ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രി: വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനം
കുറവിലങ്ങാട്: മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തിലേക്ക് ഉഴവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ ചെയ്തു തീര്‍ക്കേണ്ട വികസന കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനം. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ ഡോ. സി.എ. ലത വിളിച്ചു ചേര്‍ത്ത ജില്ലാതല യോഗത്തിലാണ് തീരുമാനം.
പൊതുമരാമത്ത് വകുപ്പ് ഉഴവൂര്‍ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയ നിര്‍മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ അസൗകര്യങ്ങള്‍ നിറഞ്ഞ നിലവിലെ ആശുപത്രി പുതിയ ബ്ലോക്കിലേക്ക് എത്രയും വേഗം മാറ്റണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുഅഭിപ്രായം. ബജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സൗകര്യപ്രദമായ ആശുപത്രി കെട്ടിടം നിര്‍മിച്ചശേഷം അതുപയോഗിക്കാത്തത് പൊതുമുതല്‍ നശിക്കാനുള്ള സാഹചര്യം ഉണ്ടാക്കും. ഇത് നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. ഉഴവൂര്‍ ഗവ. ആശുപത്രിയില്‍ ദിവസേന എത്തിച്ചേരുന്ന അഞ്ഞൂറോളം വരുന്ന രോഗികള്‍ക്ക് നിന്നുതിരിയാന്‍ സ്ഥലമില്ലാതെ പ്രയാസപ്പെടുന്ന ദയനീയ സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിറ്റി രാജും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. നിലവിലെ കെട്ടിടത്തില്‍ നിന്ന് എത്രയും വേഗം ആശുപത്രി മാറാന്‍ കെട്ടിട ഉടമസ്ഥന്‍ ആവശ്യപ്പെട്ടുവരികയുമാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ഉഴവൂര്‍ ഗവ. ആശുപത്രി സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ തസ്തികകള്‍ സര്‍ക്കാരിന്റെ പൊതു പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരിശോധിച്ച പ്രൊപ്പോസലില്‍ നിന്ന് ഏതെങ്കിലും തസ്തികകള്‍ കുറയ്ക്കാനുണ്ടോ എന്നു മാത്രമാണ് സര്‍ക്കാര്‍ ഡി.എച്ച്.എസിനോട് ചോദിച്ചത്. ഇക്കാര്യത്തില്‍ തീര്‍പ്പാക്കി സ്‌പെഷ്യാലിറ്റി വിഭാഗം തുടങ്ങാനാവശ്യമായ തസ്തികകള്‍ സംസ്ഥാനത്തൊട്ടാകെ ഒന്നിച്ച് അനുവദിക്കുന്നതോടൊപ്പം ഉഴവൂരിലും അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും എം.എല്‍.എ അറിയിച്ചു.
ആശുപത്രിക്കുള്ളില്‍ വേണ്ട കാര്യങ്ങളും റോഡു സൗകര്യം ഇല്ലാത്തതും അടക്കമുള്ള കാര്യങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉഴവൂര്‍ ബ്ലോക്കില്‍ നിന്ന് തയാറാക്കി എല്‍.എസ്.ജി.ഡി കോട്ടയം എക്‌സി. എന്‍ജിനീയര്‍ക്ക് കൈമാറാന്‍ നടപടി സ്വീകരിച്ചതായും അഡ്വ. മോന്‍സ് ജോസഫ് അറിയിച്ചു. പരമാവധി വേഗത്തില്‍ ഇതിന്റെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും പ്രവര്‍ത്തി ടെണ്ടര്‍ ചെയ്ത് ഉടനെ നടപ്പാക്കാനും തീരുമാനിച്ചു. പുതിയ ആശുപത്രി പ്രവര്‍ത്തനം തുടങ്ങാന്‍ ആരോഗ്യ-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് യോഗത്തില്‍ ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ എന്നിവര്‍ അവതരിപ്പിച്ചു.
ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെയും ലിഫ്റ്റിന്റെയും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ചതായി പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജില്ലാ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. ഇത് ലഭിച്ചാലുടനെ ആശുപത്രി കെട്ടിടത്തിന് നമ്പറിട്ടു നല്‍കുന്ന കാര്യം നടപ്പാക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ടീച്ചര്‍, വൈസ് പ്രസിഡന്റ് പി.എല്‍. എബ്രഹാം എന്നിവര്‍ അറിയിച്ചു.
കെട്ടിടനമ്പര്‍ ലഭിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം എന്നിവര്‍ വ്യക്തമാക്കി. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനാവശ്യമായ എട്ടരലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് അടയ്ക്കാനും തീരുമാനിച്ചു.
ഉഴവൂര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ജനോപകാരപ്രദമായി പരമാവധി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉഴവൂര്‍ യൂനിറ്റ് പ്രസിഡന്റ് സൈമണ്‍ ജോസഫ്, സെക്രട്ടറി മണിക്കുട്ടന്‍ എന്നിവര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. ഇതിനാവശ്യമായ എല്ലാവിധ സഹകരണവും വ്യാപാരികള്‍ വാഗ്ദാനം ചെയ്തു.
ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ ഗവ. ആശുപത്രിയെ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാവിധ സഹകരണങ്ങളും ഉറപ്പുവരുത്താനായെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വികസന കാര്യങ്ങള്‍ വിലയിരുത്താനും അവശേഷിക്കുന്നതില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവശ്യമായ തീരുമാനം കൈക്കൊള്ളുന്നതിനും ഒരു മാസത്തിനുശേഷം ജില്ലാതല യോഗം വീണ്ടും ചേരാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."