നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് 160 മരണം അപകടം പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങില്‍
അബുജ: ദക്ഷിണ നൈജീരിയയില്‍ ബിഷപ്പിന്റെ സ്ഥാനാരോ ഹണ ചടങ്ങിനിടെ ചര്‍ച്ച് തകര്‍ന്ന് 160ലേറെ വിശ്വാസികള്‍ മരിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ നൈജീരിയന്‍ സംസ്ഥാനമായ അക്വാ ഇബോമിന്റെ തലസ്ഥാനം ഉയോവിലാണു സംഭവം.
അപകടത്തില്‍ മരിച്ചവരെ കൊണ്ട് നഗരത്തിലെ ആശുപത്രികളിലെ മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞതായും മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും യൂനിവേഴ്സിറ്റി ഓഫ് ഉയോ ടീച്ചിങ് ആശുപത്രി ഡയരക്ടര്‍ എറ്റേറ്റ് പീറ്റേഴ്സ് അസോഷ്യേറ്റ് പ്രസിനോട് പറഞ്ഞു.
ഉയോവിലെ റീനേഴ്സ് ബൈബിള്‍ ചര്‍ച്ച് ഇന്റര്നാഷനലില് പുതിയ ബിഷപ്പായി അകാന്‍ വീക്സ് അഭിഷിക്തനാകുന്ന ചടങ്ങിലാണു ദാരുണമായ സംഭവമുണ്ടായത്. കെട്ടിടത്തിന്റെ ലോഹമേല്ക്കൂര തകര്‍ന്നാണ് അപകടം. ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുക്കാനെത്തിയ സംസ്ഥാന ഗവര്‍ണര്‍ ഉദോം ഇമ്മാനുവേലും അകാന്‍ വീക്സും അപടത്തില്നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ചടങ്ങിനോടനുബന്ധിച്ചു തിരക്കുപിടിച്ചു പൂര്‍ത്തീകരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രത്യേക സമിതി അന്വേഷണം നടത്തുകയും നിര്‍മാണത്തില്‍ വീഴ്ച വരുത്തുകയോ അഴിമതി നടത്തുകയോ ചെയ്തിട്ടുണ്ടോയെന്നു കണ്ടെത്തുകയും ചെയ്യുമെന്ന് ഗവര്‍ണര്‍ ഇമ്മാനുവേലിന്റെ വക്താവ് പറഞ്ഞു.നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ അപകടത്തില്‍ മരിച്ച നിരവധി പേരെ ബന്ധുക്കള്‍ തങ്ങളുടെ വീടുകളിലെത്തിച്ചിരിക്കുകയാണ്.
ചര്ച്ചിനകത്തേക്കു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിക്കുകയും വാര്‍ത്തകള്‍ ശേഖരിക്കുന്നതും ചിത്രമെടുക്കുന്നതും തടയുകയും ചെയ്തിട്ടുണ്ട്. നേരത്തെ, 2014ലും നൈജീരിയയില്‍ ബഹുനില കെട്ടിടം തകര്‍ന്നു നിരവധി പേര് മരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ലാഗോസിലെ സിനഗോഗ് ചര്‍ച്ച് ഓഫ് ആള് നാഷന്‍സിന്റെ ഗസ്റ്റ് ഹൗസ് തകര്‍ന്നായിരുന്നു അപകടം. 116 പേരാണ് അന്നു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."