നോട്ട് പ്രതിസന്ധി; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിശ്ചലം
കൊടുങ്ങല്ലൂര്‍: നോട്ട് പ്രതിസന്ധി നാടെങ്ങും സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലായ ചിലരുണ്ട് നാട്ടില്‍. അവര്‍ വ്യാപാരികളോ സര്‍ക്കാര്‍ ജീവനക്കാരോ പ്രവാസികളോ അല്ല നല്ല മനസുകളുടെ കാരുണ്യത്തില്‍ ജീവിതം പിടിച്ചു നിര്‍ത്തിയിരുന്ന ഒരു പറ്റം ഹതഭാഗ്യരാണവര്‍. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ അറിയാതെ പോയ വേദനയാര്‍ന്ന പുറമാണത്.
അപകടങ്ങളില്‍പെട്ടും ഗുരുതര രോഗങ്ങള്‍ ബാധിച്ചും ചികിത്സയില്‍ കഴിയുന്നവര്‍, സ്വന്തമായി ഒരു കൂരയില്ലാത്തവര്‍, വിവാഹപ്രായം കഴിഞ്ഞ നിര്‍ധനരായ പെണ്‍കുട്ടികള്‍ എന്നിങ്ങനെ സഹജീവികളുടെ സുമനസിനു മുന്നില്‍ പ്രതീക്ഷയോടെ കൈകൂപ്പി നിന്നിരുന്നവര്‍ക്ക് താങ്ങായിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനം പലയിടങ്ങളിലും സ്തംഭനാവസ്ഥയിലാണിപ്പോള്‍.
കൊടുങ്ങല്ലൂരില്‍ സ്ഥിരമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ചേരമാന്‍ ജുമാമസ്ജിദിനു കീഴില്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പള്ളിയിലെ ഭണ്ഡാരത്തിലൂടെയും ഓഫിസ് വഴിയും ലഭിക്കുന്ന സംഭാവനയും വെള്ളിയാഴ്ചകളില്‍ നടത്തുന്ന പ്രത്യേക ബക്കറ്റ് പിരിവുമാണ് ചേരമാന്‍ ജുമാമസ്ജിദിന്റെ സാമ്പത്തിക സ്രോതസ്.
വെള്ളിയാഴ്ചകളിലെ ബക്കറ്റ് പിരിവിലൂടെ നൂറിലധികം നിര്‍ധന യുവതികളുടെ വിവാഹം നടത്തിയിട്ടുള്ള മഹല്ല് കമ്മിറ്റി ഇപ്പോള്‍ ഭവന നിര്‍മാണ പദ്ധതിക്ക് വേണ്ടിയാണ് ഈ തുക മാറ്റിവെക്കുന്നത്. ഇതിന് പുറമെ അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സാ സഹായത്തിനും മറ്റുമായി പുറമെ നിന്നുള്ളവര്‍ക്ക് ധനസഹായം സ്വീകരിക്കാനും ഇവിടെ സൗകര്യമൊരുക്കാറുണ്ട്. അര ലക്ഷം രൂപ വരെ ഇത്തരത്തില്‍ സമാഹരിക്കുക പതിവാണ്.
എന്നാല്‍ നോട്ട് പ്രതിസന്ധി ഉടലെടുത്തതോടെ പള്ളിയിലെ സാമ്പത്തിക സമാഹരണം മൂന്നിലൊന്നിലധികം കുറഞ്ഞതായി ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ ഇ.ബി ഫൈസല്‍ പറയുന്നു. പള്ളി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം തീരും വരെ പുതിയ ജീവകാരുണ്യ പദ്ധതികള്‍ ഏറ്റെടുക്കാനോ ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മഹല്ല് ഭരണസമിതി.
കൊടുങ്ങല്ലൂര്‍ മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള സംഘടനയാണ് ശ്രീനഗര്‍ അഷ്ടപദി തിയേറ്റേഴ്‌സ്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയിട്ടുള്ള അഷ്ടപദി തിയേറ്റേഴ്‌സിന് കീഴില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അഷ്ടപദി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
എന്നാല്‍ നോട്ട് പ്രതിസന്ധി ഉടലെടുത്തതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ട്രസ്റ്റ് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ എം.കെ സഗീര്‍ പറയുന്നു. ജീവിതത്തിനും ജീവനുമിടയില്‍ ഒരു കൈ സഹായത്തിനായി കാത്തു നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് മുന്നില്‍ സാമ്പത്തിക പ്രതിസന്ധി മതില്‍ തീര്‍ക്കുമ്പോള്‍ നിസഹായതയുടെ തുരുത്തില്‍ ഒറ്റപ്പെടുകയാണിവര്‍. ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച വന്‍ തുകകള്‍ പിന്‍വലിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അപരന്റെ കാരുണ്യത്തിനായി കാത്തു നില്‍ക്കുന്നവന്റെ ദുരിതത്തിന് പഴയ കറന്‍സി നോട്ടിന്റെ വില പോലുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."