മെട്രോ റെയില്‍ പദ്ധതി; പാര്‍ക്കിങ് സൗകര്യം വിപുലമാക്കണമെന്ന് എം.എല്‍.എമാര്‍
കൊച്ചി: മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനൊപ്പം സ്റ്റേഷനുകളില്‍ വിപുലമായ പാര്‍ക്കിങ് സംവിധാനവും ദ്വീപു മേഖലകളില്‍ കൂടുതല്‍ ജെട്ടികളും ഏര്‍പ്പെടുത്തണമെന്ന് എം.എല്‍.എമാര്‍. പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്ന അനുബന്ധ റോഡുകളുടെ വികസനവും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മെട്രോ അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തമ്മനം പുല്ലേപ്പടി റോഡ് വികസനം പൂര്‍ത്തിയാക്കിയാല്‍ നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ വലിയൊരു പരിധി വരെ കുറക്കാനാകുമെന്ന് മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. എം.ജി റോഡ് നടപ്പാത നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍ദേശിച്ചു. വാട്ടര്‍ മെട്രോയില്‍ താന്തോണിതുരുത്ത്, കുറുങ്കോട്ട ദ്വീപുകളെ കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമകൊച്ചിയുടെ ഭാഗമായ പള്ളുരുത്തി, ചെല്ലാനം മേഖലയില്‍ വാട്ടര്‍ മെട്രോയുടെ ഭാഗമായി കൂടുതല്‍ ജെട്ടികളെ ഉള്‍പ്പെടുത്തണമെന്ന് കെ.ജെ മാക്‌സി എം.എല്‍.എ നിര്‍ദേശിച്ചു. ടൂറിസം സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയുടെ വടക്കു ഭാഗത്തുള്ള ദ്വീപുകളെ കൂടി വാട്ടര്‍ മെട്രോയുടെ ഭാഗമാക്കാവുന്നതാണെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. എം.ജി റോഡിലെ മെട്രോ വികസനത്തില്‍ വ്യാപാര സമൂഹം ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കണം.
മെട്രോ റെയിലിന്റെ ആരംഭ കേന്ദ്രമായ ആലുവയിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. ആലുവ നഗരത്തെയും റെയില്‍വെ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന റോഡുകള്‍ നവീകരിക്കണം. കളമശ്ശേരിയിലെ പാര്‍ക്കിംഗ് പ്രശ്‌നവും ഗൗരവമായി പരിഗണിക്കണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ആവശ്യപ്പെട്ടു. കടമക്കുടി അടക്കം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പത്തോളം ദ്വീപുകളിലേക്ക് വാട്ടര്‍ മെട്രോയുടെ കണക്ടിവിറ്റി ഉറപ്പാക്കണമെന്ന് എസ് ശര്‍മ എം.എല്‍.എ നിര്‍ദേശിച്ചു.
വൈറ്റില ജങ്ഷന്‍ ഫ്‌ളൈഓവര്‍ നിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ പദ്ധതി എറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തീരുമാനം വൈകരുത്. സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതി ഭാരത് മാതാ കോളേജ് വരെ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ബാക്കി ഭാഗത്തെ റോഡു വികസനം അടിയന്തിരമായി എറ്റെടുത്ത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആറ് മെട്രോ സ്‌റ്റേഷനുകളില്‍ മള്‍ട്ടി ലെവല്‍പാര്‍ക്കിംഗ് സൗകര്യമൊരുക്കുമെന്നും വാട്ടര്‍മെട്രോ നടപ്പായതിനുശേഷം ലാഭകരമാകാന്‍ സാധ്യതയുള്ള ജെട്ടികള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്നും കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."