നാടും നഗരവും നബിദിന നിറവില്‍
ആലപ്പുഴ: ലോകത്തിന് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ഇന്ന് വിപുലമായി ആഘോഷിക്കും.
പള്ളികളിലും മുസ്‌ലിം ഭവനങ്ങളിലും സംഘടിപ്പിക്കപ്പെടുന്ന പ്രവാചക പ്രകീര്‍ത്തന സദസുകളാണ് ഇതില്‍ പ്രധാനം. മഹല്ലു ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ നബിദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രവാചകന്‍ ഭൂജാതനായ പ്രഭാതത്തിന് തൊട്ടുമുമ്പുള്ള അനുഗ്രഹീത സമയത്ത് മൗലിദ് സദസുകള്‍ സംഘടിപ്പിക്കുന്നത് ഏറെ പുണ്യകരമായി കരുതിപ്പോരുന്നു.വീടുകളും പള്ളികളും കേന്ദ്രീകരിച്ച് ഈ സമയത്ത് നടത്തപ്പെടുന്ന മൗലിദ് സദസുകള്‍ ഏറെ ശ്രദ്ധേയമാണ്. ഹിജ്‌റ മാസത്തിലെ റബീഉല്‍അവ്വല്‍ 12ന് പ്രഭാതത്തിന് തൊട്ടുമുമ്പാണ് പ്രവാചകന്‍ മക്കയില്‍ ഭൂജാതനായത്.
നബിദിനാഘോഷത്തിന്റെ ഭാഗമായി മദ്‌റസ വിദ്യാര്‍ഥികളുടെ നബിദിനറാലി ഇന്ന് രാവിലെ നടക്കും. കുരുന്നുകളുടെ നബിദിനറാലിക്ക് ആശംസകളുമായി രക്ഷകര്‍ത്താക്കളുമെത്തുന്നതോടെ മദ്‌റസാങ്കണങ്ങള്‍ രാവില തന്നെ ജന നിബിഡമാകും.
തുടര്‍ന്ന് മൗലിദ് സദസ്സും അന്നദാനവും നടക്കും.ഇതിനും പുറമെ പള്ളികളില്‍ ഉച്ചക്ക് മുമ്പായി പ്രത്യേക മൗലിദ് സദസ്സുകള്‍ നടക്കും.ഉച്ചക്ക് ശേഷം വിശ്വാസികള്‍ അണിനിരക്കുന്ന നബിദിനറാലികളും തുടര്‍ന്ന് നബിദിന സമ്മേളനങ്ങളും നടക്കും.
ആലപ്പുഴയിലെ മുസ്‌ലിം പൊതുവേദിയായ ലജ്‌നത്തുല്‍ മുഹമ്മദിയ്യ സംഘടിപ്പിച്ചിട്ടുള്ള നബിദിനറാലിയില്‍ പട്ടണത്തിലെ 24 മഹല്ല്-ജമാഅത്തുകളില്‍ നിന്നുള്ള ആയിരങ്ങള്‍ അണിനിരക്കും.
അമ്പലപ്പുഴ ദക്ഷിണമേഖലാ ജമാഅത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് നാലിന് നടക്കുന്ന നബിദിന റാലി പുന്നപ്ര പറവൂര്‍ മുസ്്‌ലിം ജമാഅത്ത് അങ്കണത്തില്‍ നിന്ന് തുടങ്ങി വളഞ്ഞ വഴി ജംഗ്ഷനില്‍ സമാപിക്കും. രക്ഷാധികാരി അഡ്വ. എ നിസാമുദ്ദീന്‍ പ്രസിഡന്റ് കമാല്‍ എം മാക്കിക്ക് പതാക കൈമാറും. കെ.സി വേണു ഗോപാല്‍ എം.പി, മന്ത്രി ജി.സുധാകരന്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിക്കും.
വെള്ള വസ്ത്രവും തൊപ്പിയും ധരിച്ചെത്തുന്ന ആയിരങ്ങളില്‍ നിന്നുയരുന്ന പ്രവാചക കീര്‍ത്തനങ്ങളും സ്വലാത്തുകളും ബൈത്തുകളും നഗരവീഥികളെ പ്രകമ്പനം കൊള്ളിക്കും.
