കേരളാ സ്പിന്നേഴ്‌സ്: ധനമന്ത്രിയുമായി ഇടതു നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
മണ്ണഞ്ചേരി: കോമളപുരം കേരളാ സ്പിന്നേഴ്‌സ് തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ക്കായി സി.പി.എം- സി.പി.ഐ നേതാക്കള്‍ ധനമന്ത്രി ടി.എം തോമസ് ഐസക്കുമായി കൂടികാഴ്ച നടത്തി.
ഇതിനെതുടര്‍ന്ന് അടുത്തയാഴ്ച വ്യവസായമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത്് സ്ഥാപനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ യോഗം വിളിച്ചതായി നേതാക്കള്‍ പറഞ്ഞു. സി.പി.എം. - സി.പി.ഐ സംഘടനകള്‍ തമ്മിലുള്ള പടലപ്പിണക്കമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്ന പ്രചാരം ശക്തമായതോടെയാണ് ഈ കൂടിക്കാഴ്ച. ഇതിന്റെ മുന്നോടിയായി സി.പി.എം ജില്ലാസെക്രട്ടറി സജി ചെറിയാനും സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസും തമ്മില്‍ ചര്‍ച്ചനടത്തിയിരുന്നു. ഇതില്‍ ഇരുപാര്‍ട്ടികളിലേയും ജില്ലയിലെ പ്രധാനനേതാക്കളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ധനമന്ത്രിയുമായി വിഷയം ചര്‍ച്ചചെയ്യാന്‍ ധാരണയായത്.
ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെയും നേതാക്കള്‍ പങ്കെടുത്ത കൂടിയാലോചനായോഗത്തില്‍വച്ച് എ.ഐ.ടി.യു.സി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന ആവശ്യം സി.പി.എം നേതൃത്വം ഉന്നയിച്ചു. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട് യൂണിയന്‍ സ്വീകരിച്ച ഒരു നിലപാടിലും മാറ്റംവരുത്തില്ലെന്ന് സി.പി.ഐ നേതാക്കള്‍ അറിയിച്ചത് യോഗത്തില്‍ ഒച്ചപാടുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്തുവച്ച് ആര്‍.ജെ.എല്‍.സി വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗം തീരുമാനമാകാതെ പിരിഞ്ഞതിനാല്‍ ഇവിടുത്തെ തൊഴിലാളിയായ സുനില്‍കുമാര്‍(44) ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
അത്യാസന്നനിലയിലായിരുന്ന ഇയാളുടെ നിലയ്ക്ക് മാറ്റമുണ്ടായതിനെതുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് ഇന്നലെ വൈകുന്നേരത്തോടെ വാര്‍ഡിലേക്കുമാറ്റി. സ്ഥാപനം അടിയന്തിരമായി തുറക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി പ്രെക്ഷോഭത്തിനൊരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം എ.ഐ.ടി.യു.സി നേതാക്കളായ പി.രാജു, അഡ്വ.വി മോഹന്‍ദാസ്, വിജയന്‍ കുരിശ്ശേരി എന്നിവര്‍ വ്യവസായമന്ത്രിയെ തൃശൂരില്‍ വച്ചുകണ്ട് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."