 18 വയസ്സുവരെ പ്രായമായ കുട്ടികകളെ പങ്കെടുപ്പിച്ച് നടത്തിയ ഗ്രാമസഭ അധികാര വികേന്ദ്രീകൃത അസൂത്രണത്തില്‍ പുത്തന്‍ മാതൃകയായി.
പഞ്ചായത്ത് രാജ് നിയമപ്രകാരം 18 വയസ്സ് കഴിഞ്ഞ വോട്ടര്‍മാര്‍ക്കാണ് ഗ്രാമസഭയില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അധികാരം. പഞ്ചായത്ത് രാജില്‍ ഇതുവരെ പരിഗണന ലഭിക്കാതിരുന്ന കുട്ടികള്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ആവേശപൂര്‍വമാണ് അവര്‍ ബാല ഗ്രാമസഭാ യോഗങ്ങള്‍ക്ക് എത്തിയത്.
യുനിസെഫിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ മേല്‍നോട്ടത്തില്‍ തൃശൂരിലെ കിലയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് നെടുമ്പാശ്ശേരിയില്‍ ബാല സൗഹൃദ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബാല ഗ്രാമസഭാ യോഗങ്ങള്‍ ചേര്‍ന്നത്.കുട്ടികള്‍ തന്നെയായിരുന്നു ഗ്രാമസഭകളുടെ അദ്ധ്യക്ഷരായിരുന്നത്.
സ്വാഗത പ്രാസംഗികരും, ഉല്‍ഘാടകരായി എത്തിയതും കുട്ടികള്‍ തന്നെയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അഞ്ചാം വാര്‍ഡിലെ ബാല ഗ്രാമസഭാ യോഗം ഉല്‍ഘാടനം ചെയ്തത് ധീരതയ്ക്കുള്ള ഈ വര്‍ഷത്തെ ദേശിയ പുരസ്‌കാരം ലഭിച്ച ബിനില്‍ മഞ്ഞളിയാണ്. ബിനിലിനു ഉപഹാരം നല്‍കി ഗ്രാമസഭ ആദരിച്ചു. നാല് ഗ്രൂപ്പുകളായി തിരിഞ്ഞു നടന്ന ചര്‍ച്ചകളിലും,അതിന്റെ പൊതു അവതരണത്തിലും ഓരോ ഗ്രമാസഭയും മികച്ചതായിരുന്നു.
കുട്ടികള്‍ ഇന്നു സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും,സ്‌ക്കൂളുകളിലും,യാത്ര ചെയ്യുന്ന ബസിലും മറ്റും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവതരിപ്പിക്കപ്പെട്ടു.
മയക്കുമരുന്നും, മദ്യവും വിദ്യാര്‍ഥികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങളും ചര്‍ച്ച ചെയ്യപ്പെട്ടു. ഓരോ ഗ്രാമ സഭയിലെയും എഴുതി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ അതാതു വാര്‍ഡു മെമ്പര്‍മാര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."