മുസ്‌ലിം സംഘശക്തിയും ഐക്യവും അച്ചടക്കവും വിളിച്ചോതുന്ന ജില്ലയിലുടനീളം സംഘടിപ്പിക്കപ്പെടുന്ന നബിദിന ഘോഷയാത്രകള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ആബാലവൃദ്ധം ജാഥ കടന്നുപോകുന്ന തെരുവീഥികളില്‍ ഒരുമിച്ചുകൂടും.
ജാതി മത ഭേദമന്യേ നബിദിന ഘോഷയാത്രക്ക് ആശംസ അര്‍പ്പിക്കാനെത്തിച്ചേരുന്ന ജനക്കൂട്ടവും വിവിധ മത, സമുദായ നേതാക്കള്‍ സംബന്ധിക്കുന്ന നബിദിന സമ്മേളനങ്ങളും കേരളത്തില്‍ നില നിന്നുപോരുന്ന മതസൗഹാര്‍ദത്തിന്റെ പ്രതീകങ്ങളായി മാറും.
ലജ്‌നത്തുല്‍ മുഹമ്മദിയ്യായുടെ നേതൃത്വത്തില്‍ വിപുലമായ നബിദിന ഘോഷയാത്ര ഇന്ന് നടക്കും. ആലപ്പുഴ പട്ടണത്തിലെ വിവിധ മഹല്ലുകളില്‍ നിന്നും കിഴക്കേ മുസ്‌ലിം ജമാ അത്ത് പള്ളിയില്‍ (മസ്താന്‍ പള്ളി) എത്തിച്ചേരുന്ന ജാഥകള്‍ ഒന്നു ചേര്‍ന്ന് അസര്‍ നമസ്‌ക്കാരാനന്തരം ലജ്‌നത്തുല്‍ മുഹമ്മദിയ്യാസെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മഹല്ല് ഖത്തീബുമാര്‍, ഇമാമുമാര്‍, മഹല്ല് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാന ഘോഷയാത്ര കൊമേഴ്‌സ്യല്‍ കനാലിന്റെ തെക്കേ കരയിലൂടെ പടിഞ്ഞാറോട്ട് നീങ്ങി ഹാജി ഹാഷിം ജംഗ്ഷനില്‍ നിന്നും ലജ്‌നത്ത് കാമ്പൗണ്ടില്‍ എത്തിച്ചേരും.
തുടര്‍ന്ന് 6.30 മണിക്ക് ലജ്‌നത്തുല്‍ മുഹമ്മദിയ്യാ പ്രസിഡന്റ് എ.എം. നസീറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ കബീര്‍ ബി ഹാറൂണ്‍ ഉദ്ഘാടനം ചെയ്യും. ജ. പി.മുഹമ്മദ് സലീം ഫൈസി, ഇര്‍ഫാനി അല്‍ അസ്ഹരി കണ്ണൂര്‍, ജ. കെ.എം. ഇസ്മയില്‍ സഖാഫി നെല്ലിക്കുഴി എന്നിവര്‍ പ്രഭാഷണം നടത്തും. ഘോഷയാത്രയില്‍ മികവ് തെളിയിക്കുന്ന മഹല്ലുകള്‍ക്ക് ആലപ്പുഴ ഡി.വൈ.എസ്.പി. എം.ഇ. ഷാജഹാന്‍ സമ്മാനവിതരണം നിര്‍വ്വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി എ. ഹബീബ് മുഹമ്മദ് അറിയിച്ചു.
ഹരിപ്പാട്: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കാര്‍ത്തികപ്പള്ളി താലൂക്ക് ഉത്തരമേഖലയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലിയും സമ്മേളനവും ഇന്ന് വൈകിട്ട് 5ന് ഗാന്ധി സ്‌ക്വയറില്‍ നടക്കും. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയര്‍മാന്‍ കെ.എ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും.അഡ്വ. ഓണമ്പള്ളില്‍ മുഹമ്മദ് ഫൈസി, റ്റി.കെ.അബ്ദുള്‍ കരീം സഖാഫി, മുന്‍ എം.എല്‍.എ.റ്റി. കെ. ദേവകുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായിരിയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."