കോണ്‍ഗ്രസിലെ ഐക്കാരെ പാട്ടിലാക്കാന്‍ എ ഗ്രൂപ്പ് നീക്കം
കല്‍പ്പറ്റ: കോണ്‍ഗ്രസ് വയനാട് ഘടകത്തില്‍ വിശാല ഐ ഗ്രൂപ്പിന്റെ മുന്‍നിര നേതാക്കളെ പാട്ടിലാക്കാന്‍ എ ഗ്രൂപ്പ് നീക്കം. ഐ ഗ്രൂപ്പിലെ പ്രമുഖരില്‍ കെ.പി.സി.സി സെക്രട്ടറി കെ.കെ എബ്രഹാം, ഡി.സി.സി മുന്‍ പ്രസിഡന്റ് പ്രഫ. കെ.പി തോമസ് തുടങ്ങിയവരെ വലയിലാക്കാനാണ് എ ഗ്രൂപ്പ് ശ്രമം. ഈയിടെ ജില്ലയിലുണ്ടായിരുന്ന എ വിഭാഗം നേതാവ് ഉമ്മന്‍ചാണ്ടി കാക്കവയലില്‍ ഗ്രൂപ്പ് ജില്ലാ നേതാവിന്റെ വസതിയില്‍ എബ്രഹാമും പ്രൊ. തോമസുമായി ചര്‍ച്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ അര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇരുവരും ഗ്രൂപ്പ് മാറ്റത്തിനുള്ള സന്നദ്ധത അറിയിച്ചതായാണ് വിവരം.
വിശാല ഐ ഗ്രൂപ്പ് സംസ്ഥാന നേതൃത്വം നിര്‍ണായക ഘട്ടങ്ങളില്‍ സഹായത്തിനെത്തിയില്ലെന്ന പരിഭവം എ ഗ്രൂപ്പിലേക്ക് മാറാന്‍ തയാറെടുക്കുന്ന ഏബ്രഹാമിലും പ്രൊ. തോമസിലും ശക്തമാണെന്നാണ് അണികള്‍ക്കിടയിലെ അടക്കംപറച്ചില്‍. ബത്തേരി അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാനാണ് പ്രൊഫ. തോമസ്. ബാങ്കില്‍ വഴിവിട്ട് നിയമനങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതടക്കം പരാതികള്‍ പരിശോധിച്ച കെ.പി.സി.സി നിര്‍ദേശിച്ചതനുസരിച്ചാണ് പ്രൊ. തോമസിനു ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടിവന്നത്. ആരോപണങ്ങള്‍ക്ക് വിധേയനായ പ്രൊ. തോമസിനുവേണ്ടി വാദിക്കാനും സംരക്ഷണകവചം തീര്‍ക്കാനും ഗ്രൂപ്പ് നേതാക്കള്‍ തയാറായില്ല.
ഇതിലുള്ള ഖിന്നതയാണ് ഐ ഗ്രൂപ്പുമായുള്ള സഹവാസം മതിയാക്കാമെന്നതിലേക്ക് തോമസിനെ എത്തിച്ചതെന്നാണ് സൂചന.
യുത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായിരുന്നു കെ.കെ ഏബ്രഹാം. കപ്പിനും ചുണ്ടിനും ഇടയില്‍ നിരവധി സ്ഥാനമാനങ്ങള്‍ നഷ്ടമായ ഇദ്ദേഹം ഡി.സി.സി പ്രസിഡന്റ് പദവിയില്‍ കണ്ണിട്ടിരുന്നു. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ ഐ ഗ്രപ്പ് സംസ്ഥാന നേതൃത്വം ഏബ്രഹാമിനെ കയ്യൊഴിഞ്ഞു. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനു ഏബ്രഹാമിന്റെ പേരുപോലും ഗ്രൂപ്പ് നേതാക്കള്‍ കെ.പി.സി.സിക്കും എ.ഐ.സി.സിക്കും നല്‍കിയില്ല.
ഇതിനെതിരെ ഏബ്രഹാം പരോക്ഷമായി ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയും ചെയ്തു. നിരന്തരം തഴയുന്നതിലുള്ള ഖിന്നതയാണ് ഏബ്രഹാമിനെ ഐ ഗ്രൂപ്പ് സംസ്ഥാന നേതൃത്വവുമായി മാനസികമായി അകറ്റിയത്. ജില്ലയില്‍ ്ര്രപവര്‍ത്തനം ശക്തമാക്കാനുള്ള നീക്കങ്ങള്‍ ഫലം ചെയ്തുതുടങ്ങിയതായാണ് എ ഗ്രുപ്പ് നേതാക്കളുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."