റേഷന്‍; മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെടാന്‍ തലപ്പിള്ളിയില്‍ 27,000 അപേക്ഷകള്‍
വടക്കാഞ്ചേരി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ കരട് പട്ടികയില്‍ ഉള്‍പ്പെടുന്നതിന് തലപ്പിള്ളി താലൂക്ക് പരിധിയില്‍ മാത്രം ലഭിച്ചത് 27,000 അപേക്ഷകള്‍. ഈ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനും അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ നടത്തുന്നത് ജാഗ്രതാ പൂര്‍ണമായ പ്രവര്‍ത്തനം. അവധി ദിനം പോലും മാറ്റിവച്ച് നടത്തുന്ന പ്രവര്‍ത്തനത്തിന് പരക്കെ പ്രശംസ ലഭിക്കുമ്പോള്‍ അത് ഉദ്യോഗസ്ഥര്‍ക്കുള്ള അര്‍ഹതക്കുള്ള അംഗീകാരമാവുകയാണ്.
വടക്കാഞ്ചേരി നഗരസഭ ഓഫിസില്‍ ഇന്നലെ നടന്ന ഹിയറിങ്ങില്‍ പങ്കെടുക്കാനെത്തിയത് 400ഓളം പേരാണ്. ഇവരുടെയെല്ലാം പരാതി കേട്ട് പരിഹാരം നിര്‍ദേശിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. സപ്ലൈ ഓഫിസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഹായിക്കാനെത്തി. റേഷന്‍ കടയുടമകളും ജനപ്രതിനിധികളും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ജനങ്ങള്‍ക്ക് ക്ഷേമം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുകൊണ്ടുതന്നെ ഒഴിവ് ദിനത്തില്‍ ജോലിക്ക് എത്തേണ്ടി വന്നതില്‍ സന്തോഷമാണുള്ളതെന്നും റേഷനിങ് ഇന്‍സ്‌പെക്ടര്‍ എം.എസ് പോള്‍സണ്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."