നോട്ട് നിരോധനം: കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐ ആക്ട് ഭേദഗതി ചെയ്യും
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയ തീരുമാനത്തിന് നിയമസാധുത നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐ ആക്ട് ഭേദഗതിചെയ്യുന്നു. അടുത്തവര്‍ഷം മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തും. നവംബര്‍ എട്ടിനു നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന്റെ നിയമസാധുതയെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച സുപ്രധാന കേസ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. ഇതിനു മുന്‍ പ് 1978ല്‍ നോട്ടുകള്‍ നിരോധിച്ചപ്പോഴും ഇത്തരം നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇത്തവണ ആര്‍.ബി.ഐ നിയമത്തിലെ 26(2) വകുപ്പ് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ നിരോധിച്ചത്. ഈ വകുപ്പനുസരിച്ച് നോട്ട് നിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യണം. തീരുമാനത്തിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി അതേക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പരിശോധനകളും ആലോചനകളും വേണമെന്നും 26(2) വകുപ്പില്‍ വിശദീകരിക്കുന്നുണ്ട്.
ഈ വകുപ്പ് ഏതെങ്കിലും സീരീസിലുള്ള നോട്ടുകള്‍ മാത്രം നിരോധിക്കാനാണ് അധികാരം നല്‍കുന്നത്. ഇതുസര്‍ക്കാര്‍ നടപടിക്കു നിയമപിന്‍ബലം ഇല്ലെന്ന പ്രതിപക്ഷത്തിന്റെ വാദം പ്രധാനമാണ്. ആര്‍.ബി.ഐ നിയമത്തിന്റെ 24 (1) വകുപ്പില്‍ സാധുവായ നോട്ടുകളെ സംബന്ധിച്ച് പറയുന്ന സ്ഥലത്ത് പുതിയ 2000 രൂപ നോട്ട് ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ ഇതുകൂടി ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ മുന്‍പ് രണ്ടുതവണയാണ് നോട്ടുകള്‍ നിരോധിച്ചത്, 1956ലും 1978ലും. ഇത് രണ്ടും ഓര്‍ഡിനന്‍സുകള്‍ വഴിയാണ് നടപ്പാക്കിയത്. ഓര്‍ഡിനന്‍സ് ആയതിനാല്‍ പിന്നീട് പാര്‍ലമെന്റ് അംഗീകാരത്തോടെ നിയമനിര്‍മാണം നടത്തി തീരുമാനത്തിനുള്ള നിയമസാധുത സര്‍ക്കാര്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. 1956ല്‍ ആര്‍.ബി.ഐ നിയമത്തിന്റെ (1934) 26 (എ) വകുപ്പ് വഴിയും 1978ലേത് ആ വര്‍ഷത്തെ നോട്ട് പിന്‍വലിക്കല്‍ നിയമം വഴിയുമാണ് സാധൂകരിക്കപ്പെട്ടത്. എന്നാല്‍, ഇത്തവണ രാഷ്ട്രപതിയെ അറിയിച്ചതിനപ്പുറം ഓര്‍ഡിനന്‍സ് മുഖേനയുള്ള നിയമപിന്‍ബലം സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്തില്ല.
സ്വത്തവകാശം പൗരന്റെ മൗലികാവകാശത്തില്‍പ്പെട്ടതായിരിക്കെ, പൗരന്മാരുടെ കൈവശമുള്ള പണം (സ്വത്ത്) പിടിച്ചെടുക്കാന്‍ പ്രത്യേകനിയമം ആവശ്യമാണ്. അതിനാല്‍ ഇവിടെ ഭരണഘടനയുടെ 300 (എ) വകുപ്പ് ലംഘിക്കപ്പെട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പ് ആര്‍.ബി.ഐയുടെ പരിധിയില്‍ വരുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."